പ്രാര്‍ഥന ആരാധനയാണ്. പ്രാര്‍ഥന അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുമ്പോഴാണ് അത് പ്രതിഫലാര്‍ഹമായ ആരാധനയാവുന്നത്. വിശുദ്ധ ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും പ്രാര്‍ഥനയുടെ സ്വീകാര്യതക്ക് അനുപേക്ഷണീയമായ നിബന്ധനകളും മര്യാദകളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രാര്‍ഥന അല്ലാഹുവിങ്കല്‍ പ്രതിഫലാര്‍ഹമായ ആരാധനയായി സ്വീകരിക്കപ്പെടണമെങ്കില്‍ പ്രാര്‍ഥനയുടെ മര്യാദകളും നിബന്ധനകളും പാലിച്ചേ തീരൂ. തികഞ്ഞ സ്സാന്നിദ്ധ്യത്തോടെയും വിനയത്തോടെയും അല്ലാഹുവോട് കേണപേക്ഷിക്കുന്നവരുടെ പ്രാര്‍ഥനകള്‍ ഒരിക്കലും വൃഥാവിലാകുകയില്ല. അല്ലാഹു പറയുന്നു. ''താഴ്മയോട്കൂടിയും രഹസ്യമായും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക (7:55).
പ്രാര്‍ഥനയിലൂടെ തേടുന്ന കാര്യം നിവര്‍ത്തിച്ച് തരാന്‍ അല്ലാഹു മാത്രമാണ് ഏറ്റവും കഴിവുള്ളവന്‍ എന്ന ദൃഡവിശ്വാസം വിശ്വാസികളെ സമാധാനചിത്തരാക്കുന്നു. സ്വീകരിച്ചെങ്കില്‍ ആവട്ടെ എന്ന മനോഗതിയോട് കൂടിയല്ല വിശ്വാസികള്‍ അല്ലാഹുവിലേക്ക് കൈകള്‍ നീട്ടുന്നത്. പ്രശ്‌നം പരിഹരിക്കണമെന്ന ഉല്‍കടമായ ആഗ്രഹത്തോടും അല്ലാഹുവില്‍ നിന്ന് എല്ലാറ്റിനും പോംവഴിയുണ്ടെന്ന വിശ്വാസത്തോടും കൂടിയാണ് പ്രാര്‍ഥിക്കേണ്ടത്. മനുഷ്യസാധ്യമായ പ്രയത്‌നങ്ങള്‍ നടത്തിയശേഷം പരമകാരുണികനിലേക്ക് ഭരമേല്‍പിച്ച് ഗൗരവബോധത്തോടെ നടത്തുന്ന തേട്ടങ്ങള്‍ മാത്രമാണ് സ്വീകാര്യയോഗ്യമാകുന്നതെന്ന് റസൂല്‍(സ്വ) പഠിപ്പിച്ചു: ഉത്തരം കിട്ടുമെന്ന് ഉറപ്പിച്ചു കൊണ്ട് നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക, അശ്രദ്ധമായ ഹൃദയത്തില്‍ നിന്നുള്ള പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയില്ലെന്ന് അറിഞ്ഞുകൊള്ളുക (തര്‍ഗീബ് വതര്‍ഹീബ് ഭാഗം : 2 പേജ്: 397).
