മനുഷ്യ സൃഷ്ടിപ്പിന്റെ ആത്യന്തികമായ ലക്ഷ്യം പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനു മാത്രം ആരാധനകള്‍ അര്‍പ്പിച്ചു കൊണ്ട് ജീവിതം അവന്ന് സമര്‍പ്പിക്കുക എന്നതാണ്. അല്ലാഹു പറയുന്നു: 'ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല' (51:56). സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിന്റെ മുമ്പില്‍ താഴ്മയും ഭക്തിയും സദാ പ്രകടിപ്പിച്ച് അവന്റെ കാരുണ്യ കടാക്ഷങ്ങള്‍ക്കായി കേഴുന്ന വിശ്വാസിയുടെ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമായിരിക്കും. അല്ലാഹുവിന്റെ വിനീത ദാസനായി അവനോട് അനുസരണം പ്രഖ്യാപിക്കുകയും അവന്റെ നിയമനിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുകയാണ് പ്രാര്‍ഥനയിലൂടെ ഓരോ വിശ്വാസിയും. എത്ര വലിയ ധനികനും ആരോഗ്യവാനും പ്രതാപിയും താന്‍ സ്വയം പര്യാപ്തനല്ലെന്ന് തിരിച്ചറിഞ്ഞ്, സര്‍വശക്തനായ അല്ലാഹുവിനോട് കേഴുമ്പോള്‍ അഹംഭാവത്തിന്റെ മുഖംമൂടിയഴിഞ്ഞു വീഴുന്നു. വിനയത്തിന്റെയും കൃതജ്ഞതയുടെയും സമുന്നതഭാവങ്ങള്‍ വിശ്വാസിയില്‍ രൂഢമൂലമാവുന്നു. വിശ്വാസിയുടെ ജീവിതത്തെതന്നെ സമൂലമായി പരിവര്‍ത്തിപ്പിക്കുന്ന അതിവിശിഷ്ടമായ ഫലങ്ങളും ഗുണങ്ങളും പ്രാര്‍ഥനയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതിഫലാര്‍ഹമായ ആരാധന എന്ന നിലക്ക് അല്ലാഹുവിങ്കല്‍ സ്വീകാര്യമാവുന്നവിധം പ്രാര്‍ഥന പതിവാക്കാനാണ് വിശ്വാസികള്‍ ബദ്ധശ്രദ്ധരാകേണ്ടത്.
ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം പാരത്രികമോക്ഷമാണ്. ഐഹികജീവിതം പാരത്രിക വിജയത്തിലേക്കുള്ള കര്‍മവേദിയാണ്. വിശ്വാസികളുടെ പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളും പാരത്രിക ജീവിത വിജയത്തെ ലക്ഷ്യമാക്കിക്കൊണ്ടാവണം. നന്മയും തിന്മയും അല്ലാഹുവിന്റെ തീരുമാനത്തിനും വിധി നിര്‍ണയത്തിനും അനുസരിച്ചാണ് ഏതൊരാളുടെയും ജീവിതത്തില്‍ സംഭവിക്കുന്നത്. എങ്കിലും അല്ലാഹുവിനോട് തേടേണ്ടത് വിശ്വാസികളുടെ കടമയാണ്. വിധിപോലെ സംഭവിക്കുമെന്ന് കരുതി സമാശ്വസിക്കുകയല്ല വേണ്ടത്. വിധിയില്‍ വിശ്വാസമര്‍പ്പിക്കുന്നതോടൊപ്പം നന്മ ലഭിക്കാനും തിന്മ നീങ്ങാനും അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നവന്റെ തേട്ടത്തെ അവന്‍ വൃഥാവിലാക്കില്ല എന്ന കാര്യമാണ് ഖുര്‍ആനും നബിവചനങ്ങളും പഠിപ്പിക്കുന്നത്.
