ഭൂമിയിലെ പ്രകാശത്തിന്റെയും ചൂടിന്റെയും എണ്ണമറ്റ വസ്തുക്കളുടെ ഊര്‍ജത്തിന്റെയും സ്രോതസ്സായ സൂര്യനെ കൊണ്ട് അല്ലാഹു സത്യം ചെയ്ത് പറയുകയും ആ പേരില്‍ തന്നെ ഖുര്‍ആനില്‍ ഒരു അധ്യായം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത അധ്യായത്തിലെ മൂന്നാം വചനമായ ''വന്നഹാരി ഇദാ ജല്ലാഹാ'' ''പകലിനെ തന്നെയാണ് സത്യം. അത് അതിനെ(സൂര്യനെ) പ്രത്യക്ഷപ്പെടുത്തുമ്പോള്‍'' (ശംസ്:3) എന്ന സൂക്തത്തിലടങ്ങിയ ദൃഷ്ടാന്തങ്ങള്‍ വിശകലനം ചെയ്യാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
അറബി ഭാഷയില്‍ 'നഹാര്‍' എന്ന പദത്തിന്റെ അര്‍ഥം പകല്‍ എന്നും 'ജല്ലാ' എന്ന ക്രിയയ്ക്ക് വ്യക്തമാക്കുക, പ്രത്യക്ഷപ്പെടുത്തുക എന്നും അര്‍ഥങ്ങളാണുളളത്. ഈ സൂക്തത്തിലെ 'ഹാ' എന്ന സര്‍വ നാമം സൂചിപ്പിക്കുന്നതാകട്ടെ സൂര്യനെയുമാണ്. അപ്പോള്‍ ഭാഷാ വ്യാകരണ നിയമമനുസരിച്ച് പ്രസ്തുത വചനത്തിന് 'പകല്‍ സൂര്യനെ വ്യക്തമാക്കുന്നു' എന്ന അര്‍ഥമാണ് വരിക. എന്നാല്‍ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്തുത സൂക്തത്തിലെ സര്‍വനാമത്തെ ബന്ധിച്ചിരിക്കുന്നത് ഇരുട്ട് അല്ലെങ്കില്‍ ഭൂമി എന്നിവയോടാണ്. കാരണം അവരുടെ വീക്ഷണത്തില്‍ പകല്‍ ഇരുട്ടിനെയോ അല്ലെങ്കില്‍ ഭൂമിയേയോ ആണ് വ്യക്തമാക്കുന്നത്. അല്ലാതെ 'പകല്‍ സൂര്യനെ വ്യക്തമാക്കുക' എന്ന പ്രയോഗം അവര്‍ക്ക് ഉള്‍കൊളളാന്‍ കഴിയാത്തതാണ്. എന്നാല്‍ ഭൂരിഭാഗം വ്യാഖ്യാതാക്കളും ഭാഷാ നിയമത്തോട് കര്‍ശന നിലപാട് സ്വീകരിച്ച് സര്‍വനാമത്തെ സൂര്യനിലേക്ക് തന്നെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അതാണ് ശാസ്ത്രീയമായും ഏറ്റവും ശരിയായിട്ടുളളത്. ഇനി പകല്‍ എങ്ങനെയാണ് സൂര്യനെ വ്യക്തമാക്കുന്നത് എന്ന് പരിശോധിക്കാം.
