Skip to main content

കീര്‍ത്തനങ്ങള്‍, പ്രാര്‍ഥനകള്‍

എല്ലാ നന്മകള്‍ക്കും എഴുനൂറിലേറെ ഇരട്ടി പ്രതിഫലം ലഭിക്കുന്ന സന്ദര്‍ഭമെന്ന നിലയില്‍, അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള അവനെക്കുറിച്ചുള്ള സ്മരണകളും (ദിക്ര്‍) അവനോടുള്ള പ്രാര്‍ഥനകളും റസൂലിന്നു വേണ്ടിയുള്ള പ്രാര്‍ഥനയും (സ്വലാത്ത്) നിര്‍വഹിക്കുന്നത് കൂടുതലായി ശ്രദ്ധിക്കേണ്ട സമയമാണ് റമദാന്‍.

റമദാനില്‍ നിശ്ചിത ദിവസങ്ങളിലേക്ക് നിര്‍ണിത പ്രാര്‍ഥനകളോ ദിക്‌റുകളോ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവസാന പത്തില്‍ 'അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്‌വ ഫഉഫ്അന്നീ' (അല്ലാഹുവേ, നീ ഏറെ പൊറുക്കുന്നവനും പൊറുക്കല്‍ ഇഷ്ടപ്പെടുന്നവനുമാണ്. എനിക്ക് നീ മാപ്പു നല്‌കേണമേ.) എന്ന പ്രാര്‍ഥന കൂടുതലായി ചൊല്ലുന്നത് സുന്നത്താണ്.

ഒരു അടിമക്ക് തന്റെ യജമാനനായ പ്രപഞ്ചസ്രഷ്ടാവിനെ ആരാധിക്കാനും പുണ്യങ്ങള്‍ വാരിക്കൂട്ടാനും ഏറ്റവും എളുപ്പമായ മാര്‍ഗമാണ് ദിക്‌റുകള്‍ (സ്‌തോത്രങ്ങള്‍). അല്ലാഹുവിന്റെ നാമങ്ങളും വിശേഷണങ്ങളും കൂടാതെ മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചുതന്ന പ്രത്യേക വാക്യങ്ങളും ഏതു സന്ദര്‍ഭത്തിലും എത്രതവണയും ചൊല്ലാവുന്നതാണ്. ചില നിശ്ചിത സ്ഥലങ്ങളിലും സമയങ്ങളിലും റസൂല്‍(സ്വ) നിര്‍ണയിച്ചുതന്ന ദിക്‌റുകള്‍ നിര്‍ണിത അളവില്‍ മാത്രം നിര്‍വഹിക്കേണ്ടതാണ്. അല്ലാത്ത ഏതവസരത്തിലും നമുക്കിഷ്ടമുള്ള ഏത് ദിക്‌റുകളും എത്രവേണമെങ്കിലും ചൊല്ലുന്നത് പുണ്യമാണ്. ഇതിന് പ്രത്യേക എണ്ണമോ സമയമോ രൂപമോ നിശ്ചയിക്കുമ്പോള്‍ അത് മതത്തിലെ പുതുനിര്‍മിതി (ബിദ്അത്ത്)യായി മാറുകയും കുറ്റകൃത്യമാവുകയും ചെയ്യും.

നോമ്പുകാരന്റെ പ്രാര്‍ഥന ഉത്തരം ലഭിക്കുന്നതാണ്. നബി(സ്വ) പറഞ്ഞു: "മൂന്നു പ്രാര്‍ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്കാതിരിക്കില്ല. നോമ്പുകാരന്റെയും മര്‍ദിതന്റെയും യാത്രക്കാരന്റെയും"(അല്‍ബാനീ, സഹീഹുല്‍ജാമിഅ് 3030). ലംഘിക്കപ്പെടാത്ത വാഗ്ദാനമാണ് അല്ലാഹുവിന്റെത്. അതുകൊണ്ടുതന്നെ പരമാവധി പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടാന്‍ ശ്രദ്ധിക്കുക. 

Feedback