അല്ലാഹുവിന്റെ ഔദാര്യം അളവില്ലാതെ അടിമകളില്‍ പെയ്തിറങ്ങുന്ന മാസമാണ് റമദാന്‍. എന്നിരിക്കെ, നന്ദിയുള്ള അടിമകളും ആ നാളുകളില്‍ ഏറെ ഉദാരരാകേണ്ടതുണ്ട്. "നിനക്ക് അല്ലാഹു നന്മ ചെയ്തതുപോലെ നീ ജനങ്ങള്‍ക്കും നന്മചെയ്യുക" എന്നാണല്ലോ ഖാറൂന്‍ എന്ന ധനികനോട് അന്നാട്ടിലെ വിശ്വാസികള്‍ ഓര്‍മപ്പെടുത്തിയത്(28:77). അടിച്ചുവീശുന്ന കാറ്റുപോലെയായിരുന്നു റമദാനില്‍, വിശിഷ്യാ അവസാന പത്തില്‍ നബി(സ്വ)യുടെ ദാനധര്‍മമെന്ന് ഹദീസുകളില്‍ കാണാം. പടച്ചവന്‍ ഏറെ തരുമ്പോള്‍ പടച്ചവന്ന് ഏറെ നന്ദി ചെയ്ത് ഇരട്ടി പുണ്യം വാങ്ങാന്‍ മത്സരിക്കുക.
ജീവിത നിലപാടുകളില്‍ ദാനശീലവും വിട്ടുവീഴ്ചയും ശീലമാക്കാനാണ് നബി(സ്വ) പഠിപ്പിക്കുന്നത്. റമദാന്‍ മാസത്തില്‍ തന്റെ തൊഴിലാളിക്ക് തൊഴിലില്‍ ഇളവനുവദിക്കുന്നത് പാപമോചനത്തിന് കാരണമാകുമെന്ന് പ്രവാചകന്‍ ഉണര്‍ത്തുന്നു.
നിര്‍ബന്ധ ദാനമായ സകാത്ത് സമയമായാല്‍ നല്കണം. അത് റമദാനിലേക്ക് നീട്ടിവെക്കുന്നത് പ്രത്യേകം പുണ്യകരമല്ല. മാത്രമല്ല, ബാധ്യതാസമയത്തിനു ശേഷം വീട്ടാന്‍ കഴിയാതെ മരണപ്പെട്ടാല്‍ കടക്കാരനാവുക വഴി കുറ്റക്കാരനാവുകയും ചെയ്യും. എന്നാല്‍ വര്‍ഷക്കണക്കും മറ്റും സൂക്ഷിക്കാനുള്ള സൗകര്യം കരുതി സകാത്ത് നല്കുന്നതിന് റമദാന്‍ മാസം തെരഞ്ഞെ ടുക്കുന്നത് കുറ്റകരമല്ല.
റമദാനിലെ അവസാന പത്തില്‍ ലൈലതുല്‍ഖദ്ര്‍ വരുന്നതിനാല്‍ ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന് മറ്റു ദിവസങ്ങളെക്കാള്‍ പ്രതിഫലമുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ അത്യാവശ്യമായ ദാനധര്‍മങ്ങളോ മറ്റു പുണ്യകര്‍മങ്ങളോ റമദാനിന്റെ അവസാനത്തെ പത്തിലേക്ക് നീട്ടിവെക്കുന്നത് ശരിയല്ല.