പതിനെട്ടാം നൂറ്റാണ്ട് വരെ സമുദ്രങ്ങള്‍ മാനവ സമൂഹത്തിന് ഒരു അജ്ഞാത ലോകമായിരുന്നു. ഗ്രീക്ക് പോലുളള പുരാതന നാഗരികതകളില്‍ കടലുകളെക്കുറിച്ചുളള ഒട്ടനവധി അന്ധവിശ്വാസങ്ങളും കെട്ടുകഥകളും കാണാന്‍ കഴിയും. ആഴക്കടലിലെ വിവരങ്ങള്‍ അവര്‍ക്ക് സാങ്കല്പികമായ ചില ധാരണകള്‍ മാത്രമായിരുന്നു. അക്കാലത്ത് സമുദ്രത്തില്‍ ഇരുപത് മീറ്ററിലധികം മുങ്ങാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. പിന്നീട് ശ്വസിക്കാനുളള ഉപകരണം കണ്ടുപിടിച്ചതിന് ശേഷവും ഏറ്റവും വലിയ മുങ്ങല്‍ വിദഗ്ധര്‍ക്ക് പോലും മുപ്പത് മീറ്ററിലധികം ആഴത്തില്‍ മുങ്ങാന്‍ കഴിഞ്ഞിരുന്നിരുന്നില്ല. കാരണം സമുദ്രാന്തര്‍ഭാഗത്തെ സമ്മര്‍ദം മുങ്ങുന്നവന്റെ ശരീരത്തിന്റെ സുസ്ഥിതി നഷ്ടപ്പെടുത്തുകയും ആ ഉദ്യമത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളില്‍ നടത്തിയ പഠന ഗവേഷണ ഫലങ്ങള്‍ സമുദ്രത്തെക്കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങളോട് തികച്ചും യോജിക്കുന്നതാണ്. സമുദ്രത്തിന് മുകള്‍പരപ്പ്, അടിത്തട്ട് എന്നിങ്ങനെ രണ്ട് തട്ടുകളുണ്ട് എന്ന വസ്തുതയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സമുദ്രത്തിന്റെ മുകള്‍ത്തട്ടില്‍ മാത്രമേ സൂര്യ പ്രകാശം കടന്നുചെല്ലുന്നുളളൂ. അടിത്തട്ടിലേക്ക് സൂര്യകിരണങ്ങള്‍ എത്തിച്ചേരുന്നില്ല. സമുദ്ര ജലത്തിന്റെ സാന്ദ്രത, സമ്മര്‍ദം എന്നീ കാര്യങ്ങളിലും ഈ രണ്ടു തട്ടുകളും തമ്മില്‍ അന്തരമുണ്ട്. കടലിന്റെ ഈ രണ്ട് പാളികളെയും വേര്‍തിരിക്കുന്ന ആന്തരിക തിരമാലകളുമുണ്ട്. ഈ ആന്തരിക തിരമാലകള്‍ക്ക് നൂറു കണക്കിന് കിലോമീറ്റര്‍ നീളവും ഏകദേശം നൂറു മീറ്റര്‍ ഉയരവുമുണ്ട്. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് ചെല്ലുന്തോറും ഇരുട്ട് വര്‍ധിച്ചുവരികയും ആയിരം മീറ്റര്‍ ആഴത്തിലെത്തുമ്പോള്‍ തീര്‍ത്തും ഇരുള് മൂടിയതായിത്തീരുകയും ചെയ്യും. ആഴക്കടലില്‍ ജീവിക്കുന്ന മത്സ്യങ്ങളും മറ്റു ജീവികളും അവയുടെ ശരീരത്തില്‍ നിന്ന് പുറപ്പെടുവിക്കുന്ന ചില പ്രകാശങ്ങള്‍ കൊണ്ടാണ് സഞ്ചരിക്കുന്നത്. ചുറ്റുപാടുകള്‍ തിരിച്ചറിയാന്‍ കാഴ്ച ശക്തിയല്ലാതെ മറ്റു സംവേദനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന ജീവികളുമുണ്ട്.
