Skip to main content

ഇഅ്തികാഫ്

ജീവിതത്തിന്റെ അനിവാര്യമല്ലാത്ത എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞുമാറി അല്ലാഹുവിനെ ആരാധിക്കാനായി പ്രത്യേക നിയ്യത്തോടെ (ഉദ്ദേശ്യം) പള്ളിയില്‍ താമസിക്കുന്നതിനാണ് ഇഅ്തികാഫ് എന്നു സാങ്കേതികമായി പറയുന്നത്. ഒരു കാര്യത്തില്‍ പ്രത്യേകം ചടഞ്ഞുകൂടുക, മുഴുകുക എന്നെല്ലാമാണ് ഇഅ്തികാഫിന്റെ ഭാഷാര്‍ഥം. തന്റെ രക്ഷിതാവിനെ അറിയാനും അവനോട് അടുക്കാനും ഒരു അടിമ തന്റെ ഭൗതികജീവിതത്തിന്റെ കെട്ടുപാടുകള്‍ വിട്ട് അല്ലാഹുവിന്റെ ഭവനത്തില്‍ ഒഴിഞ്ഞിരിക്കുക. അനാവശ്യ സംസാരങ്ങളും പ്രവര്‍ത്തനങ്ങളും ഒഴിവാക്കി പ്രത്യക്ഷത്തില്‍ തന്നെ അല്ലാഹുവുമായി ബന്ധപ്പെടുന്ന നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, ദിക്‌റ്, ദുആ എന്നിവയുമായി ഭക്തിയോടെ കഴിച്ചുകൂട്ടുക.  ഇതാണ് ഇഅ്തികാഫിന്റെ സാമാന്യരൂപം. 

എല്ലാ മുസ്‌ലിം സ്ത്രീപുരുഷന്‍മാര്‍ക്കും ഇഅ്തികാഫ് സുന്നത്താണ്. ഇതിന് സമയം നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഏതു കാലത്തും ഏതാനും സമയമോ ദിവസങ്ങള്‍ തന്നെയോ ഈ നിയ്യത്തോടെ ഇരിക്കാവുന്നതാണ്. രാത്രിയോ പകലോ മാത്രവും തെരഞ്ഞെടുക്കാം. ഇഅ്തികാഫ് ഇരിക്കുന്ന ആള്‍ക്ക് അനിവാര്യമായ കാര്യങ്ങള്‍ക്കായി പുറത്തുപോകാവുന്നതാണ്. ഭക്ഷണം, വിസര്‍ജനം, രോഗീസന്ദര്‍ശനം, മയ്യിത്ത് സംസ്‌കരണം, മറ്റു പരിഹാരങ്ങളില്ലെങ്കില്‍ വീട്ടിലേക്കാവശ്യമായ അത്യാവശ്യകാര്യങ്ങള്‍ നിര്‍വഹിക്കല്‍ എന്നിവയെല്ലാം ഇതില്‍പെടും. നിയ്യത്ത് ചെയ്യുമ്പോള്‍ ഈ വ്യവസ്ഥകള്‍ ഉള്‍പെടുത്താവുന്നതാണ്. ആവശ്യം കഴിഞ്ഞ് പെട്ടെന്നു തന്നെ തിരിച്ചുവരണം. വലിയ അശുദ്ധിയു ണ്ടായിരിക്കെ ഇഅ്തികാഫ് പാടില്ല.

റമദാന്‍ മാസത്തിലെ അവസാന പത്തുനാളുകളില്‍ ഇഅ്തികാഫിന് ഏറെ പ്രതിഫലമുണ്ട്. റസൂല്‍(സ്വ)യുടെ മാതൃകയും അതിനുണ്ട്. നബി(സ്വ) എല്ലാ റമദാനിലും അവസാന പത്തില്‍ മസ്ജിദുന്നബവിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. മരണമടഞ്ഞ വര്‍ഷം അവസാനത്തെ ഇരുപതു ദിവസം നബി(സ്വ) ഇഅ്തികാഫ് നിര്‍വഹിച്ചു (അബൂദാവൂദ്). നബി(സ്വ)യുടെ ഭാര്യമാരും അദ്ദേഹത്തോടൊപ്പം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും അവര്‍ അത് തുടര്‍ന്നുപോന്നു (ബുഖാരി 2026).

