അല്‍ വാസിഅ് (വിശാലന്‍) എന്ന അല്ലാഹുവിന്റെ ഗുണനാമം വിശുദ്ധ ഖുര്‍ആനില്‍ 9 തവണ പ്രതിപാദിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാര്‍ഥിച്ചാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ടായിരിക്കും. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമാകുന്നു (2:115). നിശ്ചയം നിന്റെ രക്ഷിതാവ് വിശാലമായ പാപമോചനം നല്‍കുന്നവനാകുന്നു'(53:32).
ജ്ഞാനത്തിലും ദാനത്തിലും അല്ലാഹു വിശാലതയുള്ളവനാണ്. അനവധി കാര്യങ്ങളെക്കുറിച്ച് വിശാലവും അഗാധവുമായ അറിവ് അല്ലാഹുവിന് മാത്രമാണ്. സമുദ്രങ്ങളിലെ ജലം മഷിയായി ഉപയോഗിച്ച് എഴുതിയാലും അവന്റെ വചനങ്ങള്‍ അവസാനിക്കില്ല. അവന്റെ അനുഗ്രഹങ്ങളും ഔദാര്യങ്ങളും അനന്തമാണ്. അറ്റമില്ലാത്ത വിജ്ഞാനത്തിന്റെയും പരിധിയില്ലാത്ത ഔദാര്യത്തിന്റെയും ഉടമയായ അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ് നിരുപാധികമായ വിശാലതയുള്ളവന്‍ എന്ന വിശേഷണം. സൃഷ്ടികളുമായി ബന്ധപ്പെടുത്തി ഏത് വിശാലതയും അതെത്ര വലുതായാലും ഒരറ്റത്ത് അവസാനിക്കും.
ഈ മഹാ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളും കണ്ടെത്താനാകും. ആകാശത്തെയും ഭൂമിയെയും സംവിധാനിച്ച അത്ഭുതത്തെക്കുറിച്ച് ചിന്തിക്കുന്നതോടൊപ്പം വിശാലന്‍ എന്ന വിശേഷണവുമായി ബന്ധപ്പെട്ട് അല്ലാഹുവിന്റെ കഴിവിലേക്ക് കൂടി താഴെപ്പറയുന്ന സൂക്തം സൂചന നല്‍കുന്നു.
'ആകാശമാകട്ടെ അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു. ഭൂമിയാകട്ടെ നാം അതിനെ ഒരു വിരിപ്പാക്കിയിരിക്കുന്നു. എന്നാല്‍ അത് വിതാനിച്ചവന്‍ എത നല്ലവന്‍'(51:47,48). വിശാലതയുള്ളവന്‍ എന്ന വിശേഷണവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ അല്ലാഹു നിയമമാക്കിയ അവന്റെ മത നടപടികളില്‍ ഏറ്റവും ലാളിത്യവും വിശാലതയും ലഘൂകരണവും ദര്‍ശിക്കാനാവും. ക്ലേശവും സങ്കുചിത്വവും സങ്കീര്‍ണതയും മതത്തിന്റെ അന്ത:സത്തയിൽ അജ്ഞരായ ആളുകള്‍ ഉണ്ടാക്കിയതാണ്. അല്ലാഹു പറയുന്നു. നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല(2:185).
ഒരാള്‍ക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല (6:152).
അല്‍ വാസിഅ് (വിശാലന്‍) എന്ന ഗുണനാമത്തിന്റെ അര്‍ത്ഥ താല്‍പര്യത്തില്‍ അല്ലാഹുവിന്റെ വിശാലമായ ജ്ഞാനവും പരിധി നിശ്ചയിക്കാന്‍ കഴിയാത്ത ഔദാര്യവും ആണ് ഉദ്ദേശിക്കുന്നത്. അതോടൊപ്പം അടിമകളുടെ കഴിവും കഴിവുകേടും സൂക്ഷ്മമായി അറിയുന്നവനായ അല്ലാഹു വിശാലതയോടെയുള്ള സമീപനങ്ങളും വിധികളും ആണ് മതത്തിന്റെ പേരില്‍ അവന്‍ നിയമമാക്കിയിരിക്കുന്നത് ജ്ഞാനത്തിന്റെയും ഉദാരതയുടെയും കാര്യത്തിലുള്ള അവന്റെ വിശാലതയെ തന്നെയാണ് ഇതും സൂചിപ്പിക്കുന്നത്.