Skip to main content

ക്ഷമയുടെ മാസം

റമദാനിനെ ക്ഷമയുടെ മാസം എന്നാണ് നബി(സ്വ) പരിചയപ്പെടുത്തിയത്. അക്രമത്തിന് മുതിരുന്നവരോട്, അസഭ്യവുമായി വരുന്നവരോട് താന്‍ നോമ്പുകാരനാണ് എന്ന ക്ഷമയുടെ വാക്കുകള്‍ പറയാനും നബി(സ്വ) ഓര്‍മിപ്പിക്കുന്നു. വിശപ്പും ദാഹവും ലൈംഗിക ഇഛയും നിയന്ത്രിക്കുക എന്നത് നോമ്പിന്റെ ഏറ്റവും വലിയ സഹനമാണ്. ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ച സദ്‌സ്വഭാവമാണ് ക്ഷമ. "സത്യവിശ്വാസികളേ, നിങ്ങള്‍ ക്ഷമയും നമസ്‌കാരവുമായി അല്ലാഹുവിനോട് സഹായം തേടുക, തീര്‍ച്ചയായും അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ്" (2:153). "ക്ഷമയില്‍ മുന്നേറുക" (3:200). "ക്ഷമ കൊണ്ട് പരസ്പരം ഉപദേശിക്കുക എന്നത് വിജയിക്കുന്ന മനുഷ്യന്റെ ലക്ഷണമാണെന്നതിന് കാലം സാക്ഷിയാണ്" (103:3). എന്നിങ്ങനെ ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും നബി(സ്വ) വചനങ്ങളും കാണാവുന്നതാണ്. 

ക്ഷമ എന്ന സദ്ഗുണം നോമ്പിന്റെ കര്‍മങ്ങളിലും സംസാരങ്ങളിലും ഭക്ഷണവേളകളിലും ആരാധനകളിലും പെരുമാറ്റങ്ങളിലുമെല്ലാം പ്രതിഫലിക്കണം. നോമ്പുകാരനും അവനുള്‍ക്കൊള്ളുന്ന സമൂഹവും സാഹചര്യവും പരിസരവുമെല്ലാം സംയമനത്തിന്റെയും സഹനത്തിന്റെതുമാകണം. ആഇശ(റ)ക്കെതിരെ നടന്ന ആരോപണം വ്യാജമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയപ്പോള്‍ അബൂബക്ര്‍(റ)വില്‍ നിന്നു വന്ന മാനുഷികമായ പ്രതികരണത്തെപ്പറ്റി അല്ലാഹു പറയുന്നു: ''നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞുവന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തു തരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ''(24:22). ഇത് നമുക്ക് എന്നേക്കുമുള്ളതാണ്; റമദാനിലേക്ക് പ്രത്യേകിച്ചും.

റമദാനിന്റെ അവസാന പത്തില്‍ ലോകരക്ഷിതാവിനോട് വിട്ടുവീഴ്ച ഏറെയായി ചോദിക്കുന്ന നോമ്പുകാരന്‍, രക്ഷിതാവെന്ന നിലയില്‍ തന്റെ കീഴിലുള്ളവരോട് വിട്ടുവീഴ്ച കാണിക്കാറുണ്ടോ എന്ന് ആത്മപരിശോധന നടത്താനാണ് ഈ വചനം ഉണര്‍ത്തുന്നത്.
 

Feedback