സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു മാത്രമാണ് ആരാധ്യന്‍. പ്രാര്‍ഥന അവനോടു മാത്രമേ ആകാവൂ. കാരണം അവനല്ലാതെ ആര്‍ക്കും പ്രാര്‍ഥന കേള്‍ക്കാനോ ഉത്തരം നല്‍കാനോ കഴിയുകയില്ല. അവനോടല്ലാതെയുള്ള പ്രാര്‍ഥനകളെല്ലാം നിരര്‍ഥകവും നിഷ്ഫലവുമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''അവനോടു മാത്രമാണ് യഥാര്‍ഥ പ്രാര്‍ഥന. അവനു പുറമെ ആരോടെല്ലാം അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല. വെള്ളം തന്റെ വായില്‍ വന്നെത്തുന്നതിന് വേണ്ടി തന്റെ ഇരു കൈപ്പടങ്ങളും വെള്ളത്തിന് നേരെ നീട്ടിപ്പിടിച്ചവനെപ്പോലെ മാത്രമാണവര്‍. അതവന്റെ വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന വ്യര്‍ഥം തന്നെയാകുന്നു'' (13:14).
അല്ലാഹു മനുഷ്യനോട് അവന്റെ ജീവനാഡിയേക്കാള്‍ സമീപസ്ഥനാണെന്നും അങ്ങനെയുള്ള അവന് മാത്രമേ പ്രാര്‍ഥന കേള്‍ക്കാനും ഉത്തരം നല്‍കാനും സാധിക്കുകയുള്ളൂവെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (2:186). മനുഷ്യന്റെ ജീവിതത്തില്‍ ഉപകാരങ്ങള്‍ ലഭിക്കാനും ഉപദ്രവങ്ങള്‍ നീങ്ങാനും ഇരു കൈകളും നീട്ടി അവന്‍ യാചിക്കേണ്ട നിസ്സഹായതയുടെ നിരവധി ഘട്ടങ്ങള്‍ അവന്‍ തരണം ചെയ്യേണ്ടതായി വന്നേക്കാം. മനുഷ്യന്റെ കഴിവിന്റെയും സാധ്യതയുടെയും പരിധിക്ക് അപ്പുറമുള്ള ഏതൊന്നിലും അല്ലാഹുവോടു മാത്രമേ തേടാവൂ. തന്റെ മനസ്സിന്റെ മന്ത്രങ്ങള്‍പോലും കൃത്യമായി അറിയുന്ന അല്ലാഹുവിന് മാത്രമേ അവന്‍ അകപ്പെട്ട പ്രയാസങ്ങളില്‍നിന്ന് അവനെ മോചിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
രക്ഷാശിക്ഷകള്‍ നല്‍കാന്‍ കഴിയുന്ന അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിന് പകരം അവന്റെ സൃഷ്ടികളിലൂടെ സ്രഷ്ടാവിനോട് തേടുന്നതും അവനല്ലാതെയുള്ള മറ്റെന്തെങ്കിലും ശക്തികളെയോ വ്യക്തികളെയോ മധ്യവര്‍ത്തികളാക്കി അവനോട് തേടുന്നതും അല്ലാഹുവോട് പങ്കുചേര്‍ക്കല്‍ അഥവാ ബഹുദൈവാരാധനയാണ്. അത് നിഷ്ഫലവുമാണ്. അതിനെ സംബന്ധിച്ച് അല്ലാഹു പറയുന്നത് അക്കൂട്ടര്‍ അക്രമികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതും വിദൂരമായ വഴിപിഴവില്‍ സത്യത്തില്‍ നിന്ന് ബഹുദൂരം അകന്ന് ജീവിക്കുകയും ചെയ്യുന്നവരാണ് എന്നാണ് (10:106, 22:12).
അല്ലാഹു ഒരിക്കലും പൊറുക്കാത്ത ഈ മഹാപാപം പരലോകത്ത് നഷ്ടക്കാരുടെ കൂട്ടത്തില്‍പെട്ടു പോകാന്‍ മാത്രം ഗൗരവമുള്ള വലിയ അപരാധമായിട്ടാണ് അല്ലാഹു പഠിപ്പിക്കുന്നത്. അല്ലാഹുവോട് മാത്രമേ പ്രാര്‍ഥിക്കുകയുള്ളൂവെന്നതാണ് വിശ്വാസിയുടെ നിലപാട്. ''നബിയേ പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരേയും അവനോട് പങ്കു ചേര്‍ക്കുകയില്ല'' (72:20).