Skip to main content

ആദം(അ)

തിരുനബിയുടെ കൈപിടിച്ചുകൊണ്ട് ജിബ്‌രീല്‍ മാലാഖ ഒന്നാം ആകാശത്തേക്കു കടന്നു. ''ഉത്തമനായ ദൂതനും ഉത്കൃഷ്ട പുത്രനും സ്വാഗതം'' അവരെ സ്വീകരിച്ചുകൊണ്ട് പറയപ്പെട്ടു. തിരുനബി ചോദിച്ചു: ആരാണ് ഇദ്ദേഹം. ''ഇതാണ് ആദം''.  ജിബ്‌രീല്‍ മറുപടി പറഞ്ഞു. ആദമിന്റെ ഇടത്തും വലത്തുമായി കാണുന്നത് അദ്ദേഹത്തിന്റെ സന്താനങ്ങളുടെ ആത്മാവുകളാണ്. വലതുഭാഗത്തുള്ളവര്‍ സ്വര്‍ഗവാസികളും ഇടതുഭാഗത്തുള്ളവര്‍ നരകവാസികളും. വലതുഭാഗത്തേക്കു നോക്കുമ്പോള്‍ അദ്ദേഹം ചിരിക്കുന്നു, ഇടത്തേക്കു നോക്കുമ്പോള്‍ കരയുകയും ചെയ്യുന്നു. മാലാഖ തുടര്‍ന്നു (ബുഖാരി 221).

ജിബ്‌രീല്‍(അ)നോടൊപ്പം നടത്തിയ വാനയാത്രയില്‍ ഒന്നാം കവാടത്തില്‍ തിരുനബിയെ സ്വീകരിച്ച ആദം മാനവകുലത്തിന്റെ ആദ്യപിതാവ്; അല്ലാഹു ഭൂമിയിലേക്ക് നിയോഗിച്ച ആദ്യ നബിയും. ആദമിന്റെ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട സംഭവം വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളിലായി പരാമര്‍ശിക്കുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം:

അല്ലാഹുവിനെ വണങ്ങിയും വാഴ്ത്തിയും സ്തുതിച്ചും കഴിഞ്ഞിരുന്ന മലക്കുകളെ വിളിച്ചു കൂട്ടി ഒരിക്കല്‍ അല്ലാഹു അറിയിച്ചു: ''ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിശ്ചയിക്കുകയാണ്.'' അപ്പോള്‍ മാലാഖമാര്‍ക്ക് സന്ദേഹമായി: ''നിന്റെ പരിശുദ്ധിയെ വാഴ്ത്താനും മഹത്വത്തെ പ്രകീര്‍ത്തിക്കാനും നാഥാ ഞങ്ങളില്ലേ. പിന്നെന്തിന് മണ്ണിനെ രക്തപങ്കിലമാക്കി, കുഴപ്പം വിതക്കാന്‍ മറ്റൊരു സൃഷ്ടി?''. അല്ലാഹു മാലാഖമാരുടെ ധാരണയെ തിരുത്തി: ''നിങ്ങള്‍ അറിയാത്തത് ഞാന്‍ അറിയുന്നു''(2:30).

ദിവ്യവിളമ്പരം യാഥാര്‍ഥ്യമായി, ആദം സൃഷ്ടിക്കപ്പെട്ടു. ഭൂമിയില്‍ താന്‍ നിയോഗിച്ച ഖലീഫക്ക് സകല നാമങ്ങളും അല്ലാഹു പഠിപ്പിച്ചു. പുതിയ സൃഷ്ടിയുടെ മഹത്വം സര്‍വരാലും അംഗീകരിക്കപ്പെടണം. അതിനാല്‍ മാലാഖമാരോടായി അല്ലാഹു കല്പ്പിച്ചു; ''നിങ്ങള്‍ ആദമിന് പ്രണാമമര്‍പ്പിക്കുക''. ദിവ്യകല്പനകള്‍ ധിക്കരിക്കാത്ത മാലാഖമാര്‍ ആദമിനു മുമ്പില്‍ സാഷ്ടാംഗം നമിച്ചു. എന്നാല്‍ ഇബ്‌ലീസ് ദിവ്യകല്‍പന ധിക്കരിക്കുകയാണ് ചെയ്തത്.
 
