Skip to main content

അല്‍ മുഅ്മിന്‍

സര്‍വ്വ വിധ അഭയത്തിന്റെയും സ്രോതസ്സായിരിക്കും സമ്പൂര്‍ണനായ അഭയദായകന്‍. അത് അല്ലാഹു മാത്രമാണ്. അല്‍ മുഅ്മിന്‍(അഭയദായകന്‍) എന്ന അല്ലാഹുവിന്റെ ഗുണവിശേഷണ നാമം പരാമര്‍ശിക്കപ്പെട്ട സൂക്തം ഇപ്രകാരമാണ്: ‘‘താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവന്‍. രാജാധികാരമുള്ളവനും പരമപരിശുദ്ധനും സമാധാനം നല്‍കുന്നവാനും അഭയം നല്‍കുന്നവനും (അല്‍ മുഅ്മിന്‍) മേല്‍നോട്ടം വഹിക്കുന്നവനും പ്രതാപിയും പരമാധികാരിയും മഹത്വമുള്ളവനുമാകുന്നു അവന്‍. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധന്‍'’(59:23). ഇല്ലായ്മയും നാശനഷ്ടവുമാണ് ഭയത്തിന്റെയും ഭീതിയുടെ ഹേതുക്കള്‍. അന്ധന്‍ കാഴ്ചയില്ലാത്തതു കൊണ്ട് സംഭവിക്കുന്ന പ്രയാസങ്ങളെ ഭയക്കുന്നു. കൈകൊണ്ട് പ്രതിരോധിക്കേണ്ട വിപത്ത് തന്നെ ബാധിക്കുമോ എന്ന് കൈയില്ലാത്തവന്‍ ഭയക്കുന്നു. മറ്റ് ഇന്ദ്രിയങ്ങളുടെയും അവയവങ്ങളുടെയും സ്ഥിതിയും ഇതുതന്നെ. അഭയദായകനായ അല്ലാഹു യഥോചിതം അവയവങ്ങളെ സംവിധാനിച്ച് അവയ്ക്ക് ശക്തിയും കഴിവും നല്‍കുന്നു. പ്രകൃത്യാ ദുര്‍ബലനായ അവന്റെ ദാസനുള്ള ഭയപ്പാടിന്റെ കാരണങ്ങളെ ഇല്ലാതാക്കി അവന് അഭയം നല്‍കുന്നവനാണ് അല്ലാഹു. ലോകത്തെ ഏത് അഭയവും ചില ഹേതുക്കള്‍ക്ക് വിധേയമായി സംഭവിക്കുന്നു. ആ ഹേതുക്കള്‍ സൃഷ്ടിക്കുന്നതും അവ ഉപയോഗപ്പെടുത്താനുള്ള വഴികാണിക്കുന്നതും അല്ലാഹുവാണ്. അതിനാല്‍ അവനാണ് യഥാര്‍ത്ഥ സമ്പൂര്‍ണ അഭയദായകന്‍. മനുഷ്യന്‍ ഏറ്റവുമധികം ഭയപ്പെടേണ്ടത് തന്റെ ആത്യന്തിക പരാജയവും നഷ്ടവുമായ പരലോക ജീവിതത്തിലുള്ള ശിക്ഷയെയാണ്. ആ ശിക്ഷയില്‍ നിന്നുള്ള രക്ഷാകവചം എന്ന് പറയുന്നത് ‘ലാഇലാഹ ഇല്ലല്ലാഹ്' (അല്ലാഹു ഒഴികെ ആരാധ്യനായി മറ്റാരുമില്ല) എന്ന അടിസ്ഥാന വിശ്വാസമാണ്.

ഏകദൈവവിശ്വാസത്തിലേക്ക് മനുഷ്യനെ വഴികാണിക്കുന്നതിലൂടെ അല്ലാഹു സകലമാന മനുഷ്യരുടെയും ആത്യന്തികമായ രക്ഷയും നിര്‍ഭയത്വവും ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: ‘‘ഈ ഭവനത്തിന്റെ രക്ഷിതാവിനെ അതായത് അവര്‍ക്ക് വിശപ്പിന്ന് ആഹാരം നല്‍കുകയും ഭയത്തിന് പകരം സമാധാനം നല്‍കുകയും ചെയ്തവനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ(106:3,4). ശാശ്വത വിജയത്തിന്റെ ഗേഹമായ സ്വര്‍ഗീയാരാമങ്ങളിലേക്കാണ് അല്ലാഹു വിശ്വാസികളെ സ്വീകരിക്കുന്നതും. സകലമാന ഭയാശങ്കകളില്‍ നിന്നും അവര്‍ക്ക് മോചനമുണ്ട് എന്ന സുവാര്‍ത്തയോടുകൂടിയാണ്, നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചുകൊള്ളുക, നിങ്ങള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല,  നിങ്ങള്‍ ദുഃഖിക്കേണ്ടി വരികയുമില്ല എന്ന് പറയപ്പെട്ടിരിക്കുന്നത്.

ഐഹിക ജീവിതത്തില്‍ പാലിക്കേണ്ട നിയമങ്ങളും ചിട്ടകളും അല്ലാഹു വ്യവസ്ഥപ്പെടുത്തിയത് മനുഷ്യന്ന് ഇവിടെയുള്ള ജീവിതത്തിലും അഭയവും രക്ഷയും ലഭിക്കാനാണ്. ദൈവിക മാര്‍ഗത്തിലേക്ക് മനുഷ്യരെ മാതൃകായോഗ്യമായ ജീവിതത്തിലൂടെ നയിക്കാന്‍ പ്രാപ്തരായ പ്രവാചകന്മാരെ നിയോഗിച്ചതും ദൈവിക ശിക്ഷയില്‍ നിന്നും ഭൗതിക ലോകത്തെ ഭയപ്പാടുകളില്‍ നിന്നും മോചനവും അഭയവും. ഉറപ്പുവരുത്താനാണ്. ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അവന്റെ മുമ്പില്‍ പതിയിരിക്കുന്ന അല്ലാഹുവിന്റെ സ്‌നേഹവായ്പിന്റെ ഭാഗമാണ്. ഈ അര്‍ഥങ്ങളിലെല്ലാം സമ്പൂര്‍ണനായ അഭയദായകന്‍ അല്ലാഹു മാത്രമാണ്.

Feedback