Skip to main content

ആരാധകര്‍ ആരാധ്യരോടൊപ്പം

സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും വേര്‍തിരിക്കുന്നതിന്ന് മുമ്പായി ഓരോ വിഭാഗത്തോടും അവരവര്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ പിന്തുടരാന്‍ ആവശ്യപ്പെടുന്നു. അങ്ങനെ ഓരോരുത്തരും അവരവരുടെ ആരാധ്യ വസ്തുക്കളുടെ പിന്നില്‍ അണിനിരക്കുന്നു. നബി(സ) പറയുന്നു. ജനങ്ങളോടെല്ലാം അല്ലാഹു പരലോകത്ത് അവരവര്‍ ആരാധിച്ചതിനെ പിന്തുടരുക എന്നാവശ്യപ്പെടും. അപ്പോള്‍ സൂര്യനെ ആരാധിച്ചവര്‍ അതിനെ പിന്തുടരുന്നു. ചന്ദ്രനെ ആരാധിച്ചവര്‍ അതിനേയും പിന്തുടരുന്നു. മറ്റു ആരാധനാ മൂര്‍ത്തികളെ പൂജിച്ചവര്‍ അതിനേയും പിന്തുടരുന്നു. അവസാനം ഈ സമുദായം മാത്രം അതിലെ കപടന്മാരുള്‍പ്പെടെ അവശേഷിക്കുന്നു. അങ്ങനെ അവരുടെയടുത്ത് അല്ലാഹു അവര്‍ക്ക് പരിചയമില്ലാത്ത രൂപത്തില്‍ വരുന്നു. എന്നിട്ട് പറയും: ഞാന്‍ നിങ്ങളുടെ റബ്ബാകുന്നു. അപ്പോള്‍ അവര്‍ പറയും. നിന്നില്‍ നിന്ന് ഞങ്ങള്‍ അല്ലാഹുവില്‍ ശരണം തേടുന്നു. ഞങ്ങളുടെ നാഥന്‍ എത്തുന്നതുവരെ ഇതാണ് ഞങ്ങളുടെ സ്ഥാനം. ഞങ്ങളുടെ റബ്ബ് എത്തിയാല്‍ ഞങ്ങളവനെ തിരിച്ചറിയും. അപ്പോള്‍ അല്ലാഹു അവര്‍ക്കറിയാവുന്ന രൂപത്തില്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. എന്നിട്ട് പറയും: ഞാന്‍ നിങ്ങളുടെ റബ്ബാണ്. അപ്പോള്‍ അവര്‍ പറയും. നീ ഞങ്ങളുടെ റബ്ബ്തന്നെ. അങ്ങനെ അവര്‍ അവനെ പിന്തുടരുന്നു (ബുഖാരി).

മറ്റൊരു റിപ്പോര്‍ട്ടില്‍ വന്നത് ഇങ്ങനെ: അല്ലാഹു ചോദിക്കും. 'നിങ്ങള്‍ക്ക് അവനെ തിരിച്ചറിയാവുന്ന വല്ല അടയാളവുമുണ്ടോ?' അവര്‍ പറയും: അതെ. അങ്ങനെ അവര്‍ക്ക് അല്ലാഹു തന്റെ കണങ്കാല്‍ കാണിക്കും. അപ്പോള്‍ ഭൂമിയില്‍വെച്ച് സ്വയം പ്രേരിതരായി അല്ലാഹുവിന് സുജുദ് ചെയ്തിരുന്ന എല്ലാര്‍ക്കും സുജൂദ് ചെയ്യാന്‍ അല്ലാഹു അനുമതി നല്‍കുന്നു. ജനങ്ങളെ കാണിക്കാന്‍ വേണ്ടി സുജൂദ് ചെയ്തവരുടെ മുതുക് അല്ലാഹു ഒരു അടുക്ക് പോലെ ആക്കുന്നു. അവര്‍ സുജൂദ് ചെയ്യാന്‍ ഉദ്ദേശിക്കുമ്പോഴെല്ലാം പിന്നോട്ട് മറിഞ്ഞ് വീഴുന്നു. പിന്നീടവര്‍ അവരുടെ ശിരസ്സുയര്‍ത്തുന്നു. അപ്പോള്‍ അവന്‍, അവര്‍ ആദ്യം കണ്ട രൂപത്തിലേക്ക് തന്നെ മാറിയിരിക്കും. അവന്‍ പറയും ഞാന്‍ നിങ്ങളുടെ റബ്ബാണ്. അപ്പോള്‍ അവര്‍ പറയും: നീ ഞങ്ങളുടെ റബ്ബ്തന്നെ. (മുസ്‌ലിം).