''കേവലം ചിലമ്പിക്കുന്ന കളിമണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ട ആദമിന് മുന്നില്‍ നമിക്കാന്‍ അഗ്നിയാല്‍ സൃഷ്ടിക്കപ്പെട്ട എനിക്കാവില്ല''. വിസമ്മതത്തിന് ഇബ്‌ലീസിന്റെ ഈ ന്യായം പക്ഷേ അല്ലാഹുവിന് സ്വീകാര്യമായിരുന്നില്ല. താന്‍ ആദരിച്ച, മാലാഖമാര്‍ വണക്കമര്‍പ്പിച്ച, ഉത്കൃഷ്ട സൃഷ്ടിയായ ആദമിനു മുന്നില്‍ വണങ്ങാന്‍ കഴിയില്ലെങ്കില്‍ നീ നിന്ദ്യനാണ്, നിനക്ക് ഇനി ഇവിടെ ഇടമില്ല പുറത്തുപോകൂ'' അല്ലാഹു പ്രഖ്യാപിച്ചു (7:12,13).

ആദമിന് ഹവ്വാഅ് എന്ന ഇണയെ സമ്മാനിച്ച് അല്ലാഹു അവരെ സര്‍വൈശ്വര്യങ്ങളുടെയും വിളനിലമായ സ്വര്‍ഗാരാമത്തില്‍ താമസപ്പിച്ചു. എവിടെയും പോകാം, എന്തും ഭക്ഷിക്കാം, അനുഭവിക്കാം. എന്നാല്‍ ഒരു മരം, അതിനെ മാത്രം സമീപിക്കരുത് എന്ന മുന്നറിയിപ്പും നല്‍കി.

അല്ലാഹുവിന്റെ അനുമതി അനുഭവിച്ചും മുന്നറിയിപ്പ് സൂക്ഷിച്ചും സന്തോഷപൂര്‍വം അവര്‍ സ്വര്‍ഗീയ ജീവിതം നയിക്കവെ, അവരുടെ ശത്രുവായ പിശാച് ഗുണകാംക്ഷിയായി ചമഞ്ഞ് അവരോട് അനുനയത്തിന് വന്നു. എന്നാല്‍ അവര്‍ക്കറിയില്ലായിരുന്നു പിശാചിന്റെ ലക്ഷ്യം എന്താണെന്ന്.

''സ്വര്‍ഗവും അതിലെ സുഖാനന്ദങ്ങളും നിങ്ങള്‍ക്കുള്ളതാണ്. എന്നാല്‍ അല്ലാഹു വിലക്കിയ ഈ മരത്തിലെ കായ തിന്നാല്‍ മാത്രമേ നിങ്ങള്‍ക്കിവിടെ ശാശ്വത വാസം സാധ്യമാകൂ. അറിയുക, ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷിയാണ്. "പിശാച് ആദമിനെയും ഹവ്വാഇനെയും സമര്‍ഥമായി കെണിയില്‍ വിഴ്ത്തുകയായിരുന്നു. വിലക്കപ്പെട്ട പഴം തിന്നതോടെ തങ്ങളകപ്പെട്ട ചതിക്കുഴി അവര്‍ തിരിച്ചറിഞ്ഞു. ആദമിനും ഹവ്വാഇനും അവരുടെ നഗ്നത ബോധ്യപ്പെട്ടു, അവര്‍ നഗ്നത മറയ്ക്കാന്‍ നോക്കി. ദൈവകല്പ്പന ധിക്കരിച്ചതിന്റ പാപഭാരവും അവരെ അലട്ടി.
 