സൂര്യപ്രകാശത്തിലെ സപ്തവര്ണങ്ങളില് ഓരോന്നിനും വ്യത്യസ്ത രൂപത്തിലുളള തരംഗ ദൈര്‍ഘ്യമാണുളളത്. മുകള്‍പരപ്പിലെ തിരമാലകളെ ഭേദിക്കാന്‍ തന്നെ അവയില്‍ പലതിനുമാകുകയില്ല. ഇരുപതു മീറ്റര്‍ ആഴത്തില്‍ ചെന്നാല്‍ ചുവപ്പുവര്‍ണം അപ്രത്യക്ഷമാകും. ഒരു മുങ്ങല്‍ വിദ്ഗധന് ഇരുപത്തഞ്ച് മീറ്റര്‍ ആഴത്തിലെത്തിയതിന് ശേഷം ശരീരത്തില്‍ വല്ല മുറിവും പറ്റിയാല്‍ ആ മുറിവില്‍ നിന്ന് പുറത്ത് വരുന്ന രക്തത്തിന് കറുപ്പ് നിറമായിരിക്കും. മുപ്പത് മീറ്റര്‍ ആഴത്തിലെത്തിയാല്‍ ഓറഞ്ച് വര്‍ണവും അന്‍പത് മീറ്റര്‍ ആഴത്തില്‍ മഞ്ഞ വര്‍ണവും നൂറ് മീറ്റര്‍ ആഴത്തില്‍ പച്ചവര്‍ണവും നൂറ്റി ഇരുപത്തഞ്ച് മീറ്ററില്‍ വയലറ്റ്, ഇന്‍ഡിഗോ വര്‍ണങ്ങളും ആഗിരണം ചെയ്യപ്പെടും. എന്നാല്‍ സമുദ്രത്തിന്റെ ഉപരിതലത്തില്‍ ഇരുനൂറ് മീറ്റര്‍ ആഴത്തില്‍ വരെ നീല വര്‍ണം എത്തിപ്പെടാറുണ്ട്. ഇരുനൂറ് മീറ്റര്‍ കഴിഞ്ഞാല്‍ പിന്നീട് ഇരുട്ട് ആരംഭിക്കുകയായി. അഞ്ഞൂറിനും ആയിരത്തിനുമിടയില്‍ ഇരുട്ടുകള്‍ കൂടിച്ചേര്‍ന്ന് കൂരിരുട്ടായിരിക്കും.
ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് ഇപ്രകാരമാണ്. ''അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (ആഴക്കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന് കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല'' (നൂര്‍ 40).
മൂന്ന് തരം ഇരുട്ടുകളെക്കുറിച്ചാണ് ഇവിടെ ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്. ഒന്ന് ആന്തരിക തിരമാലകള്‍, രണ്ട് ബാഹ്യ തിരമാലകള്‍, മൂന്ന് മേഘങ്ങള്‍. ഇവ മൂന്നും സമുദ്രാന്തര്‍ഭാഗത്തേക്ക് സൂര്യപ്രകാശം കടന്നു ചെല്ലുന്നതിനെ തടയുന്ന മറകളാണ്. സമുദ്രത്തില്‍ സാധാരണ നാം കാണുന്ന തിരമാലകളല്ലാതെ ആന്തരിക തിരമാലകളെക്കുറിച്ച് മുമ്പ് ആളുകള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഖുര്‍ആനില്‍ ആഴക്കടലിലെ ഇരുട്ട് എന്ന പറഞ്ഞതിന് ശേഷം പറയുന്ന തിരമാല യഥാര്‍ഥത്തില്‍ നാം കാണുന്ന ബാഹ്യ തിരമാലകളല്ല, ആന്തരിക തിരമാലകളാണ്. അതിന് മീതെ വീണ്ടും തിരമാല എന്ന പദമാണ് ബാഹ്യ തിരമാലയെ സൂചിപ്പിക്കുന്നത്. അതിന് മീതെ കാര്‍മേഘം എന്നാണ് തുടര്‍ന്ന് പറയുന്നത്. ഇവ മൂന്നും തമ്മില്‍ അനേക മീറ്ററുകള്‍ അകലവുമുണ്ട്.
ആന്തരിക തിരമാലകളെക്കുറിച്ചുളള അറിവ് നമുക്ക് ലഭിച്ചത് 1900ന് ശേഷമാണ്. എന്നാല്‍ സമുദ്രയാത്ര നടത്തിയിട്ടില്ലാത്ത മുഹമ്മദ് നബി(സ്വ) സമുദ്രത്തെക്കുറിച്ച് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ ഇത്രയും കൃത്യവും സൂക്ഷ്മവുമായ വിവരങ്ങള്‍ വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ വിവരണമല്ലെന്നുറപ്പ്. അന്ന് അതു പറയാന്‍ കഴിയുന്ന ഒരാളും ലോകത്തില്ല. ഭൂതവര്‍ത്തമാനഭാവി വ്യത്യസമില്ലാതെ എല്ലാം അറിയുന്ന അല്ലാഹുവിന്റെ വചനങ്ങളാണ് വിശുദ്ധ ഖുര്‍ആന്‍ എന്നതിന് ഈ പരാമര്‍ശങ്ങള്‍ സുവ്യക്തമായ തെളിവുകളാണ്.