അല്‍ മുഹീത്വ് എന്ന അല്ലാഹുവിന്റ വിശേഷണ നാമം വിശുദ്ധ ഖുര്‍ആനില്‍ എട്ട് സ്ഥലങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സര്‍വകാര്യങ്ങളെക്കുറിച്ചും പൂര്‍ണമായി അറിയുന്നവന്‍, വലയം ചെയ്യുന്നവന്‍ എന്നിങ്ങനെയാണ് ഈ പദത്തിന്റെ അര്‍ഥം. എല്ലാ കാര്യങ്ങളെക്കുറിച്ചും പൂര്‍ണമായി അറിവുള്ളവന്‍ അല്ലാഹു മാത്രമാണ്. അവന്റെ അറിവില്‍ പെടാത്തതായി യാതൊന്നും തന്നെയില്ല. അല്ലാഹു പറയുന്നു: ''ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും പൂര്‍ണമായ അറിവുള്ളവനാകുന്നു' (4:126).
“അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല” (2:255).
ഇഹാത്വത് (സൂക്ഷ്മമായ ജ്ഞാനം) എന്നത് അല്ലാഹുവിന്റെ അപാരമായ കഴിവിന്റെയും അധികാരത്തിന്റെയും യുക്തിജ്ഞാനത്തിന്റെയും തെളിവുകൂടിയാണ്. മുഹീത്വ് (സൂക്ഷ്മജ്ഞാനി) ആയവന്‍ അല്ലാഹു മാത്രമാണ്. അവന്റെ സൂക്ഷ്മജ്ഞാനത്തെ മറ്റൊന്നിനോട് സാദൃശ്യപ്പെടുത്തുക സാധ്യമേയല്ല.
അവിശ്വാസികളും ധിക്കാരികളും നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെ സംബന്ധിച്ചും മതത്തെ പരിഹസിക്കുന്ന നിഗൂഢ നീക്കങ്ങളെക്കുറിച്ചും അല്ലാഹു അറിയുന്നവനാണ് എന്ന് സൂചിപ്പിക്കാന്‍ മുഹീത്വ് എന്ന പദം ഒന്നിലധികം സ്ഥലങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. “നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം, അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാ വശവും അറിയുന്നവനാകുന്നു” (3:120).
സത്യനിഷേധികള്‍ക്കുള്ള ശിക്ഷയുടെ താക്കീത് എന്ന നിലക്ക് മുഹീത്വ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. വലയം ചെയ്തിരിക്കുന്നവന്‍ എന്ന അര്‍ഥമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ മുഹീത്വ് എന്ന പദത്തിന് വ്യഖ്യാതാക്കള്‍ നല്‍കിക്കാണുന്നത്.
“അല്ലെങ്കില്‍(അവരെ) ഉപമിക്കാവുന്നത് ആകാശത്തു നിന്ന് ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലും ഉണ്ട്. ഇടി നാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്” (2:19).
“ആ സൈന്യങ്ങളുടെ വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയിരുന്നുവോ? അഥവാ ഫിര്‍ഔനിന്റെയും ഥമൂദിന്റെയും (വര്‍ത്തമാനം). അല്ല, സത്യനിഷേധികള്‍ നിഷേധിച്ച് തള്ളുന്നതിലാകുന്നു ഏര്‍പ്പെട്ടിരിക്കുന്നത്. അല്ലാഹു അവരുടെ പിന്‍വശത്തുകൂടി (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനാകുന്നു” (85:18,19,20).
മനുഷ്യരുടെ മനസ്സുകളില്‍ ഒളിപ്പിച്ചുവെച്ച കാര്യങ്ങളെപ്പോലും വളരെ കൃത്യമായി അറിയുന്നവനായ അല്ലാഹുവിന്റെ സൂക്ഷ്മജ്ഞാനത്തില്‍ നിന്നും യാതൊന്നും ഒഴിവാകുന്നില്ല. ഏതൊരു കാര്യത്തിനെയും വലയം ചെയ്തിരിക്കുന്ന സൂക്ഷ്മമായ ജ്ഞാനം അവനുമാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. അതുകൊണ്ട് അല്‍ മുഹീത്വ് എന്ന ഗുണനാമത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമാണ്.