''പിശാച് നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും ആ മരത്തിലെ കായ്കള്‍ ഭക്ഷിക്കരുതെന്നും ഞാന്‍ നിങ്ങളെ ഉണര്‍ത്തിയിരുന്നില്ലേ'' (7 : 22). അല്ലാഹു അവരെ അവരുടെ അപരാധം ബോധ്യപ്പെടുത്തി. തെറ്റ് ബോധ്യപ്പെട്ട അവരിരുവരും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങി, അത് അല്ലാഹു സ്വീകരിച്ചു. പിന്നാലെ അവരെ സ്വര്‍ഗീയ ജീവിതത്തില്‍ നിന്ന് ഭൂമിലേക്ക് പറിച്ചു നടുകയും ചെയതു. യഥാര്‍ഥത്തില്‍ സ്വര്‍ഗജീവിതം ഒരു നിമിത്തം മാത്രമായിരുന്നു. ഭൂമിയിലേക്കുവേണ്ടിയാണല്ലോ അല്ലാഹു ആദമിനെ സൃഷ്ടിച്ചതു തന്നെ. മനുഷ്യന്റ മഹത്വത്തെ ധിക്കരിച്ച് അവന്റെ ആജന്മ ശത്രുവായ പിശാചിന്റെ നിലപാട് മനുഷ്യനെ ബോധ്യപ്പെടുത്തുകയെന്നതാവാം അവരുടെ ഒന്നിച്ചുള്ള സ്വര്‍ഗീയ ജീവിതത്തിലൂടെ അല്ലാഹു ഉദ്ദേശിച്ചത്. അത് ബോധ്യപ്പെട്ടതോടെ തന്റെ പ്രവര്‍ത്തന ഭൂമികയായ മണ്ണിലേക്ക് മനുഷ്യനെ അവന്‍ മാറ്റുകയും ചെയതു. ഭൂമിവാസം തുടങ്ങിയ ആദമിനും ഹവ്വാക്കും മക്കളുണ്ടായി.

ആദം പുത്രന്‍മാരില്‍ രണ്ടുപേര്‍ ഒരു വഴിപാട് ബലിനടത്തിയ സംഭവം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ബൈബിള്‍ കഥകളില്‍ ഇവരുടെ പേര് ഹാബീല്‍, ഖാബീല്‍ എന്നിങ്ങനെ രേഖപ്പെടുത്തി കാണുന്നു.

നല്ലവനായ ഹാബീലിന്റെ വഴിപാടാണ് ദൈവം സ്വീകരിച്ചത്. കോപിഷ്ടനായ ഖാബീല്‍ അക്രമാസക്തനായി. ''നിന്നെ ഞാന്‍ കൊന്നുകളയും''ഖാബീല്‍ കൊലവിളി നടത്തി. എന്നാല്‍ സമാധാന പ്രിയനായ ഹാബീല്‍ അനുനയ ഭാഷയില്‍ പ്രതികരിച്ചു: ''ഭക്തരില്‍ നിന്ന് മാത്രമേ അല്ലാഹു എന്തും സ്വീകരിക്കുകയുള്ളൂ നീ എനിക്കുനേരെ കൊലവിളി നടത്തിയാലും തിരിച്ചടിക്കാന്‍ ഞാനൊരുക്കമല്ല തന്നെ''.

എന്നാല്‍ ദൈവഭയം തീണ്ടാത്ത ഖാബീല്‍ സ്വസഹോദരന്‍ ഹാബീലിന്റെ കഥ കഴിച്ചു, ഭൂമിയിലെ ആദ്യത്തെ മനുഷ്യവധം. ജീവനില്ലാത്ത കൂടപ്പിറപ്പിന്റെ ജഡം നോക്കിനിന്ന ഖാബീല്‍ വിയര്‍ക്കാന്‍ തുടങ്ങി. 'ജഡം ഇനിയെന്ത് ചെയ്യും?' മണ്ണില്‍ കുഴിതോണ്ടുന്ന കാക്കയിലൂടെ അല്ലാഹു ഖാബീലിന്റെ ദൗര്‍ബല്ല്യം ബോധ്യപ്പെടുത്തി, അയാള്‍ പരിതപിച്ചു: ''ഹൊ! എന്തൊരു കഷ്ടം, ഈ കറുത്ത കാക്കയെപ്പോലെയാവാനും സഹോദരന്റെ ജഡം മറവുചെയ്യാന്‍ പോലും ഞാന്‍ ശക്തിയില്ലാത്തവനായല്ലോ'' (സൂറ.മാഇദ 27-31).

ആദം(അ) പിന്നീടും വര്‍ഷങ്ങളോളം ജീവിച്ചതായി കാണുന്നു. നിരവധി സന്താന പരമ്പരകളെ അദ്ദേഹം കാണുകയും ചെയ്തു. 130ആം വയസ്സിലും ആദമിന് മക്കള്‍ പിറന്നതായും അതിനു ശേഷവും നൂറ്റാണ്ടുകളോളം അദ്ദേഹം ജീവിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

Feedback