ഇഅ്തികാഫ് ഏതു സമയത്തും തുടങ്ങാമെങ്കിലും സ്വുബ്ഹ് നമസ്‌കരിച്ച് ആരംഭിക്കലാണ് നബി (സ്വ)യുടെ പതിവ്. ഉദ്ദേശിക്കുന്ന സമയത്ത് അവസാനിപ്പിക്കാവുന്നതാണ്. പള്ളിയില്‍ മാത്രമേ ഇഅ്തികാഫ് പാടുള്ളൂ. ജമാഅത്ത് നമസ്‌കാരം നടക്കുന്ന ഏതു പള്ളിയിലും ആകാം. ജുമുഅത്തുപള്ളി തന്നെ വേണമെന്നില്ല. മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കാത്ത വിധത്തില്‍ പള്ളിക്കകത്ത് പ്രത്യേകം സ്ഥലം ഒരുക്കാവുന്നതാണ്.  നോമ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇഅ്തികാഫ് നിര്‍വഹിക്കാം. സുന്നത്തായ ഇഅ്തികാഫിന്റെ സമയം മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യാം. എന്നാല്‍ നേര്‍ച്ചയിലൂടെ നിര്‍ബന്ധമായതാണെങ്കില്‍ അത് കൃത്യമായി പൂര്‍ത്തീകരിക്കുകയോ പിന്നീട് നിര്‍വഹിക്കുകയോ വേണം.

ആവശ്യമില്ലാതെ പള്ളിയില്‍നിന്ന് പുറത്തുപോവുക, ലൈംഗികബന്ധം,  ബോധപൂര്‍വമായ സ്ഖലനം, ആര്‍ത്തവം, പ്രസവരക്തം, ബുദ്ധിഭ്രമം, ഇസ്‌ലാം പരിത്യാഗം എന്നിവമൂലം ഇഅ്തികാഫ് മുറിയും. ഇഅ്തികാഫിന്റെ സമയത്ത് ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ, സ്വലാത്ത്, ഇസ്‌ലാമിക വിജ്ഞാനപഠനം, തഹജ്ജുദ് നമസ്‌കാരം റവാതിബ് സുന്നത്തുകള്‍ പോലെ പുണ്യകരമായ കാര്യങ്ങള്‍ കൂടുതലായി നിര്‍വഹിക്കാം.

റമദാനിലെ ഉംറ

റമദാന്‍ മാസത്തില്‍ നിര്‍വഹിക്കുന്ന ഉംറക്ക് മറ്റുകാലങ്ങളിലുള്ളതിനേക്കാള്‍ പ്രതിഫലമുണ്ട്. അന്ന് നിര്‍വഹിക്കുന്ന ഉംറക്ക് ഹജ്ജിന്റെ പ്രതിഫലമുണ്ടെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട് (ബുഖാരി 1782). അതുകൊണ്ടുതന്നെ പരമാവധി നന്മകള്‍ വാരിക്കൂട്ടാന്‍ വിശ്വാസി ആര്‍ത്തികാണിക്കുന്ന റമദാനില്‍ ഉംറ നിര്‍വഹിക്കാനും ശ്രമിക്കാവുന്നതാണ്. റമദാനിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലമുണ്ടെങ്കിലും ഈ ഉംറ വഴി ഹജ്ജിന്റെ ബാധ്യത ഒഴിവാകുകയില്ല. അവര്‍ ഹജ്ജ് വേറെ നിര്‍വഹിക്കുകതന്നെ വേണം. അതുപോലെ ഉംറ ചെയ്തു എന്നതിന്റെ പേരില്‍ കഴിവില്ലാത്തവര്‍ക്ക് ഹജ്ജ് നിര്‍ബന്ധമാവുകയുമില്ല.
 

Feedback