Skip to main content

സ്വര്‍ഗം (22)

പരലോകത്തില്‍ സജ്ജനങ്ങള്‍ക്ക് അവരുടെ ശാശ്വത ജീവിതത്തിനായി സജ്ജീകരിക്കപ്പെട്ടതാണ് സ്വര്‍ഗം അഥവാ ജന്നത്ത്. അനശ്വരവും അതുല്യവുമായ സ്വര്‍ഗലോകത്തെ സുഖാസ്വാദനങ്ങളും അനുഭൂതികളും വാക്കുകള്‍ക്കും വര്‍ണനകള്‍ക്കുമതീതമാണ്. ഇഹലോകത്ത് മനുഷ്യന്‍ അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന സമൃദ്ധമായ സുഖങ്ങളുമായി പേരില്‍ സാദൃശ്യപ്പെടുത്തിക്കൊണ്ടാണ് സ്വര്‍ഗീയാനുഭൂതികള്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളത്. സ്വര്‍ഗത്തെ അല്ലാഹു പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കുക ''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപ മോചനവും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത് (3:133). 

 

മനുഷ്യന്റെ എല്ലാവിധ സങ്കല്പങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അതീതമായ വിസ്തൃതിയിലുള്ള ധന്യഗേഹമാണ് സ്വര്‍ഗം. സ്വര്‍ഗത്തിന് വിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച അല്‍ജന്ന, അല്‍ഫിര്‍ദൗസ്, ദാറുസ്സലാം, അല്‍മഖാമുല്‍ അമീന്‍, ദാറുല്‍ഖുല്‍ദ്, ജന്നാത്തു അ്ദന്‍, ജന്നതുല്‍ മഅ്‌വ തുടങ്ങിയ നാമങ്ങള്‍ അതിന്റെ സ്വഭാവ വിശേഷങ്ങളിലേക്ക് വെളിച്ചം വീശുന്നു. ജന്നത്ത് എന്ന പദത്തിന്റെ അര്‍ഥം തോട്ടം എന്നാണ്. വിശുദ്ധ ഖുര്‍ആനില്‍ ജന്നത്ത് എന്ന ഏക വചനരൂപത്തില്‍ പ്രയോഗിച്ച പോലെ 'ജന്നത്താനി' എന്ന് ദ്വിവചനമായും ഉപയോഗിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു ''തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട് (55:46). തിരുമേനി(സ) സ്വര്‍ഗത്തിലെ അനുഭൂതികള്‍ വിശദീകരിച്ചു. പാത്രങ്ങളും ആഭരണങ്ങളും മറ്റുള്ളതുമെല്ലാം സ്വര്‍ണം കൊണ്ടു നിര്‍മിക്കപ്പെട്ട രണ്ടുതോട്ടങ്ങളും, ഇവയെല്ലാം വെള്ളികൊണ്ട് നിര്‍മ്മിക്കപ്പെട്ട രണ്ടു തോട്ടങ്ങളും അവിടെയുണ്ട്.

നശ്വരമായ ഐഹിക ജീവിതത്തില്‍ നാം അനുഭവിക്കുന്ന സുഖാനുഭൂതികള്‍ എത്ര വലുതായി നമുക്ക് തോന്നിയാലും പാരത്രിക ജീവിതത്തിലെ സ്വര്‍ഗീയ സൗഭാഗ്യങ്ങളുമായി അവ താരതമ്യം ചെയ്യുമ്പോള്‍ വളരെ നിസ്സാരം തന്നെയെന്ന് നബി(സ) പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു ചാട്ടവാര്‍ വെക്കാനുള്ള സ്ഥലം പോലും ദുന്‍യാവിനേക്കാളും അതിലുള്ള എല്ലാ വസ്തുക്കളേക്കാളും ശ്രേഷ്ഠമാണ്'' (ബുഖാരി).
അല്ലാഹു അറിയിക്കുന്നതായി തിരുമേനി(സ) പറയുന്നതിങ്ങനെയാണ്. “എന്റെ സദ്‌വൃത്തരായ ദാസന്മാര്‍ക്ക് ഞാന്‍ ഒരുക്കി വെച്ചിരിക്കുന്നത് ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യ മനസ്സും വിഭാവന ചെയ്തിട്ടില്ലാത്തതുമായ കാര്യങ്ങളാണ്. (ബുഖാരി). തുടര്‍ന്ന് ഈ വിശുദ്ധ സൂക്തം അവിടുന്ന് പാരായണം ചെയ്തു.

''എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്ണുകള്‍ കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളതെന്ന് ഒരാള്‍ക്കും അറിയുകയില്ല'' (32:17).

നശ്വരവും നൈമിഷകവുമായ ഐഹിക ജീവിതത്തിലെ സുഖാസ്വാദനങ്ങള്‍ക്കായി മനുഷ്യന്‍ അവന്റെ സമയവും സമ്പത്തും അധ്വാനവും ചെലവഴിക്കാന്‍ സദാ സന്നദ്ധനാവുമ്പോള്‍ അനശ്വരമായ പരലോക ജീവിതത്തിലെ അവര്‍ണനീയമായ സ്വര്‍ഗീയ സുഖാസ്വാദനങ്ങളെ വിസ്മരിച്ചു പോയാല്‍ അത് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. ശാശ്വത ജീവിത വിജയം സ്വര്‍ഗീയ സൗഭാഗ്യത്തിലൂടെ നേടിയെടുക്കാന്‍ നശ്വരമായ സുഖാസ്വാദനങ്ങളെ സ്രഷ്ടാവിന്റെ പരിധിയും നിയമവും പാലിച്ചുകൊണ്ട് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരാണ് ബുദ്ധിമാന്മാര്‍. ഏറ്റവും ഉത്തമവും എന്നെന്നും നിലനില്‍ക്കുന്നതുമായ പാരത്രിക ജീവിതത്തിലെ സ്വര്‍ഗീയ വിജയം ആണ് യഥാര്‍ഥ വിജയമെന്നു കണ്ട് അതിന്നായി അധ്വാനിക്കുന്നവനാണ് വിശ്വാസി.
 

Feedback