'എന്നെ വിളിച്ചു പ്രാര്‍ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം' എന്ന് അല്ലാഹുവിന്റെ വാഗ്ദാനമാണ് (40:60). എന്നാല്‍ ചില പ്രാര്‍ഥനകള്‍ ഉത്തരങ്ങള്‍ ലഭിക്കുന്നില്ലല്ലോ എന്ന് മനുഷ്യര്‍ പരിഭവപ്പെടാറുണ്ട്. അല്ലാഹുവിനോട് തേടിയ കാര്യങ്ങള്‍ ജീവിതത്തില്‍ സാധിച്ച് കിട്ടിയില്ലെന്നു പറഞ്ഞ് നിരാശപ്പെടുന്നവരേയും കാണാന്‍ കഴിയും. യഥാര്‍ഥത്തില്‍ നിഷ്‌കളങ്കവും നിരുപദ്രവുമായ എല്ലാ പ്രാര്‍ഥനകള്‍ക്കും ഉത്തരം ലഭിക്കുന്നുണ്ട്. പ്രാര്‍ഥന സ്വീകരിക്കുക എന്നതും പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുക എന്നതും രണ്ടു കാര്യമാണ്. എല്ലാറ്റിനെക്കുറിച്ചും സൂക്ഷ്മജ്ഞാനിയായ അല്ലാഹു അവന് മാത്രമറിയാവുന്ന യുക്തികളെ ആസ്പദിച്ച് പ്രാര്‍ഥനകള്‍ സ്വീകരിക്കുകയും ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. ചോദിച്ച കാര്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടുന്നതും ചോദിച്ചതിനേക്കാള്‍ കൂടുതല്‍ ലഭിക്കുന്നതും ചോദിച്ച ആവശ്യങ്ങള്‍ നിരാക്കിക്കപ്പെടുന്നതും എല്ലാം ദൈവിക യുക്തിയുടെ താല്പര്യങ്ങള്‍ക്കനുസരിച്ചാണ് എന്ന് നാം വിശ്വസിക്കേണ്ടതുണ്ട്. ഡോക്ടറുടെ അരികില്‍ ചെല്ലുന്ന രോഗിക്ക് അയാള്‍ നിര്‍ദേശിക്കുന്ന മരുന്ന് തന്നെ ഡോക്ടര്‍ ചിലപ്പോള്‍ കുറിച്ചുകൊടുക്കും. ചിലപ്പോള്‍ വേറെ മരുന്നായിരിക്കും നല്‍കുന്നത്. അതുമല്ലെങ്കില്‍ ഒരു മരുന്നും കൊടുക്കാതെയും ഇരിക്കാം. രോഗിക്ക് ഗുണം ചെയ്യുന്നതും ദോഷം ചെയ്യുന്നതും ആയ മരുന്നിനെക്കുറിച്ച് കാര്യമായ അറിവ് ഡോക്ടര്‍ക്കുള്ളതിനാല്‍ അയാളുടെ തീരുമാനത്തിന് നാം വിധേയമാവുകയാണ് ചെയ്യുന്നത്. പ്രതീക്ഷയോടും പ്രതിപലേഛയോടും കൂടി ദൃഡവിശ്വാസം കൈമുതലാക്കിയിട്ടുള്ള ഓരോ മുസ്‌ലിമും നിര്‍വഹിക്കുന്ന പ്രാര്‍ഥന ഒരിക്കലും വൃഥാവിലാകില്ല.
അബൂസഈദ് ഖുദ്‌റി(റ)യില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു. കുറ്റകരമായ കാര്യത്തിലോ കുടുംബബന്ധം വിഛേധിക്കുന്നതിനോ വേണ്ടിയല്ലാതെ ഒരു മുസ്‌ലിം പ്രാര്‍ഥിക്കുമ്പോള്‍ മൂന്നില്‍ ഒരു മാര്‍ഗേണ അല്ലാഹു പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. ഒന്നുകില്‍ താമസം വിനാ ഉത്തരം നല്‍കും. അല്ലെങ്കില്‍ പ്രാര്‍ഥനയ്ക്കുള്ള പ്രതിഫലം പരലോകത്ത് വെച്ചു നല്‍കും. അതുമല്ലെങ്കില്‍ സംഭവിക്കാനിരിക്കുന്ന ഒരു വിപത്ത് അകറ്റിക്കൊടുക്കും. അപ്പോള്‍ അനുചരര്‍ ചോദിച്ചു. ഞങ്ങള്‍ പ്രാര്‍ഥന അധികരിപ്പിക്കുകയാണെങ്കിലോ? നബി(സ്വ) പറഞ്ഞു. അല്ലാഹുവും അധികരിപ്പിക്കും (അഹ്മദ്: കിതാബ് അല്‍ തര്‍ഗീബ് വ തര്‍ഹിബ് - വാള്യം 2 പേജ് 389). പ്രാര്‍ഥനയുടെ സാഫല്യമായിട്ട് നാം തേടിയ കാര്യം ജീവിതത്തില്‍ നിവര്‍ത്തിക്കപ്പെടുന്നത് നീണ്ട കാത്തിരിപ്പിനൊടുവിലായിരിക്കാം. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവാതെ അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെ തേട്ടങ്ങളൊന്നും പാഴായിപ്പോകില്ല എന്നത് നബി(സ്വ) പഠിപ്പിക്കുന്നു. പ്രാര്‍ഥിച്ചിട്ട് ഉത്തരം ലഭിക്കുന്നില്ല എന്ന് പറഞ്ഞ് ധൃതി കൂട്ടരുതെന്ന് അവിടുന്ന് പ്രത്യേകം ഉണര്‍ത്തി. അബൂഹുറയ്‌റ(റ) പറയുന്നു: നിങ്ങളിലൊരാള്‍ ധൃതി കൂട്ടാത്തിടത്തോളം പ്രാര്‍ഥനയ്ക്ക് ഉത്തരം നല്കപ്പെടുന്നു. ഞന്‍ പ്രാര്‍ഥിച്ചു എനിക്ക് ഉത്തരം ലഭിച്ചില്ല എന്നാണ് അവന്‍ പറയുന്നത് (ബുഖാരി 63:40).