Skip to main content

സുലൈമാന്‍ നബി(അ)

ഒരിക്കല്‍ ദാവൂദ് നബി(അ)യുടെ മുമ്പില്‍ ഒരു പരാതി എത്തി. ഒരാളുടെ ആട്ടിന്‍കൂട്ടം മറ്റൊരാളുടെ മുന്തിരിത്തോട്ടത്തില്‍ കടന്ന് നാശനഷ്ടം വരുത്തി. തോട്ടം ഉടമയാണ് പരാതിയുമായെത്തിയത്. ''ആടുകളെ താങ്കളെടുത്തോളൂ''  ദാവൂദ്(അ) കേസില്‍ വിധിപറഞ്ഞു.

എന്നാല്‍ വിധികേട്ട ദാവൂദിന്റെ മകന്‍ സുലൈമാന്‍ ഇടപെട്ടു: ''പിതാവേ, ഞാന്‍ ഒരു പരിഹാരം പറയട്ടെയോ?''. ''പറയൂ, കേള്‍ക്കട്ടെ''  പിതാവ് പ്രോത്സാഹിപ്പിച്ചു.

''നശിപ്പിക്കപ്പെട്ട മുന്തിരിത്തോട്ടം പൂര്‍വാവസ്ഥയിലെത്തുംവരെ ആടിന്റെ ഉടമ കൈവശം വെക്കട്ടെ. അതുവരെ ആടുകളെ തോട്ടം ഉടമ നോക്കുകയും അവയില്‍ നിന്നുള്ള വരുമാനം അയാളെടുക്കുയും ചെയ്യട്ടെ''.

അവന്റെ വിധി പ്രസ്താവം കേട്ട് ദാവൂദ്(അ) വിസ്മയിച്ചു. അദ്ദേഹം അത് നടപ്പാക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു. ഈ സംഭവം അനുസ്മരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു. ''അപ്പോള്‍ തീരുമാനം നാം സുലൈമാനെ ഗ്രഹിപ്പിച്ചു. ന്യായബോധവും വിജ്ഞാനവും ഇരുവര്‍ക്കും (ദാവൂദിനും സുലൈമാനും) നാം നല്‍കുകയും ചെയ്തു'' (21:79).

ബനൂ ഇസ്‌റാഈലില്‍ രാജപദവിക്കൊപ്പം പ്രവാചകത്വവും നിരവധി ദിവ്യദൃഷ്ടാന്തങ്ങളും ലഭിച്ച മറ്റൊരു ദൂതനായിരുന്നു ദാവൂദിന്റെ മകന്‍ സുലൈമാന്‍ നബി(അ). കിങ് സോളമന്‍ എന്ന് ജൂതര്‍ ഇദ്ദേഹത്തെ വിളിക്കുന്നു.

വിശുദ്ധ ഖുര്‍ആനില്‍ സുലൈമാനെ(അ) ക്കുറിച്ച് നിരവധി ഇടങ്ങളില്‍ വിശദീകരിക്കുന്നുണ്ട്.

സുലൈമാനും(അ) ജീവജാലങ്ങളും

തന്റെ ദൂതന് അല്ലാഹു നല്‍കിയ ദൃഷ്ടാന്തങ്ങളിലൊന്നായിരുന്നു പക്ഷി മൃഗാദികളുടെ സംസാരം ഗ്രഹിക്കാനുള്ള കഴിവ്. അതോടൊപ്പം മല്ലന്മാരായ ജിന്നുകളെയും കാറ്റിനെയും കീഴ്‌പ്പെടുത്തി കൊടുത്തു. അദ്ദേഹത്തിന്റെ സൈന്യത്തിലും ഇവയെല്ലാമുണ്ടായിരുന്നു.

ഒരിക്കല്‍ സുലൈമാന്‍(അ)ന്റെ വഴികാട്ടിയായ ഹുദ്ഹുദ് പക്ഷി അദ്ദേഹത്തിന് ഒരു വിവരം നല്‍കി, യമനിലെ സബഇല്‍ ഒരു രാജ്ഞി നാടുഭരിക്കുന്നുണ്ട്, അവരുടെ ജനത സൂര്യനെയാണ് ആരാധിക്കുന്നത് എന്നായിരുന്നു വിവരം.

ഇതറിഞ്ഞ് സുലൈമാന്‍(അ) അസ്വസ്ഥനായി, തന്റെ നാട്ടില്‍ സൂര്യാരാധകരോ? വൈകാതെ അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ട് ഹുദ്ഹുദ് വശം സന്ദേശമയച്ചു.

സുലൈമാന്‍ രാജാവാണോ അതോ ദൈവദൂതനാണോ എന്ന് പരീക്ഷിക്കാന്‍ സമ്മാനം കൊടുത്തയച്ചു രാജ്ഞി. അത് മടക്കിയപ്പോള്‍ അവര്‍ക്ക് ബോധ്യപ്പെട്ടു സുലൈമാന്‍(അ) പ്രവാചകനാണെന്ന്. വൈകാതെ അവര്‍ സുലൈമാന്‍(അ)ന്റെ അടുക്കലെത്തുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
രാജ്ഞിയെത്തും മുമ്പുതന്നെ സബഇലെ സിംഹാസനം തന്റെ അടുക്കലെത്തിക്കാന്‍ സുലൈമാന്‍(അ) ആഗ്രഹിച്ചു. ശക്തരായ മല്ലന്‍മാരുടെ കാവലിലായിരുന്ന സിംഹാസനം ദ്രുതവേഗത്തില്‍ തന്റെ സന്നിധിയിലെത്തിച്ചത്. ദൈവിക ദൃഷ്ടാന്തമായിരുന്നു.

