Skip to main content

യൂനുസ് നബി(അ)

ദുരിതങ്ങളുടെ വന്യതയില്‍, മരണം വാ പിളര്‍ന്നു നില്‍ക്കുന്ന കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്രാര്‍ഥനയുടെ ബലത്തില്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്നവന്‍ യൂനുസ്. നീനവക്കാരന്‍ മത്തായുടെ മകന്‍ യൂനുസ്. സാക്ഷാല്‍ ദൈവദൂതനായ യൂനുസ് നബി(അ).

ഇരുട്ട് ഒന്നല്ല, മൂന്ന്. കട്ടപിടിച്ച രാവിന്റെ ഇരുട്ട്. സമുദ്രാടിത്തട്ടിലെ ഭീകരത മുറ്റിനില്‍ക്കുന്ന ഇരുട്ട്. തിമിംഗലത്തിന്റെ വയറ്റിലെ കൂരാകൂരിരുട്ട്. അതിലാണ് യൂനുസ് അകപ്പെട്ടത്. മോചനം സ്വപ്നത്തിനപ്പുറത്താണെന്ന് ബോധ്യപ്പെട്ട ദൂതന്‍ തന്റെ നിസ്സഹായതയും അവിവേകവും നാഥനു മുന്നില്‍ ഹൃദയമറിഞ്ഞുകൊണ്ട് നിരത്തി: ''ദൈവമേ, നീയല്ലാതെ ആരാധ്യനില്ല. നീ എത്ര പരിശുദ്ധന്‍, ഞാന്‍ അക്രമികളില്‍പെട്ടുപോയിരിക്കുന്നു''(അമ്പിയാഅ് 87).

ദൈവബോധനപ്രകാരം തന്റെ ദൂതനെ വിഴുങ്ങിയ തിമിംഗലം ദൈവ കല്‍പന പ്രകാരം തന്നെ കരയണഞ്ഞു. യൂനുസി(അ)നെ സുരക്ഷിതമായി പുറന്തള്ളി. രോഗവും ക്ഷീണവും കാരണം സാഗരതീരത്തു തന്നെ കിടന്ന അദ്ദേഹത്തിന് ഫലവൃക്ഷം മുളപ്പിച്ച് പോഷകാഹാരവും നല്‍കി അല്ലാഹു. ആരോഗ്യം തിരിച്ചുകിട്ടിയ അദ്ദേഹം നീനവക്കാരിലേക്ക് തിരിച്ചു നടന്നു.

ഇതു കേവലം കെട്ടു കഥയല്ല, ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയ തന്റെ ദൂതനെ പരീക്ഷണം കൊണ്ട് പാഠം പഠിപ്പിച്ച് ലോകത്തിനു മുന്നില്‍ എടുത്തുകാണിച്ച സംഭവ കഥയാണ്. ഖുര്‍ആന്‍ വരച്ചിട്ട കഥ.

മൗസിലിലെ നീനവ ദേശത്തേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു യൂനുസ് ഇബ്‌നു മത്താ. വിഗ്രഹാരാധനയിലും ദുര്‍വൃത്തികളിലും ആമഗ്നരായിരുന്ന ജനതയെ അദ്ദേഹം ദൈവ മാര്‍ഗത്തിലേക്ക് ക്ഷണിച്ചു. ഇതര പ്രബോധിത സമൂഹങ്ങളെപ്പോലെ നീനവക്കാരും ധിക്കാരത്തില്‍ മൂടുറച്ചു. ഒടുവില്‍ മൂന്നുദിനങ്ങള്‍ക്കകം ദൈവശിക്ഷ നിങ്ങളിലിറങ്ങും എന്ന് മുന്നറിയിപ്പു നല്‍കി യൂനുസ്(അ) സ്ഥലം വിട്ടു. അക്ഷമനായാണ് അദ്ദേഹം പിന്തിരിഞ്ഞത്. രാജ്യം വിടുകയെന്ന ഉദ്ദേശ്യത്തോടെ നേരെ കടല്‍ത്തീരത്തേക്കാണ് പോയത്, നാടുവിടാന്‍. പക്ഷെ, ദൈവ കല്പനയുണ്ടായില്ല.
''മീന്‍കാരന്റെ വൃത്താന്തം സ്മരിക്കുക. കോപാകുലനായി അദ്ദേഹം പോയി. നാം അദ്ദേഹത്തെ വിഷമിപ്പിക്കില്ലെന്നായിരുന്നു അദ്ദേഹം കരുതിയത്''(അമ്പിയാഅ് 87).

