Skip to main content

നോമ്പു തുറ

ഒരു ദിവസത്തെ നോമ്പ് അവസാനിപ്പിക്കുന്നതിനാണ് നോമ്പ് തുറക്കല്‍ എന്ന് പ്രയോഗിച്ചുവരുന്നത്.  സൂര്യാസ്തമയം ആയിക്കഴിഞ്ഞാല്‍ നോമ്പു തുറക്കല്‍ നിര്‍ബന്ധമാണ്. ഇസ്‌ലാമിലെ ഒരു നോമ്പിന്റെ പരമാവധി ദൈര്‍ഘ്യം ഒരു പകലാണ്. അതുകഴിഞ്ഞാല്‍ നീട്ടിക്കൊണ്ടു പോകാതിരിക്കുകയും വൈകാതെ നോമ്പ് തുറക്കുകയും ചെയ്യുക എന്നത് പ്രബലമായ സുന്നത്താണ്.


    
ഒരു നോമ്പ് മുറിക്കാതെ അടുത്ത ദിവസത്തെ നോമ്പ് തുടര്‍ന്ന് അനുഷ്ഠിക്കല്‍ നിഷിദ്ധമാണ്. നബി(സ്വ) പറഞ്ഞു: "നിങ്ങള്‍ നോമ്പുകള്‍ ചേര്‍ത്തനുഷ്ഠിക്കുന്നത് സൂക്ഷിക്കുക. സ്വഹാബിമാര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ അങ്ങ് ചിലപ്പോള്‍ ചേര്‍ത്തനുഷ്ഠിക്കുന്നുണ്ടല്ലോ. നബി(സ്വ) പറഞ്ഞു: അക്കാര്യത്തില്‍ നിങ്ങള്‍ എന്നെപ്പോലെയല്ല. നിശാവേളയില്‍ എന്റെ നാഥന്‍ എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ നിങ്ങള്‍ നിങ്ങളെക്കൊണ്ട് സാധ്യമായ കര്‍മങ്ങള്‍ അനുഷ്ഠിക്കുക"(ബുഖാരി 6851).

സമയമായാല്‍ ഉടനെ നോമ്പ് തുറക്കുക എന്നതാണ് നബിചര്യ. "നോമ്പ് തുറക്കാന്‍ ധൃതികാണിക്കുന്ന കാലത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും"(ബുഖാരി 1957). മഗ്‌രിബ് നമസ്‌കരിക്കുന്നതിന് മുമ്പ് ഏതാനും ഈത്തപ്പഴം കഴിച്ചെങ്കിലും നോമ്പു തുറക്കുകയായിരുന്നു നബി(സ്വ)യുടെ പതിവ് (അബൂദാവൂദ് 2356). 

അബൂഅത്വിയ്യ്(റ) പറയുന്നു: "ഒരിക്കല്‍ ഞാനും മസ്‌റൂഖും ആഇശ(റ)യുടെ അടുത്തുചെന്നു. തത്സമയം മസ്‌റൂഖ് പറഞ്ഞു. റസൂല്‍(സ്വ)യുടെ സന്തതസഹചാരികളില്‍ രണ്ടാളുകളുണ്ടായിരുന്നു. സദ്വൃത്തിയില്‍ അവരൊട്ടും പിന്നാക്കമല്ല. ഒരാള്‍ മഗ്‌രിബ് നമസ്‌കരിക്കലും നോമ്പ് മുറിക്കലും ധൃതിയില്‍ ചെയ്തുതീര്‍ക്കും. മറ്റെയാള്‍ മഗ്‌രിബ് നമസ്‌കരിക്കലും നോമ്പ് തുറക്കലും പിന്തിക്കും. ആയിശ(റ) ചോദിച്ചു: മഗ്‌രിബ് നമസ്‌കാരവും നോമ്പ് തുറക്കലും ധൃതിയില്‍ കൊണ്ടുവരുന്നവനാരാണ്? മസ്‌റൂഖ് പറഞ്ഞു: അബ്ദുല്ലാഹിബ്‌നു മസ്ഊദാണ്. ആഇശ(റ) പറഞ്ഞു: ഇപ്രകാരമാണ് റസൂല്‍(സ്വ) ചെയ്തിരുന്നത്" (മുസ്‌ലിം).

അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ്വ) പറഞ്ഞു: "അല്ലാഹു അരുള്‍ ചെയ്തിട്ടുണ്ട്. എന്റെ ദാസന്മാരില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ അസ്തമനത്തിനുശേഷം ധൃതിയില്‍ നോമ്പ് മുറിക്കുന്ന വരാണ്" (തിര്‍മിദി).

നബി(സ്വ)യുടെ കാലത്ത് മേഘംമൂടിയ ഒരു ദിവസം നേരത്തെ നോമ്പു തുറക്കുകയും ശേഷം സൂര്യനെ കാണുകയും ചെയ്തു. എന്നാല്‍ നോമ്പ് മാറ്റി നിര്‍വഹിക്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടില്ല (ബുഖാരി 594). ഇതിന്റെ അടിസ്ഥാനത്തില്‍ മേഘാവൃത ദിനങ്ങളില്‍ സമയമായെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി നോമ്പുതുറക്കാതെ കാത്തിരിക്കേണ്ടതില്ലെന്നും അങ്ങനെ തെറ്റിപ്പോയാല്‍ നോമ്പ് പകരം നോറ്റു വീട്ടേണ്ടതില്ലെന്നും ഇമാം ഇബ്‌നു തൈമിയ നിരീക്ഷിക്കുന്നു(മജ്മൂഉല്‍ഫതാവാ,25/124). വാച്ചും സൗകര്യങ്ങളുമുള്ള ഇക്കാലത്ത് അത് പ്രശ്‌നമേയല്ല.

നോമ്പുതുറക്കാന്‍ പഴുത്ത ഈത്തപ്പഴം, ഉണങ്ങിയ കാരക്ക, ശുദ്ധജലം എന്നിവയിലേതെങ്കിലും ഉപയോഗിക്കുന്നത് സുന്നത്താണ്. എന്നാല്‍ അതാത് പ്രദേശത്തെ മുഖ്യ ഭക്ഷണം കൊണ്ട് നോമ്പുതുറക്കാവുന്നതാണ് എന്ന യുക്തിചിന്തക്ക് ന്യായമില്ല. കേരളീയര്‍ നാളീകേരവും ഫലസ്തീന്‍കാര്‍ ഒലിവുകായയുമൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നു ചിലര്‍ പറയുന്നത് പ്രമാണങ്ങളുടെ ശരിയായ വായനയല്ല. ഭക്ഷണം അമിതവും അഹിതവും ആകാതിരിക്കാന്‍ മറ്റെല്ലാ കാലത്തെക്കാളും റമദാനില്‍ ശ്രദ്ധിക്കേണ്ടതാണ്. 

നോമ്പുതുറക്കുമ്പോള്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ''ദഹബദ്വമഉ, വബ്തല്ലത്തില്‍ ഉറൂഖു, വ സബതല്‍ അജ്‌റു ഇന്‍ശാ അല്ലാഹ്'' (ദാറുഖുത്‌നി 1/512). സാരം: ദാഹം ശമിച്ചു. ഞരമ്പുകള്‍ നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറച്ചു.


 

Feedback