ഇരുപതാം നൂറ്റാണ്ടില്‍ അറുപതുകളുടെ ആദ്യത്തിലാണ് ബഹിരാകാശ യാത്രകള്‍ക്ക് തുടക്കം കുറിച്ചത്. ഭൂമിയുടെ അതിര്‍ത്തികള്‍ ഭേദിച്ച് ശൂന്യതയിലേക്ക് കുതിച്ച ബഹിരാകാശ സഞ്ചാരികള്‍ അനവധി പ്രാപഞ്ചിക രഹസ്യങ്ങള്‍ കെണ്ടത്തുകയുണ്ടായി. അക്കൂട്ടത്തില്‍ അവര്‍ ഈ പ്രപഞ്ചത്തിന്റെ ഭൂരിഭാഗം പ്രദേശവും ഇരുള്‍മൂടിക്കിടക്കുകയാണ് എന്ന വസ്തുത കെണ്ടത്തുകയും അതവര്‍ക്ക് അതിശയകരമായി തോന്നുകയും ചെയ്തു. നമ്മള്‍ പകല്‍, വെളിച്ചം എന്നൊക്കെ പറയുന്നത് ഭൂമിയില്‍ നിന്ന് കേവലം ഇരുനൂറ് കിലോമീറ്റര്‍ ഉയരത്തില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രകാശ വലയമാണ്. അതും ഭൂമിയില്‍ നിന്ന് സൂര്യന് അഭിമുഖമായി കാണുന്ന ഭാഗത്ത് മാത്രമേ ദൃശ്യമാകുന്നുളളൂ. പകല്‍ എന്ന് പറയപ്പെടുന്ന ഈ ഇരുനൂറ് കിലോമീറ്റര്‍ പ്രകാശ വലയത്തില്‍ നിന്ന് പുറത്ത് കടന്നതിന് ശേഷം ആരെങ്കിലും സൂര്യനെ നിരീക്ഷിക്കുകയാണെങ്കില്‍ അതികഠിനമായ ഇരുട്ടില്‍ ഒരു നീല പ്രതിബിംബമായാണ് സൂര്യന്‍ ദൃശ്യമാകുക.
എന്തു കൊണ്ടാണ് പ്രപഞ്ചം മുഴുവനും ഇരുളടഞ്ഞതായിത്തീരുകയും ഭൂമിയില്‍ നിന്ന് സൂര്യന് അഭിമുഖമായ ഇരുനൂറ് കിലോമീറ്റര്‍ കനത്തില്‍ മാത്രം പകല്‍ കാണപ്പെടുകയും ചെയ്യുന്നത്?. സൂര്യപ്രകാശത്തിന്റെ സിംഹഭാഗവും നമ്മുടെ കണ്ണുകള്‍ക്ക് ദൃശ്യമാവാത്തതാണ് ഇതിന് പ്രധാന കാരണം. ഭൂമിയുടെ ഉപരിഭാഗത്തുളള വാതക മണ്ഡലത്തിലെ നീരാവി, ജല കണികകള്‍, പൊടി പടലങ്ങള്‍, വാതകങ്ങള്‍ തുടങ്ങിയ പല ഘടകങ്ങളിലും സൂര്യ പ്രകാശ രശ്മികള്‍ തട്ടി പ്രതിഫലിക്കുകയും ശിഥിലമായിത്തീരുകയും ചെയ്യുമ്പോള്‍ മാത്രമാണ് സൂര്യപ്രകാശം നമുക്ക് ദൃശ്യമാകുന്നത്. ഇത്തരത്തിലുളള ഒരു വാതക മണ്ഡലം പ്രപഞ്ചത്തില്‍ മറ്റ് ഒരു സ്ഥലത്തും ഇല്ലാത്തതു കൊണ്ട് അവിടങ്ങളില്‍ സൂര്യപ്രകാശമോ സൂര്യനോ ദൃശ്യമാകുന്നില്ല. ഭൂമിയെ ആവരണം ചെയ്ത വാതക മണ്ഡലം മുകളിലേക്ക് പോകുന്നതിനനുസരിച്ച് നേര്‍ത്തതായിത്തീരുകയും അവ ഉള്‍കൊളളുന്ന പൊടിപടലങ്ങളും ഈര്‍പവും ഇല്ലാതാകുകയും ചെയ്യും. അതോടൊപ്പം ഈ വാതക മണ്ഡലത്തില്‍ ഭാരം കൂടിയ വാതകങ്ങളായ ഓക്‌സിജന്‍, നൈട്രജന്‍ എന്നിവ കുറഞ്ഞു വരികയും ഭാരം കുറഞ്ഞ വാതകങ്ങളായ ഹൈഡ്രജന്‍, ഹീലിയം എന്നിവ മേധാവിത്വം പുലര്‍ത്തുകയും ചെയ്യും. അതോടു കൂടി ഈ മേഖലയില്‍ സൂര്യപ്രകാശത്തിന്റെ പ്രതിഫലനവും വിഘടനവും ഇല്ലാതായിത്തീരും. അതു കൊണ്ടാണ് ഭൂമിയില്‍ നിന്ന് 200 കിലോമീറ്ററിലധികം ഉയര്‍ന്ന് പോയാല്‍ അവിടെ പകല്‍ അല്ലെങ്കില്‍ വെളിച്ചം ദൃശ്യമാകാതിരിക്കുന്നത്.