ഒരാളുടെ ഭക്ഷണ പാനീയങ്ങളിലോ മറ്റു സമ്പാദ്യങ്ങളിലോ അനര്‍ഹവും അവിഹിതവുമായതും നിഷിദ്ധമാക്കപ്പെട്ടതും കൂടിക്കലര്‍ന്നിട്ടുണ്ടെങ്കില്‍ അയാളുടെ പ്രാര്‍ഥനകള്‍ നിരര്‍ഥകവും നിഷ്ഫലവുമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നബി(സ്വ)യുടെ സന്നിധിയില്‍വെച്ച് ഇബ്‌നു അബ്ബാസ്(റ) സൂറത്തുല്‍ ബഖറയിലെ 168ാമത്തെ സൂക്തം പാരായണം ചെയ്തു. അത് ഇപ്രാകരം ആയിരുന്നു. ''മനുഷ്യരേ, ഭൂമിയിലുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായത് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളൂക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു''. ആ സന്ദര്‍ഭത്തില്‍ സഅ്ദ്ബ്‌നു അബീവഖാസ് എഴുന്നേറ്റ് നിന്ന് പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്നവരില്‍ ഞാന്‍ ഉള്‍പ്പെടാന്‍ വേണ്ടി അല്ലാഹുവോട് പ്രാര്‍ഥിച്ചാലും''. നബി(സ്വ) പറഞ്ഞു. ''സഅ്‌ദേ, അനുവദനീയമായ ഭക്ഷ്യോത്പന്നങ്ങള്‍ ഉപയോഗിക്കുക. എങ്കില്‍ പ്രാര്‍ഥനക്കുത്തരം ലഭിക്കുന്നവരില്‍ ഉള്‍പ്പെടാം. അല്ലാഹുവാണ് സത്യം. ഒരാള്‍ നിഷിദ്ധമായത് വയറ്റിലാക്കിയാല്‍ നാല്പത് ദിവസം അയാളടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുകയില്ല. ആരുടെ ശരീരത്തില്‍ ദുഷിച്ച സമ്പാദ്യവും പലിശയും മുഖേന മാംസം കിളിര്‍ത്തുവോ നരകമാണ് അയാള്‍ക്കനുയോജ്യം (ത്വബ്‌റാനി 6/310).
പ്രാര്‍ഥന കുറ്റകരമായ കാര്യങ്ങള്‍ക്കോ കുടുംബബന്ധം വിഛേദിക്കാനോ ആവാതെ, അനുവദനീയമായ ഏതൊരു കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും അല്ലാഹു സ്വീകരിക്കുകയും ഉത്തരം ലഭിക്കുകയും ചെയ്യുമെന്ന് അബൂസഈദ് ഖുദ്‌രിയില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ കാണാന്‍ കഴിയും (അല്‍ഹൈഥമി 10/151).
പ്രാര്‍ഥിക്കുന്ന വ്യക്തിയുടെ മനോഗതിയും അവസ്ഥയും പരിഗണിച്ചുകൊണ്ടും, എന്ത് കാര്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു എന്നത് മുഖവിലക്കെടുത്തുകൊണ്ടും അല്ലാഹു ചില പ്രത്യേകം ആളുകളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. സ്വീകരിക്കപ്പെടുന്ന പ്രാര്‍ഥന ആരുടേതൊക്കെയാണെന്ന് റസൂല്‍(സ്വ) നമുക്ക് പറഞ്ഞു തരുന്നു. മൂന്ന് ആളുകളുടെ പ്രാര്‍ഥനകള്‍ ഉത്തരം ലഭിക്കുന്നവയാണ്. അതില്‍ സംശയമില്ല. അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന, മക്കള്‍ക്കു വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന (തുര്‍മുദി: 2029). അനുസരണയുള്ള മക്കള്‍ മാതാപിതാക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും സ്വീകരിക്കപ്പെടുന്ന ദുആയായി നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. അനസ്ബ്‌നു മാലിക്(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഇപ്രകാരം കാണാം.
മൂന്ന് പ്രാര്‍ഥനകള്‍ തിരസ്‌കരിക്കപ്പെടുകയില്ല. മാതാപിതാക്കളുടെ പ്രാര്‍ഥന, നോമ്പുകാരന്റെ പ്രാര്‍ത്ഥന, യാത്രക്കാരന്റെ പ്രാര്‍ഥന (സില്‍സിലത്തുല്‍ അഹാദീസിസ്വഹീഹ ലില്‍ അല്‍ബാനി പേജ്: 1797).