വിശ്യാസികളുടെ എക്കാലത്തെയും തീര്‍ഥാടനകേന്ദ്രവും ഹിജ്‌റവര്‍ഷം രണ്ടുമുതല്‍ ലോകമുസ്‌ലിംകളുടെ ഖിബ്‌ലയുമായ വിശുദ്ധ കഅ്ബ ആരാണ് നിര്‍മിച്ചത് എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്നവീക്ഷണങ്ങളുണ്ട്. മലക്കുകള്‍, ആദം നബി(അ), ഇബ്‌റാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബി (അ)യും എന്നിങ്ങനെ പോകുന്നു ആ വീക്ഷണങ്ങള്‍.
അതേസമയം ഇബ്‌നു കസീര്‍, വിഖ്യാതചരിത്രകാരന്‍ ഇബ്‌നു ഖല്‍ദൂന്‍ എന്നിവര്‍ ഉറപ്പിച്ചു പറയുന്നത് ഇബ്‌റാഹീം നബി(അ)യും മകന്‍ ഇസ്മാഈല്‍ നബി(അ)യും തന്നെയാണ് കഅ്ബ ആദ്യമായി നിര്‍മിച്ചത് എന്നാണ്. (ഇബ്‌റാഹീമും ഇസ്മാഈലും കഅ്ബയുടെ അസ്തിവാരം പടുത്തുയര്‍ത്തുമ്പോള്‍.... (അല്‍ബഖറ:127) എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ നിന്ന്. ഇബ്‌നു കസീര്‍ 1:362, ഇമാം ആലൂസി, റൂഹുല്‍മആനീ 1:384).
ഇവ്വിഷയകമായി വന്നിട്ടുള്ള മറ്റു റിപ്പോര്‍ട്ടുകള്‍ പരസ്പരം എതിരാവുന്നുണ്ടെന്നും അതുകൊണ്ടു തന്നെ വിശ്വാസയോഗ്യമായി കാണുന്നില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
''മനുഷ്യര്‍ക്കായി നിശ്ചയിക്കപ്പെട്ട പ്രഥമഗേഹം ബക്കയിലേതാണ്....''(3:96). എന്ന സൂക്തത്തിന് ''ഭൂമിയില്‍ നിര്‍മിതമായ പ്രഥമവീട് കഅ്ബയാണെന്ന് അര്‍ഥം നല്‍കാവതല്ലെന്ന് അലി(റ) പറഞ്ഞതായി ഇമാം ഖുര്‍തുബി (4:137) വിവരിക്കുന്നുണ്ട്. ആരാധനക്കായി നിശ്ചയിക്കപ്പെട്ട ആദ്യ വീട് എന്നാണ് അതിന്റെ ഉദ്ദേശ്യം. കഅ്ബ ഖിബ്‌ലയായതോടെ, ബൈത്തുല്‍മുഖദ്ദസിന്റെ പേരില്‍ മേനി നടിച്ചിരുന്ന വേദക്കാര്‍ക്കുള്ള മറുപടിയായിട്ടാണ് ഈ സൂക്തം അവതീര്‍ണമാവുന്നത്. ബൈത്തുല്‍മുഖദ്ദസ് നിര്‍മിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പ് കഅ്ബ പടുത്തുയര്‍ത്തിയതും ആശിര്‍വദിക്കപ്പെട്ടതും ലോകര്‍ക്ക് മാര്‍ഗദര്‍ശനവുമാണ് അതെന്നുമാണ് അല്ലാഹു ഈ വചനത്തിലൂടെ വ്യക്തമാക്കുന്നത്.