കടല്‍ക്കരയിലെത്തിയ യൂനുസ്(അ) കാണുന്നത് നിറഞ്ഞ കപ്പലാണ്, യൂനുസിന്റെ കഥകേട്ടപ്പോള്‍ അവരുടെ മനമലിഞ്ഞു.

കപ്പല്‍ നീങ്ങി. സാഗര മധ്യത്തില്‍ അവരെ വരവേറ്റത് കാറ്റും കോളുമായിരുന്നു. ഭാരമേറിയ യാനം ആടിയുലഞ്ഞു. ഭാരം കുറക്കണം, ആരെ കടലില്‍ തള്ളും? പാവം യൂനുസിനെ തള്ളാന്‍ അവര്‍ക്ക് മനസ്സുവന്നില്ല. ഒടുവില്‍ നറുക്കെടുപ്പിലൂടെ തള്ളേണ്ടവനെ കണ്ടെത്തി. യൂനുസി(അ)നെത്തന്നെ. ദൈവഹിതമല്ലാതെന്ത്?.

യൂനുസ് കടലില്‍ ചാടി. നിമിഷാര്‍ധംകൊണ്ട് തിമിംഗലം ദൈവദൂതനെ വിഴുങ്ങുകയായിരുന്നു. അതും ദൈവഹിതം തന്നെ.

യൂനുസ്(അ) പിന്‍വാങ്ങിയതിനു പിന്നാലെ, അദ്ദേഹത്തിന്റെ മൂന്നറിയിപ്പായ ശിക്ഷയുടെ ലാഞ്ഛന നീനവക്കാര്‍ കണ്ടുതുടങ്ങി. അവര്‍ വ്യാകുലപ്പെട്ടു. പ്രവാചകന്‍ പ്രബോധനം ചെയ്തത് സത്യമാണെന്ന് അവര്‍ തിരിച്ചറിയുകയും ചെയ്തു.

ജനത ഒന്നടങ്കം കരഞ്ഞും വിലപിച്ചും നാടാകെ ഓടി നടന്നു. നാല്‍ക്കാലികള്‍ പോലും ആര്‍ത്തനാദമുയര്‍ത്തി. തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ അല്ലാഹു ശിക്ഷ പിന്‍വലിച്ചു. ''വിശ്വാസം സ്വീകരിക്കുകയും ആ വിശ്വാസം ഉപകാരപ്പടുകയും ചെയ്ത ഒരു ജനത യൂനുസിന്റേതല്ലാതെ മറ്റൊന്നില്ല. അവര്‍ വിശ്വസിച്ചപ്പോള്‍ ഐഹികജീവിതത്തിലെ അപമാനകരമായ ശിക്ഷയില്‍ നിന്ന് അവരെ നാം തട്ടിമാറ്റി. നിശ്ചിതകാലം വരെ ഭൗതിക വിഭവങ്ങള്‍ അവര്‍ക്ക് നാം നല്‍കുകയും ചെയ്തു''(യൂനുസ് 98).
മത്സ്യവയറ്റില്‍ നിന്ന് രക്ഷപ്പെട്ട് ആരോഗ്യം വീണ്ടെടുത്ത യൂനുസ്(അ) വീണ്ടും ജനതയില്‍ തിരിച്ചെത്തി. അപ്പോഴാണ് അദ്ദേഹം അവര്‍ സത്യവിശ്വാസം സ്വീകരിച്ചതറിയുന്നത്. ആ സമൂഹം യൂനുസിനെ അംഗീകരിക്കുകയും ചെയ്തു.

ഗുണപാഠദായകമായ യൂനുസി(അ)ന്റെ കഥ സൂറ, സ്വാഫാത്ത്(139-148), ഖലം(48-50) എന്നിവയിലും പരാമര്‍ശിക്കുന്നണ്ട്.
 

Feedback