സഹയാര്‍ഥിക്ക് സഹായം നല്‍കുന്നവന്‍, പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍, വിഷമിക്കുന്നവരുടെ ദുരിതമകറ്റുന്നവന്‍, അനുസരിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും അനുഗ്രഹം ചൊരിയുന്നവന്‍, ചോദിക്കാതെ തന്നെ ഉദാരത കാണിക്കുന്നവന്‍ എന്നീ ഗുണങ്ങള്‍ ഉള്ളവന്‍ അല്ലാഹു മാത്രമേ ഉള്ളൂ. അല്‍ മുജീബ് (ഉത്തരം നല്‍കുന്നവന്‍) എന്ന ഗുണനാമത്തിന് അര്‍ഹനും അല്ലാഹു മാത്രമാണ്.
മുജീബ് (ഉത്തരം നല്‍കുന്നവന്‍) എന്ന അല്ലാഹുവിന്റെ വിശേഷണനാമം ഖരീബ് (സമീപസ്ഥന്‍) എന്നതിനോട് അനുബന്ധമായിട്ട് വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചുട്ടുണ്ട്.
നിങ്ങള്‍ അവനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്റെ രക്ഷിതാവ് അടുത്തുതന്നെയുള്ളവനും പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവനുമാകുന്നു(11:61). ധിക്കാരവും അക്രമവും മുഴുത്തപ്പോള്‍ നൂഹ് നബി(അ) രക്ഷക്കായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അല്ലാഹു നൂഹ് നബിക്ക്(അ) അതിന് ഉത്തരം നല്‍കി. അവിശ്വാസികളെയെല്ലാം പ്രളയത്തില്‍ നശിപ്പിക്കുകയും അദ്ദേഹത്തെയും സത്യവിശ്വാസികളെയും രക്ഷിക്കുകയും ചെയ്തു. അതുസംബന്ധമായി ഖുര്‍ആനില്‍ നടത്തിയ പരാമര്‍ശം ഇവിടെ പ്രസ്താവ്യമാണ്. 'നൂഹ് നമ്മെ വിളിക്കുകയുണ്ടായി അപ്പോള്‍ ഉത്തരം നല്‍കിയവര്‍ വളരെ നന്നായിട്ടുണ്ട് (വളെരെ നല്ല നിലയില്‍ ഉത്തരം നല്‍കി)'(37:75). രോഗങ്ങള്‍ കൊണ്ട് പ്രയാസപ്പെട്ട അയ്യൂബ് നബി(അ) അല്ലാഹുവിന്റെ കാര്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് നടത്തിയ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായി സൂറത്തു അംബിയാഇലെ (83,84) സൂക്തങ്ങള്‍ പഠിപ്പിക്കുന്നു. മത്സ്യത്തിന്റെ വായില്‍ അകപ്പെട്ടുപോയ യൂനുസ്(അ) ആഴിക്കടിയില്‍ നിന്ന് അന്ധകാരങ്ങളില്‍ അല്ലാഹുവോട് നടത്തിയ പ്രാര്‍ഥന അല്ലാഹു കേള്‍ക്കുകയും ഉത്തരം നല്‍കുകയും ചെയ്തതായി അംബിയാഅ് സൂറത്തിലെ (87,88) സൂക്തങ്ങളില്‍ വ്യക്തമാക്കിത്തരുന്നു. ഇതുകൂടാതെ സകരിയ(അ) ഈസാ(അ) ഇബ്രാഹീം(അ) മൂസാ നബി(അ) തുടങ്ങിയവര്‍ അല്ലാഹുവിനൊട് വിനയത്തോടെ വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തിയ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കിയതായി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു തരുന്നു. അല്ലാഹുവിനോട് പ്രാര്‍ഥിക്കുക എന്ന കല്‍പനയുടെ അനുബന്ധമായി തന്നെ അവന്‍ ഉത്തരം നല്‍കുമെന്ന പ്രതീക്ഷ കൂടി അല്ലാഹു നല്‍കുന്നു. ഉത്തരം നല്‍കുന്നവന്‍ (അല്‍ മുജീബ്) എന്ന അല്ലാഹുവിന്റെ ഗുണനാമം അര്‍ഥ വിശാലതയോടെ ഉല്‍ക്കൊള്ളുമ്പോള്‍ പ്രാര്‍ഥനയിലൂടെ അല്ലാഹുവിന്റെ പരിഗണന നേടാന്‍ വിശ്വാസിക്ക് പ്രയാസമുണ്ടാവില്ല നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം(40:60).
അല്ലാഹു പ്രാര്‍ഥന കേള്‍ക്കാനും ഉത്തരം ചെയ്യാനും അത് സ്വീകരിക്കപ്പെടാനും റസൂല്‍ (സ) ചില നിബന്ധനകള്‍ പഠിപ്പിച്ചു തന്നിട്ടുണ്ട്.
1. പ്രാര്‍ഥന മതം അനുവദിച്ച നല്ലകാര്യങ്ങള്‍ക്ക് വേണ്ടിയാകുക.
2. ദൃഢവിശ്വാസത്തോടെയും വിനയത്തോടെയും രഹസ്യമായും പ്രാര്‍ഥിക്കുക.
3. കഴിക്കുന്ന ആഹാരവും ഉപയോഗിക്കുന്ന വസ്ത്രവുമെല്ലാം അനുവദനീയമായ മാര്‍ഗത്തിലുള്ളതായിരിക്കുക.
4. ഉത്തരം ലഭിക്കണമെന്ന് ധൃതി കൂട്ടാന്‍ പാടില്ല.
5. ഉത്തരം ലഭിക്കാന്‍ സാധ്യതയുള്ള സമയവും സ്ഥലവും പ്രാര്‍ഥനക്ക് തെരഞ്ഞെടുക്കുക (അത്താഴ സമയം, ജുമുഅയുടെ സമയം, നിര്‍ബന്ധ നമസ്‌ക്കാരാനന്തരം, ജുമുഅ സമയം സുജൂദിന്റെ സന്ദര്‍ഭം).
അല്ലാഹു അവന്റെ അടിമകളെക്കുറിച്ച് നല്ലവണ്ണം അറിയുന്നവനാണ്. അവരെ പ്രാര്‍ഥനകള്‍ ഒരിക്കലും വൃഥാവിലായിപ്പോവുന്നില്ല. ചിലപ്പോള്‍ പ്രാര്‍ഥന പെട്ടന്ന് ഉത്തരം ലഭിക്കപ്പെടുന്നതായിരിക്കും അല്ലെങ്കില്‍ ആത്യന്തിക ഗുണവും ദോഷവും അറിയുന്ന അവന്റെ തീരുമാനമനുസരിച്ച് പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതെന്ന് പ്രതീക്ഷിക്കാന്‍ അടിമക്ക് സാധിക്കണം. ഉത്തരം നല്‍കുന്നവന്‍ അല്ലാഹു മാത്രമാണ്.