മനുഷ്യര്‍ക്കു വേണ്ടി അല്ലാഹു ഈ പ്രപഞ്ചം സംവിധാനിച്ചു. ജീവിതത്തിനാവശ്യമായ വിഭവങ്ങള്‍ ഒരുക്കി വെച്ചു. അവ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ ധിഷണ നല്കി. താന്‍ വികസിപ്പിച്ചെടുത്ത സൗകര്യങ്ങള്‍ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ വേണ്ട പ്രായോഗിക ബുദ്ധിയും മനുഷ്യന് നല്കപ്പെട്ടിട്ടുണ്ട്. ബുദ്ധിയും ചിന്തയും ഉപയോഗിച്ച് ഭൗതിക വിഭവങ്ങള്‍ വികസിപ്പിക്കുകയും നൂതനാവിഷ്‌കാരങ്ങള്‍ നടത്തുകയും ചെയ്യുന്ന നിരന്തര പ്രക്രിയയാണ് ശാസ്ത്രം എന്ന് സാമാന്യമായി പറയാം. ശാസ്ത്ര ശാഖകള്‍ വികസിപ്പിക്കപ്പെടുന്നത് സഹസ്രാബ്ദങ്ങളുടെ പരിശ്രമത്താലാണ്. മനുഷ്യായുസ്സ് നൂറില്‍ താഴെയും. ഇവിടെയാണ് മനുഷ്യന് അല്ലാഹു നല്കിയ മറ്റൊരു കഴിവ് പ്രകടമാവുന്നത്. അതായത് വിവരങ്ങള്‍ തലമുറകളിലേക്ക് കൈമാറാനുള്ള ശേഷി. ആശയങ്ങള്‍ തലമുറകളിലേക്ക് പകരുന്നതിന്റെ പ്രധാന മാധ്യമം ആലേഖന കഴിവാണ്. ഈ പ്രക്രിയയുടെ നൈരന്തര്യമാണ് ശാസ്ത്രമായി വികസിച്ചത്.
പ്രാപഞ്ചിക വസ്തുക്കള്‍ മനുഷ്യന്‍ കണ്ടെത്തിയേടത്ത് നിരവധി പിഴവുകള്‍ സംഭവിച്ചു കൊണ്ടിരുന്നു. അവ തിരുത്തിയും പുതിയവ ആവിഷ്‌കരിച്ചും അനുനിമിഷം പ്രപഞ്ച യാഥാര്‍ഥ്യത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് മനുഷ്യ ധിഷണ. ഈ പരിശ്രമമാണ് അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന്റെ ചാലകം. ഇത് അല്ലാഹു നല്കിയ അനുഗ്രഹമാണ്.
എന്നാല്‍ മനുഷ്യ ചിന്തയില്‍ ഉരുത്തിരിയാത്ത, ചിന്തകന്‍മാര്‍ക്ക് ആവിഷ്‌കരിക്കാന്‍ കഴിയാത്ത ഒരു കാര്യമുണ്ട്. അതാണ് മാനവിക മൂല്യങ്ങള്‍. സത്യധര്‍മാദിമൂല്യങ്ങള്‍ ദൈവികമായി ലഭിക്കേണ്ടതുണ്ട്. ഇതിനു വേണ്ടി മനുഷ്യരായ ദൂതന്‍മാരെ തെരഞ്ഞെടുത്ത് സ്രഷ്ടാവ് പഠിപ്പിച്ചതാണ് മതമെന്നത്. ആ ദൂതന്‍മാരുടെ അവസാന കണ്ണിയായി മുഹമ്മദ് നബിയും അദ്ദേഹത്തിലൂടെ അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുര്‍ആനും മനുഷ്യന്റെ ആത്മീയ വഴികാട്ടിയാണ്. അതുകൊണ്ടു തന്നെ പ്രപഞ്ച യാഥാര്‍ഥ്യങ്ങള്‍ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങള്‍ക്കെതിരാവില്ല. മറിച്ച് ഇവ രണ്ടും അനുപൂരകങ്ങളാണ്. അതു കൊണ്ടാണ് വിശുദ്ധ ഖുര്‍ആനില്‍ മനുഷ്യരോട് ബുദ്ധി ഉപയോഗിച്ച് പ്രപഞ്ച യാഥാര്‍ഥ്യങ്ങളിലേക്ക് എത്തി നോക്കാനും അതു വഴി പ്രപഞ്ച സൃഷ്ടി മാഹാത്മ്യം കണ്ടറിയാനും അടിക്കടി ആഹ്വാനം ചെയ്യുന്നത്.
തെളിയിക്കപ്പെട്ട ശാസ്ത്ര വസ്തുതകള്‍ക്കെതിരായി ഖുര്‍ആനില്‍ പരാമര്‍ശം ഉണ്ടാവില്ല. ശാസ്ത്ര പഠനത്തിലേക്കുള്ള നിരവധി സൂചനകള്‍ ഖുര്‍ആനിലുണ്ടു താനും. ആദ്യകാല മുസ്‌ലിം പണ്ഡിതര്‍ ശാസ്ത്രപടുക്കള്‍ ആയിത്തീരുവാന്‍ ഇതാണ് കാരണങ്ങള്‍.
ഖുർആൻ ശാസ്ത്ര ഗ്രന്ഥമല്ല. ശാസ്ത്രം പഠിപ്പിക്കൽ ദൂതന്മാരുടെ ലക്ഷ്യവുമല്ല. എന്നാൽ വിശ്വാസപരമായ കാര്യങ്ങളിൽ സ്രഷ്ടാവിനെ പരിചയപ്പെടുത്തുമ്പോൾ പ്രപഞ്ച യാഥാർഥ്യങ്ങളിലേക്ക് കൈ ചൂണ്ടുകയും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുകയും ചെയ്യും. അത്തരം പരാമർശങ്ങളൊന്നും ശാസ്ത്രീയ സത്യങ്ങൾക്ക് വിരുദ്ധമാകില്ല. കാരണം അത് ദൈവീകമാണ്.
ഖുര്‍ആനിലെ ശാസ്ത്ര സൂചനകളെ പറ്റി ഏതാനും കാര്യങ്ങള്‍ പ്രതിപാദിക്കുകയാണിവിടെ.