മുസ്‌ലിമിന്റെ തന്നെ വേറൊരു റിപ്പോര്‍ട്ടില്‍ മറ്റു ആരാധ്യന്മാരെ സ്വീകരിച്ചവരുടെ സ്ഥിതി വിശദീകരിച്ചിരിക്കുന്നു. ഓരോ വിഭാഗവും അവരവര്‍ ആരാധിച്ചവരെ അനുധാവനം ചെയ്യുക എന്ന വിളംബരമുണ്ടാകും. ജൂതന്മാര്‍ വിളിക്കപ്പെടും. എന്നിട്ടവരോട് ചോദിക്കും. നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചിരുന്നത്. അവര്‍ പറയും ഞങ്ങള്‍ അല്ലാഹുവിന്റെ പുത്രന്‍ ഉസൈറിനെയായിരുന്നു ആരാധിച്ചിരുന്നത്. അപ്പോള്‍ പറയപ്പെടും, നിങ്ങള്‍ കളവാണ് പറഞ്ഞത്. അല്ലാഹു സഹധര്‍മിണിയെയോ പുത്രനെയോ സ്വീകരിച്ചിട്ടില്ല. നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്? അവര്‍ പറയും, ഞങ്ങള്‍ക്ക് ദാഹിക്കുന്നു. ഞങ്ങളുടെ നാഥാ ഞങ്ങള്‍ക്ക് ദാഹജലം നല്‍കേണമേ. അപ്പോള്‍ നിങ്ങള്‍ കുടിക്കുന്നില്ലേ എന്ന് സൂചിപ്പിച്ചുകൊണ്ട് അവരെ നരകത്തില്‍ ഒരുമിച്ച് കൂട്ടും. ഒരു മരീചികപോലെ അടുക്കുകളായി അവര്‍ അതില്‍ പതിക്കുന്നു. 

പിന്നീട് ക്രൈസ്തവരെ വിളിക്കുന്നു. അവരോട് ചോദിക്കും. നിങ്ങള്‍ എന്തിനെയാണ് ആരാധിച്ചിരുന്നത്? അവര്‍ പറയും: ഞങ്ങള്‍ അല്ലാഹുവിന്റെ പുത്രന്‍ മസീഹി(ഈസ)നെയാണ് ആരാധിച്ചിരുന്നത്. ഇങ്ങനെ പറയും: നിങ്ങള്‍ കളവാണ് പറഞ്ഞത്. അല്ലാഹു സഹധര്‍മിണിയെയോ സന്താനങ്ങളെയോ സ്വീകരിച്ചിട്ടില്ല. പിന്നീട് അവരോട് ചോദിക്കും, നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്. അവര്‍ പറയും: ഞങ്ങള്‍ക്ക് ദാഹിക്കുന്നു. ദാഹജലം നല്‍കേണമേ, ഞങ്ങളുടെ നാഥാ. ഇതവര്‍ പറയുമ്പോള്‍ നിങ്ങള്‍ കുടിക്കുന്നില്ലേയെന്ന് സൂചിപ്പിച്ചുകൊണ്ട് അവരെ നരകത്തില്‍ ഒരുമിച്ച് കൂട്ടും. ഒരു മരീചിക പോലെ ഒന്നിന് മീതെ ഒന്നായി അവര്‍ നരകത്തില്‍ പതിക്കുന്നു (മുസ്‌ലിം). 

മുഖം കുത്തിയവരായും (25:34) സംഘങ്ങളായും (39:71) അന്ധരും ബധിരരും മൂകരുമായും (17:97) സത്യനിഷേധികള്‍ നരകത്തില്‍ പതിക്കുന്നു.
 

Feedback