ഭൂമിയില്‍ സൂര്യന് അഭിമുഖമായ വാതക മണ്ഡലത്തിലെ ഇരുനൂറ് കിലോമീറ്റര്‍ കനത്തില്‍ മാത്രമേ സൂര്യപ്രകാശം വ്യക്തമായി കാണുന്നുളളൂ. സൂര്യന്‍, ആകാശം, മേഘം, സമുദ്രജലം എന്നിവയെല്ലാം വ്യക്തമായി നമുക്ക് കാണിച്ചു തരാന്‍ ഈ പ്രകാശത്തിന് മാത്രമേ സാധ്യമാകുകയുളളൂ. അപ്പോള്‍ പകല്‍ വെളിച്ചമാണ് നമുക്ക് സൂര്യനെ വ്യക്തമായി കാണിച്ചുതരുന്നത്. പകലിന്റെ അല്ലെങ്കില്‍ ഈ വാതക മണ്ഡലത്തിന്റെ അഭാവത്തില്‍ നമുക്ക് സൂര്യനെ ഇന്ന് കാണുന്ന രൂപത്തില്‍ ദൃശ്യമാകുകയില്ല. അപ്പോള്‍ കേവലം സൂര്യപ്രകാശമുളളതു കൊണ്ട് മാത്രം നാം സൂര്യനെയോ വസ്തുക്കളെയോ കാണുന്നില്ല. എന്നാല്‍ ഭൂമിക്ക് മകളിലുളള വായു മണ്ഡലത്തിലെ വ്യത്യസ്ത കണികകളില്‍ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുമ്പോള്‍ മാത്രമാണ് സൂര്യനും ഇതര വസ്തുക്കളും ദൃശ്യമാകുന്നത്. ഈ പ്രപഞ്ചത്തില്‍ മറ്റൊരു സ്ഥലത്തും ഭൂമിക്ക് മുകളിലുളളത് പോലുളള ഒരു വ്യത്യസ്ത കണികകളും വാതകങ്ങളും അടങ്ങിയ ഒരു ആവരണം കാണപ്പെടാത്തത് കൊണ്ട് അവിടെ നിന്ന് നോക്കുന്ന ഒരാള്‍ക്ക് സൂര്യ പ്രകാശം കൊണ്ടുണ്ടാകുന്ന പകലിനെ കാണാന്‍ സാധ്യമല്ല എന്നതിലുപരി സൂര്യനെയും കാണാന്‍ കഴിയുകയില്ല. അപ്പോള്‍ സൂര്യന്‍ പകലിനെ വ്യക്തമാക്കുകയല്ല മറിച്ച് പകല്‍ സൂര്യനെ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം ഖുര്‍ആനില്‍ വേറെയും വചനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്. ''രാത്രിയെ നാം അവര്‍ക്ക് സമാധാനമടയാനുളളതാക്കുകയും പകലിനെ ദൃശ്യമാക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു എന്നവര്‍ കണ്ടില്ലേ.? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്'' (നംല്: 86).