Skip to main content

അല്‍ ഇലാഹ്

ഇലാഹ് എന്ന പദത്തിനര്‍ഥം ആരാധ്യന്‍ എന്നാണ്. അല്‍ എന്ന അവ്യയം ചേര്‍ത്ത് വിശേഷവല്‍കരിക്കുന്നതോട് കൂടി അല്‍ ഇലാഹിന് സാക്ഷാല്‍ ആരാധ്യന്‍ എന്ന അര്‍ഥം ലഭിക്കുന്നു. ആരാധിക്കപ്പെടുവാന്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവന്‍ എന്ന ഉദ്ദേശ്യത്തില്‍ അല്ലാഹു എന്ന പദം അല്‍ ഇലാഹ് എന്നതില്‍ നിന്ന് ഉണ്ടായതെന്നാണ് പദോത്പ്പത്തി ശാസ്ത്രജ്ഞരുടെ പക്ഷം.

വിജ്ഞാനത്തിന്റെ സൂക്ഷ്മതകൊണ്ടും കഴിവിന്റെ അപാരതകൊണ്ടും കാരുണ്യത്തിന്റെ വിശാലതകൊണ്ടും സൃഷ്ടികളില്‍ നിന്നെല്ലാം അത്യുന്നതനും മഹാനുമായിട്ടുള്ള അല്ലാഹു മാത്രമാണ് സകലവിധ ആരാധകനകൾക്കും പ്രാര്‍ഥനകള്‍ക്കും യഥാര്‍ഥത്തില്‍ അര്‍ഹന്‍. തൗഹീദിന്റെ സാക്ഷ്യവചനമായ ‘ലാഇലാഹ ഇല്ലല്ലാഹ്' സൂചിപ്പിക്കുന്ന ആശയം അത് തന്നെയാണ്.

‘അല്‍ ഇലാഹ്' എന്ന പദപ്രയോഗം വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്. അല്ലാഹു പറയുന്നു. ‘‘അവനാകുന്നു ആകാശത്ത് ദൈവമായിട്ടുള്ളവനും ഭൂമിയില്‍ ദൈവമായുള്ളവനും. അവനാകുന്നു യുക്തിമാനും സര്‍വജ്ഞനും’’ (43:84).

‘ഇലാഹ്' എന്ന പദപ്രയോഗമാണ് ഇവിടെ നടത്തിയത്. ദൈവം എന്നാണ് അതിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അര്‍ഥം കല്‍പ്പിച്ചിട്ടുള്ളത്.

‘‘പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്,  മനുഷ്യരുടെ ദൈവത്തോട് ’’(114:1,2,3).

ഇലാഹ് വാഹിദ് (ഏക ആരാധ്യന്‍) എന്ന പദപ്രയോഗത്തിലൂടെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന വിഷയത്തെക്കുറിച്ച് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ‘‘എനിക്ക് ശേഷം ഏതൊരു ദൈവത്തെയാണ് നിങ്ങള്‍ ആരാധിക്കുക എന്ന് യഅ്ക്കൂബ്(അ) മരണം ആസന്നമായ സന്ദര്‍ഭത്തില്‍ തന്റെ സന്തതികളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: താങ്കളുടെ ആരാധ്യനായ, താങ്കളുടെ പിതാക്കളായ ഇബ്രാഹിമിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനായ ഏകദൈവത്തെ മാത്രം ഞങ്ങള്‍ ആരാധിക്കും. ഞങ്ങള്‍ അവന് കീഴ്‌പ്പെട്ട് ജീവിക്കുന്നവരായിരിക്കും’’ (2:133).

‘‘തീര്‍ച്ചയായും നിങ്ങളുടെ ദൈവം ഏകന്‍ തന്നെയായിരിക്കും’’ (37:4)

മത്സ്യത്തിന്റെ വായില്‍ അകപ്പെട്ട യൂനുസ് നബി(അ) ആവിഷമഘട്ടത്തില്‍ അല്ലാഹുവോട് നടത്തുന്ന പ്രാര്‍ഥനയില്‍ ഇലാഹ് എന്ന അല്ലാഹുവിന്റെ നാമം എടുത്തു പറയുന്നു.

‘‘ദുന്നൂനിനേയും (ഓര്‍ക്കുക) അദ്ദേഹം കോപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു: നീയല്ലാതെ ഏതൊരു ദൈവവുമില്ല നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു’’ (21:87).

അല്‍ ഇലാഹ് എന്ന അല്ലാഹുവിന്റെ നാമം അല്ലാഹുവിന്റെ എല്ലാ വിശിഷ്ട നാമങ്ങളുടെയും അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അധിപനും പരിപാലകനും അഭയദാതാവും അത്യധികം സ്‌നേഹമുള്ളവനും പൊറുക്കുന്നവനും അന്നദാതാവുമായ അല്ലാഹു മാത്രമാണ് യഥാര്‍ഥ ആരാധ്യന്‍. കാര്യകാരണബന്ധങ്ങള്‍ക്കതീതമായ മാര്‍ഗത്തിലൂടെ നമ്മെ സഹായിക്കാനും രക്ഷിക്കാനും അഭയം നല്‍കാനും കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. അത്‌കൊണ്ട് അവന്‍ മാത്രമാണ് രക്ഷാധികാരിയും സഹായിയും ഭരമേല്‍പ്പിക്കപ്പെടാന്‍ അര്‍ഹതപ്പെട്ടവനും. ആ ഒരുവന്‍ മാത്രമാണ് ഇലാഹ് എന്ന വിശേഷണത്തിന് അര്‍ഹന്‍. അല്‍ ഇലാഹ് യഥാര്‍ഥ ദൈവം അഥവാ യഥാര്‍ഥ ആരാധ്യന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മാത്രമാണ്.
 

Feedback