ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് ആലോചിക്കാന്‍ ഖുര്‍ആന്‍ നമ്മോട് അനവധി സൂക്തങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതാണ് ''ആകാശവും അത് സ്ഥാപിച്ച രീതിയും തന്നെയാണ് സത്യം'' (ശംസ്:5) എന്ന വചനം. 'സമാഅ്' എന്ന പദമാണ് ഖുര്‍ആനില്‍ ആകാശം എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചിട്ടുളളത്. ഉയര്‍ന്നത് എന്നാണ് അറബി ഭാഷയില്‍ ഇതിനര്‍ഥം. മേഘം, മേല്‍ക്കൂര എന്നീ അര്‍ഥങ്ങളിലും ഈ പദം പ്രയോഗിക്കാറുണ്ട്. പ്രപഞ്ചത്തില്‍ ഭൂമിക്ക് ഉപരിയായി സ്ഥിതി ചെയ്യുന്ന ഗോളങ്ങള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ധൂമകേതുക്കള്‍, ഗാലക്‌സികള്‍, താരാഗണങ്ങള്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങി ഊര്‍ജത്തിന്റെയും പദാര്‍ഥത്തിന്റയും അനവധി അത്ഭുതങ്ങള്‍ അടങ്ങിയ ഒരു ലോകമാണ് ആകാശം.
മുകളില്‍ സൂചിപ്പിച്ച സൂറത്തു ശംസിലെ അഞ്ചാം വചനമായ “വസ്സമാഇ വമാ ബനാഹാ” എന്ന വാക്യത്തെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രധാനമായും രണ്ടു രൂപത്തിലാണ് വിശദീകരിച്ചിട്ടുളളത്. ഒന്ന്, ആകാശവും അത് നിര്‍മിച്ച രീതിയും തന്നെയാണ് സത്യം. രണ്ട്, ആകാശം അത് നിര്‍മിച്ചവന്‍ തന്നെയാണ് സത്യം. ഈ രണ്ട് അര്‍ഥത്തിലാണെങ്കിലും അല്ലാഹുവിന്റെ മഹത്വം തന്നെയാണ് ഈ വചനത്തിലൂടെ വ്യക്തമാക്കുന്നത്.
ആകാശം എന്ന പദം ഖുര്‍ആനില്‍ 310 സ്ഥലങ്ങളിലാണ് പ്രയോഗിച്ചിട്ടുളളത്. അതില്‍ 120 സ്ഥലങ്ങളില്‍ ഏകവചനമായും 190 സ്ഥലങ്ങളില്‍ ബഹുവചനമായും പ്രയോഗിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏഴ് ആകാശങ്ങള്‍ എന്ന പ്രയോഗവും ഏഴ് പ്രാവശ്യം വന്നിട്ടുണ്ട്. എന്നാല്‍ ആകാശത്തെ അലങ്കരിക്കുന്ന താരങ്ങളും നക്ഷത്ര ഗ്രഹങ്ങളും ഒന്നാം ആകാശത്തിലാണ് എന്നാണ് ഖുര്‍ആനിലെ പല വചനങ്ങളും സൂചിപ്പിക്കുന്നത്. ''തീര്‍ച്ചയായും അടുത്തുളള ആകാശത്തെ നാം നക്ഷത്രാലങ്കാരത്താല്‍ മോടി പിടിപ്പിച്ചിരിക്കുന്നു'' (സ്വാഫ്ഫാത്ത്:6), ''അടുത്തുളള ആകാശത്തെ നാം ദീപങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു'' (ഫുസ്സിലത് 12, മുല്‍ക് 5) എന്നീ വചനങ്ങള്‍ അതിനുദാഹരണമാണ്.