രാജ്ഞിക്കായി ഒരു തിളങ്ങുന്ന സ്ഫടികമണ്ഡപവും അദ്ദേഹം പണികഴിപ്പിച്ചു. ഇത് കേവലം സാങ്കല്‍പിക കഥയല്ല. അല്ലാഹു തന്റെ ദാസനിലൂടെ നടപ്പാക്കിയ ദൃഷ്ടാന്തമാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട് (27:20-44).

ഉറുമ്പിന്റെ സംസാരം മനസ്സിലാക്കാന്‍ സുലൈമാന് കഴിവുണ്ടായിരുന്നുവെന്നും ഖുര്‍ആന്‍ പറയുന്നു. ഒരിക്കല്‍ തന്റെ സൈന്യവുമായി നീങ്ങവെ സുലൈമാന്‍ നബി ഉറുമ്പുകളുടെ സഞ്ചാരവഴിയായ ഒരു താഴ്‌വരയിലെത്തി. സൈന്യത്തെ കണ്ട് ഭയന്ന ഉറുമ്പുകളുടെ നേതാവ് പറഞ്ഞു:''സുലൈമാന്റെ സൈന്യം ചതച്ചരക്കും മുമ്പ് ഉറുമ്പുകളേ, നിങ്ങള്‍ മാളങ്ങളില്‍ പ്രവേശിക്കൂ''.

സംസാരം തിരിച്ചറിഞ്ഞ ആ ദൈവദാസന്‍ നന്ദിയോടെ പറഞ്ഞു:''എന്റെ നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കാനും നീ തൃപ്തിപ്പെടുന്ന സത്കര്‍മം ചെയ്യാനും എന്നെ നീ തുണക്കണേ''(27:17-19).

കാറ്റിനെ കീഴ്‌പ്പെടുത്താനും ലോഹങ്ങളെ അധീനപ്പെടുത്താനും അല്ലാഹുവിന്റെ അനുമതിയോടെ ഈ ദൂതന് കഴിഞ്ഞിരുന്നു. അദ്ദേഹം ഇച്ഛിക്കുന്നിടത്തേക്ക് കാറ്റിനെ വഴി തിരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സൂറ.സ്വാദി(30 - 40)ല്‍ അല്ലാഹു വിശദീകരിക്കുന്നുണ്ട്.

എല്ലാ കഴിവുകളും നല്‍കപ്പെട്ടിട്ടും (നംല് 16) തന്റെ നാഥന് നന്ദിയര്‍പ്പിച്ചും പ്രാര്‍ഥനകളുമായും സദാ കഴിഞ്ഞുകൂടി ഈ ദൈവദൂതന്‍. എന്നാല്‍ ആഭിചാരം പ്രവര്‍ത്തിക്കുക വഴി സുലൈമാന്‍(അ) ദൈവനിഷേധിയായെന്ന് ഒരു വിഭാഗം പ്രചരിപ്പിച്ചു. അടിസ്ഥാനരഹിതമായ ഈ വാദത്തെ ഖുര്‍ആന്‍ തള്ളിക്കളയുകയാണ് ചെയ്തത്; ''സുലൈമാന്‍ ഒരിക്കലും സത്യനിഷേധം പ്രവര്‍ത്തിച്ചിട്ടില്ല. ജനങ്ങളെ ആഭിചാരം പഠിപ്പിച്ച ചെകുത്താന്‍മാരാണ് സത്യനിഷേധം പ്രവര്‍ത്തിച്ചത്.''

സുലൈമാന്‍(അ)ന്റെ മരണം

''അദ്ദേഹത്തിന് നാം മരണം വിധിച്ചു. ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്) വിവരം നല്‍കിയത്. ചിതല്‍ അദ്ദേഹത്തിന്റെ വടി തിന്നുകൊണ്ടിരുന്നു''(സബഅ് 14).
സുലൈമാന്‍ പിശാചുക്കളെക്കൊണ്ട് സ്ഫടിക മാളിക നിര്‍മ്മിക്കുകയായിരുന്നു. സുലൈമാന്‍(അ) സദാ അവരെ നിരീക്ഷിച്ചുകൊണ്ട് അവിടെയുണ്ടായിരുന്നു. വടിയില്‍ ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നില്പ്. ഇതിനിടെ മരണത്തിന്റെ മാലാഖ അദ്ദേഹത്തിന്റെ ആത്മാവിനെ പിടികൂടി. ഇതുപക്ഷേ ജിന്നുകളില്‍ പെട്ട പിശാചുക്കള്‍ അറിഞ്ഞില്ല. ഒടുവില്‍ ഊന്നുവടി ചിതലുകള്‍ തിന്ന് നശിപ്പിച്ചപ്പോള്‍ മൃതദേഹം മറിഞ്ഞുവീണു. അപ്പോഴാണ് പിശാചുക്കള്‍ അദ്ദേഹം മരിച്ചതായി അറിയുന്നത്.

സുലൈമാന്‍ നബി(അ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറെ വിശദീകരണം വിശുദ്ധ ഖുര്‍ആനിലില്ല.
 

Feedback