Skip to main content

മയ്യിത്ത് കുളിപ്പിക്കലും വുളുവും

മയ്യിത്ത് കുളിപ്പിക്കുന്നതിന്നു മുമ്പാണോ വുദു എടുപ്പിക്കേണ്ടത്?

മറുപടി: ഉമ്മുഅത്വിയ്യ(റ) പറയുന്നു. നബി(സ്വ)യുടെ പുത്രി നിര്യാതയായപ്പോള്‍ ഞങ്ങള്‍ അവരെ കുളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ നബി(സ്വ) കടന്നുവന്ന് പറഞ്ഞു. നിങ്ങള്‍ അവളുടെ വുദുവിന്റെ സ്ഥലങ്ങളും വലതുഭാഗങ്ങളും കൊണ്ട് ആരംഭിക്കുവിന്‍ (ബുഖാരി, മുസ്‌ലിം). മയ്യിത്തിനെ വുളു എടുപ്പിക്കുന്നതിന്ന് അടിസ്ഥാനമായി ഉദ്ധരിക്കുന്ന ഹദീസ് ഇതാണ്. നബി(സ്വ) ഇവിടെ പ്രത്യേകം വുദു എടുക്കുവാന്‍ കല്പിക്കുന്നില്ല. കുളിപ്പിക്കല്‍ ആരംഭിക്കേണ്ടത് ഈ അവയവങ്ങള്‍ ആദ്യമായി കഴുകിക്കൊണ്ടായിരിക്കണം. ഹനഫി മദ്ഹബ് പ്രത്യേകം വുദു എടുക്കുന്നത് സുന്നത്തില്ലെന്ന് പറയുന്നു. അതായത് കുളിയുടെ മുമ്പും അതിനു ശേഷവും വുദു എടുക്കല്‍ സുന്നത്തില്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഇതു തന്നെയാണ് ഹമ്പലീ മദ്ഹബിന്റെ അഭിപ്രായവും. എന്നാല്‍ ശാഫിഈ മദ്ഹബും മാലിക്കീ മദ്ഹബും ഭൂരിപക്ഷം പണ്ഡിതന്‍മാരും വുദു തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് അഭിപ്രായപ്പെടുന്നു. ഈ അഭിപ്രായമാണ് സൂക്ഷ്മത. വുദുവിന്റെ അവയവങ്ങള്‍ ആദ്യമായി കഴുകള്‍ തന്നെയാണല്ലോ വുദു എടുക്കലും. ചുരുക്കത്തില്‍ കുളിപ്പിക്കുന്നതിന്റെ മുമ്പാണ് വുളു എടുപ്പിക്കല്‍ സുന്നത്താവുന്നത്. കുളിക്ക് ശേഷം വുദു എടുക്കല്‍ സുന്നത്തില്ല. ഇമാം നവവി(റ) എഴുതുന്നു. ഉമ്മു അത്വിയ്യയുടെ ഹദീസില്‍ മയ്യിത്തിന് വുളു എടുത്തു കൊടുക്കല്‍ സുന്നത്താണെന്നുണ്ട്. ഇതാണ് നമ്മുടെ (ശാഫിഈ) മദ്ഹബും മാലിക്കീമദ്ഹബും ഭൂരിപക്ഷത്തിന്റെ അഭിപ്രായവും. ഈ വുദു കുളിയുടെ ആരംഭത്തിലാണ് എടുത്തുകൊടുക്കേണ്ടത്. വലിയ അശുദ്ധിയുടെ കുളിപോലെ ആരംഭത്തിലാണ് ഇവിടെ വുദുവെടുക്കുക. (ശറഹു മുസ്‌ലിം വാ. 4 പേ. 8)

Feedback