വിജ്ഞാന വിസ്‌ഫോടനം കൊണ്ട് അഭിമാനം നടിക്കുന്ന ഈ കാലഘട്ടത്തില്‍, അത്ഭുതകരമായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ അകമ്പടിയുണ്ടായിട്ടു പോലും മനുഷ്യന് ഭൂമിയോട് ഏറ്റവും അടുത്ത ആകാശത്തിന്റെ വളരെ ചെറിയ ഒരംശം മാത്രമേ ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ വിശാലപ്രപഞ്ചത്തിന്റെ വ്യാപ്തിയില്‍ നിന്ന് ഗോള ശാസ്ത്രജ്ഞര്‍ക്ക് ഇത് വരെ കെണ്ടത്താന്‍ കഴിഞ്ഞിട്ടുളളത് ഏകദേശം 24 ബില്യണ്‍ പ്രകാശവര്‍ഷ ദൂരത്തിലുളള ഭാഗം മാത്രമാണ്. ഈ ഭാഗം തന്നെ ഇനിയും അനന്തതയിലേക്ക് വികസിച്ച് കൊണ്ടിരിക്കുകയാണ്. അതായത് ഇന്നു വരെ കണ്ടെത്തിയ ഗാലക്‌സികള്‍ പരസ്പരം അകലുന്നതു പോലെ അവ നമ്മില്‍ നിന്നും സെക്കന്റില്‍ മൂന്ന് ലക്ഷം കിലോമീറ്റര്‍ വേഗതയില്‍ അകന്നു കൊണ്ടിരിക്കുന്നു. നമ്മോട് ഏറ്റവും അടുത്ത ആകാശത്തില്‍ നിന്ന് ഗോള ശാസ്ത്രജ്ഞര്‍ ഇതുവരെ കെണ്ടത്തിയ ഭാഗത്ത് ഏകദേശം രണ്ടു ലക്ഷം മില്യണ്‍ ഗാലക്‌സികളെങ്കിലും ഉണ്ട്. അവയില്‍ ഓരോന്നിലും ബില്യണ്‍ കണക്കിന് നക്ഷത്രങ്ങളുമുണ്ട്. ഒന്നാം ആകാശത്തിന്റെ പത്ത് ശതമാനം മാത്രമാണ് ആധുനിക ശാസ്ത്രത്തിന് ഇതുവരെയായിട്ടും കെണ്ടത്താന്‍ കഴിഞ്ഞിട്ടുളളത്. അപ്പോള്‍ ഏഴ് ആകാശങ്ങളുടെ വ്യാപ്തി നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. അത് കൊണ്ടാണ് ആകാശസൃഷ്ടിപ്പ് ഖുര്‍ആനില്‍ ഇത്രയധികം ഊന്നിപ്പറയുന്നത്. അല്ലാഹു പറയുന്നു ''ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ് മനുഷ്യ സൃഷ്ടിപ്പിനേക്കാളും വലിയതാണ്, പക്ഷേ അധിക ജനങ്ങളും അറിയുന്നില്ല'' (ഗാഫിര്‍: 57). ''ആകാശങ്ങളെയും ഭൂമിയെയും അവയ്ക്കിടയിലുളളതിനെയും നാം കളിയായി സൃഷ്ടിച്ചതല്ല, അവ രണ്ടിനെയും സത്യമായിട്ട് തന്നെയാണ് നാം സൃഷ്ടിച്ചിട്ടുളളത് പക്ഷെ അധിക ജനങ്ങളും അറിയുന്നില്ല'' (ദുഖാന്‍: 38,39).
ആകാശത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ച് അല്ലെങ്കില്‍ അതിന്റെ സ്രഷ്ടാവിനെക്കുറിച്ച് അല്ലാഹു സത്യം ചെയ്ത് പറഞ്ഞതിലെ യുക്തി വളരെ വ്യക്തമാണ്. ഏറ്റവും അടുത്ത ആകാശത്തിന്റെ നാലയലത്ത് പോലും എത്താന്‍ കഴിയാത്ത മനുഷ്യനെ സംബന്ധിച്ചേടത്തോളം അനന്തവും അജ്ഞാതവുമായ ആകാശം സംവിധാനിച്ച അല്ലാഹു അല്ലാതെ മറ്റാരാണ് ആരാധനക്കര്‍ഹനായിട്ടുളളത്?.