മനുഷ്യര്‍ക്ക് സ്രഷ്ടാവുമായി ബന്ധപ്പെടുത്താനുള്ള ഏക മാര്‍ഗമാണ് പ്രാര്‍ഥന. 'നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് എന്തു പരിഗണന നല്കാനാണ്' എന്ന ചിന്തോദ്ദീപകമായ ഒരു ചോദ്യം വിശുദ്ധ ഖുര്‍ആനിലുണ്ട് (25:77). മനുഷ്യകഴിവനപ്പുറമുള്ള കാര്യങ്ങള്‍ അര്‍പ്പിക്കാനുള്ള അത്താണിയാണ് പ്രാര്‍ഥനയും ദൈവസ്മരണയും. മനസ്സിന്റെ വേദനകളും വ്യഥകളും സ്രഷ്ടാവിന്റെ മുന്നില്‍ തുറന്നു വെയ്ക്കുമ്പോള്‍ മനസ്സിന് ലഭിക്കുന്ന ആശ്വാസം അവാച്യമാണ്. എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്കിയ അല്ലാഹുവിനെ നന്ദിയോടെ സ്മരിക്കുമ്പോള്‍(ദിക്ര്‍) വിവേകിയായ മനുഷ്യനു ലഭിക്കുന്ന നിര്‍വൃതി അനിര്‍വചനീയമാണ്.
പ്രാര്‍ഥന ഒരു ആചാരമല്ല. അത് നിര്‍വഹിക്കാന്‍ സഹായികളാവശ്യമില്ല. ദൈവത്തിന്റെ മുന്നില്‍ ആവശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ കാണിക്ക വേണ്ട. പണം മുടക്കില്ല. കാര്‍മികന്റെ ആവശ്യമില്ല. ഭാഷാ പ്രശ്‌നമില്ല. ഹൃദയത്തിലുള്ളത് അറിയുന്നവനാണ് അല്ലാഹു. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഈ പ്രാര്‍ഥനയാണ് ആരാധനയുടെ മജ്ജയും മര്‍മവും. അതുകൊണ്ടു തന്നെ പ്രാര്‍ഥന അല്ലാഹുവല്ലാത്ത ആരോടു നടത്തിയാലും അത് ബഹുദൈവാരാധന(ശിര്‍ക്ക്) ആണ്. ശിര്‍ക്കാകട്ടെ ഏറ്റവും കൊടിയ പാപവും. ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങളെല്ലാം പ്രാര്‍ഥനാധിഷ്ഠിതമാണ്.
പ്രവാചകന്‍മാരടെയും മഹത്തുക്കളുടെയും നിരവധി പ്രാര്‍ഥനകള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ജീവിതത്തിന്റെ ഓരോ രംഗത്തും നബി(സ്വ) പഠിപ്പിച്ച അനേകം പ്രാര്‍ഥനകളുണ്ട്.