നോമ്പ് മനുഷ്യനെ സംസ്‌കരിക്കാന്‍ കൂടിയുള്ള കര്‍മമാണ്. ആയതിനാല്‍ മോശമായ വാക്കും പ്രവൃത്തികളും ഇല്ലായ്മ ചെയ്യാനുള്ള പരിശീലനക്കാലം കൂടിയാവണം നോമ്പ്.
നാവ് മനുഷ്യന്റെ മഹത്വമളക്കാനുള്ള പ്രധാന ഉപാധിയാണ്. മൗനം തന്നെ വ്രതമാക്കാന്‍ മര്‍യം (അ)യോട് അല്ലാഹു നിര്‍ദേശിക്കുന്നത് സ്മരണീയമാണ്. (വിശുദ്ധ ഖുര്‍ആന്‍ 19:26) എല്ലാ കാല ത്തും മോശമായ വാക്കുകളില്‍നിന്ന് വിട്ടുനില്ക്കുക വിശ്വാസിയുടെ ബാധ്യതയാണ്. അല്ലാഹു പറഞ്ഞു ''നിങ്ങള്‍ നേരായ വാക്കുകള്‍ പറയുക. കര്‍മങ്ങള്‍ നന്നാകും, പാപങ്ങള്‍ പൊറുക്കപ്പെടും'' (വിശുദ്ധ ഖുര്‍ആന്‍ 33:70,71). ഖുര്‍ആനിലും ഹദീസിലുമായി ഈ വിഷയത്തില്‍ ഒരുപാട് മാര്‍ഗനിര്‍ദേശങ്ങളുണ്ട്: ശപിക്കരുത്, തെറിവാക്കുകള്‍ പറയരുത്, കയര്‍ക്കരുത്, നിന്ദിക്കരുത്, കുത്തുവാക്കുകള്‍ ഉപയോഗിക്കരുത്, പരിഹാസപ്പേരുകള്‍ വിളിക്കരുത് എന്നീ നിര്‍ദേശങ്ങളെല്ലാം നോമ്പുകാലത്ത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. നബി(സ്വ) പറഞ്ഞു: "ആഹാരപാനീയങ്ങള്‍ വര്‍ജിക്കല്‍ മാത്രമല്ല നോമ്പ്. വ്യര്‍ഥവും മ്ലേഛവുമായ വാക്കുകള്‍ വര്‍ജിക്കലാണ് നോമ്പ്. നിന്നെ ആരെങ്കിലും ചീത്ത പറയുകയോ നിന്നോട് ആരെങ്കിലും അവിവേകം കാണിക്കുകയോ ചെയ്താല്‍, ഞാന്‍ നോമ്പു കാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്ന് അവനോട് പറയുക "(ഇബ്‌നു ഹിബ്ബാന്‍ 3479).
നബി(സ്വ) പറയുന്നു: "ഒരാള്‍ വ്യാജമായ വാക്കും അതനുസരിച്ചുള്ള കര്‍മങ്ങളും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് താല്പര്യമില്ല" (ബുഖാരി 1903). ഇത്തരം വാക്കുകളും പ്രവര്‍ത്തനങ്ങളും കാരണം പ്രത്യക്ഷത്തില്‍ നോമ്പ് നഷ്ടപ്പെടുമെന്നും പകരം നോമ്പ് നോറ്റുവീട്ടണം എന്നുമുള്ള അര്‍ഥത്തിലല്ലെങ്കിലും പ്രതിഫലത്തില്‍ വലിയ കുറവുവരും എന്നാണ് നബി(സ്വ) താക്കീത് ചെയ്യുന്നത്.
നോമ്പനുഷ്ഠിക്കുന്നതുകൊണ്ട് വിശപ്പല്ലാതെ മറ്റൊന്നും ലഭിക്കാത്ത എത്ര നോമ്പുകാരുണ്ട്! ഉറക്ക മൊഴിക്കലല്ലതെ മറ്റൊന്നും ലഭിക്കാത്ത എത്ര നമസ്‌കാരക്കാരുണ്ട്, (ഇബ്‌നുമാജ, അല്‍ബാനി 1380). നബി(സ്വ) ഓര്‍മപ്പെടുത്തുന്നത് അനാവശ്യവാക്കും പ്രവൃത്തിയുമായി നോമ്പിന്റെ ചൈതന്യം ചോര്‍ത്തുന്നവരെക്കുറിച്ചാണ്.
അനാവശ്യ വിനോദങ്ങളും തമാശകളുമായി കളയാനുള്ളതല്ല നോമ്പുകാരന്റെ പുണ്യരകമായ ഓരോ നിമിഷവുമെന്ന് മനസ്സിലാക്കുക.