റമദാന്‍ എല്ലാ നന്മകള്‍ക്കും പുണ്യമേറ്റുന്നു. ഒരു സുന്നത്തായ കര്‍മത്തിന് ഫര്‍ദിന്റെയും ഒരു ഫര്‍ ദിന് എഴുപത് ഫര്‍ദിന്റെയും പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെ പടച്ചവനുമായോ പടപ്പുകളുമായോ ബന്ധപ്പെട്ട എല്ലാവിധ നന്മകളും ഏറെ സംഭരിക്കാന്‍ നോമ്പു കാരന്‍ മത്സരിക്കേണ്ടതാണ്.
നമസ്‌കാരം പോലെ നിര്‍ബന്ധമായ കാര്യങ്ങള്‍ ഏറെ കൃത്യതയോടെ സമയബന്ധിതമായി നിര്‍വഹിക്കാനും പരമാവധി ജമാഅത്ത് (സംഘം) നമസ്‌കാരത്തില്‍ പങ്കെടുക്കാനും ശ്രമിക്കേണ്ടതാണ്. നമസ്‌കാരം ശ്രദ്ധിക്കാതെ നോമ്പ് എങ്ങനെ പൂര്‍ത്തിയാകാനാണ്!
രോഗീ സന്ദര്‍ശനം, കുടുംബബന്ധം ചാര്‍ത്തല്‍, അയല്‍പക്ക ബന്ധം സുദൃഢമാക്കല്‍, വൈയക്തികവും സാമൂഹികവുമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുതലായവയിലെല്ലാമായി നോമ്പ് ഊര്‍ജസ്വലമാകണം.
തറാവീഹ് നമസ്‌കാരം
ഫര്‍ദ് (നിര്‍ബന്ധ) നമസ്‌കാരങ്ങള്‍ കഴിഞ്ഞാല്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതും ഏറെ പുണ്യ കരവുമാണ് തഹജ്ജുദ് നമസ്‌കാരം. ഇശാഇനും സുബ്ഹിനുമിടയില്‍ നിര്‍വഹിക്കേണ്ട ഐഛിക നമസ്‌കാരമാണ് ഇത്. ഒന്ന്, മൂന്ന്, അഞ്ച്…എന്നിങ്ങനെ പതിനൊന്നു റക്അത്ത് വരെ ഒറ്റയാക്കി ഇത് നമസ്‌കരിക്കാം. തഹജ്ജുദ്, വിത്ര്‍, ഖിയാമുല്ലൈല്‍ എന്നെല്ലാം ഈ നസമ്കാരത്തിന് പേരുണ്ട്. അഞ്ചുനേരം നമസ്‌കാരം നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പു തന്നെ ഈ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നു. പിന്നീട് ഇത് ഐഛികമായി നിശ്ചയിക്കപ്പെട്ടു. നബി(സ്വ) ഖിയാമുല്ലൈല്‍ നിര്‍വഹിക്കുന്നതില്‍ ഏറെനിഷ്‌കര്‍ഷ പുലര്‍ത്തി. സ്വഹാബികള്‍ ഇതില്‍ മത്സരിച്ച് മുന്നേറിയിരുന്നു.
റമദാനിലെ ഖിയാമുല്ലൈല്‍ ഖിയാമു റമദാന്‍ എന്നറിയപ്പെടുന്നു. ഇതിന് അളവറ്റ പ്രതിഫലമുണ്ട്. മുന്‍കാല പാപങ്ങള്‍ പൊറുക്കാന്‍ കാരണമാകുമെന്ന് നബി(സ്വ) ഉണര്‍ത്തുന്നു. ഖിയാമു റമദാന്‍ പള്ളികളില്‍ ജമാഅത്തായി നമസ്‌കരിക്കാന്‍ നബി(സ്വ)യുടെ മാതൃകയുണ്ട്. പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുന്നതാണോ വീട്ടില്‍ സ്വന്തമായി നമസ്‌കരിക്കുന്നതാണോ ഉത്തമം എന്ന വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. രാത്രിയുടെ അന്ത്യയാമങ്ങളില്‍ വീട്ടില്‍ വെച്ച് സ്വന്തമായി ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്ത് നമസ്‌കരിക്കാന്‍ കഴിയാത്തവര്‍ക്ക് പള്ളിയിലെ ജമാഅത്ത് തന്നെയാണ് ഉത്തമം. ഇങ്ങനെ താല്പര്യമുള്ളവര്‍ക്ക് വേണ്ടി പള്ളിയില്‍ ഖിയാമുല്ലൈല്‍ സംഘടിപ്പിക്കപ്പെടണം.
രാത്രി നമസ്‌കാരം (ഖിയാമുല്ലൈല്‍) ഈരണ്ട് റക്അത്തായി നമസ്‌കരിക്കുകയും ഒറ്റ റക്അത്തുകൊണ്ട് അവസാനിപ്പിക്കുകയുമാണ് വേണ്ടത്. ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്ത് ഈരണ്ടു റക്അത്തുകളായി നിര്‍വഹിക്കപ്പെടുമ്പോള്‍ ഇടയില്‍ വിശ്രമിക്കുന്നതിനു വിരോധമില്ല. ഇങ്ങനെ ചെയ്യുന്നതിനാല്‍ വിശ്രമം എന്ന അര്‍ഥത്തിലുള്ള തറാവീഹ് എന്ന ഒരു നാമം ഈ നമസ്‌കാരത്തിന് പില്ക്കാലത്ത് വന്നുചേര്‍ന്നു. പക്ഷേ തറാവീഹ് എന്നത് ഒരു പ്രത്യേക നമസ്‌കാരമാണെന്ന് ചിലര്‍ തെറ്റായി ധരിച്ചുപോയി. റമദാനിലെ ഖിയാമുല്ലൈല്‍ തന്നെയാണ് തറാവീഹ് എന്നറിയപ്പെടുന്നത്.