Skip to main content

വിടവുകളില്ലാത്ത ആകാശം

ആകാശത്തിന്റെ സവിശേഷതയായി ഖുര്‍ആനില്‍ പറയുന്ന മറ്റൊരു കാര്യം അതിന് വിടവുകളില്ല എന്നതാണ്. അല്ലാഹു പറയുന്നു: ''അവര്‍ക്ക് മുകളിലുളള ആകാശത്തേക്ക് അവര്‍ നോക്കിയിട്ടിേല്ല, എങ്ങനെയാണ് നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുളളതെന്ന്? അതിന് വിടവുകളൊന്നുമില്ല''(50:6).


 
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഒരു സംഘം ഗോളശാസ്ത്രജ്ഞര്‍ ദൃശ്യ പ്രപഞ്ചത്തെ സൂക്ഷ്മ നിരീക്ഷണം നടത്തിയപ്പോള്‍ ഗാലക്‌സികള്‍ക്കിടയില്‍ നക്ഷത്രങ്ങളില്ലാത്ത ഇരുണ്ട ഒട്ടനവധി പ്രദേശങ്ങളുണ്ടെന്ന് അവര്‍ കണ്ടെത്തുകയുണ്ടായി, ധാരാളം കണ്ണികളുളള ഒരു വലപോലെയാണ് അവര്‍ക്ക് പ്രപഞ്ചത്തിന്റെ രേഖാ ചിത്രം ലഭിച്ചത്. ബ്രഹ്മാണ്ഡ വല (Cosmic Web) എന്ന പേരിലറിയപ്പെടുന്ന ഈ പ്രകാശവലയുടെ  കണ്ണികളും നൂലുകളും രൂപപ്പെടുന്നത് ഗാലക്‌സികളിലെ പ്രകാശങ്ങള്‍ കൊണ്ടാണ്. വലയുടെ ദ്വാരങ്ങളായി കാണുന്ന ഇരുണ്ട ഭാഗങ്ങള്‍ നക്ഷത്രങ്ങളില്ലാത്ത പ്രദേശങ്ങളാണ്. ഈ ഇരുണ്ട പ്രദേശത്തിന് വിടവുകള്‍ എന്ന് ശാസ്ത്രജ്ഞര്‍ ആലങ്കാരികമായി പറയാറുണ്ടെങ്കിലും സൂക്ഷ്മനിരീക്ഷണത്തിലൂടെ ഇതിനെക്കുറിച്ച് പഠിക്കുകയാണെങ്കില്‍ ഇവ വിടവുകളല്ലെന്ന് കാണാനാകും. കാരണം ശൂന്യമെന്ന് കരുതുന്ന ഈ ഇരുണ്ട പ്രദേശങ്ങളിലും അദൃശ്യവും ഇരുണ്ടതുമായ അനവധി പദാര്‍ഥങ്ങള്‍ നിറഞ്ഞു കിടക്കുന്നുണ്ട്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് ഈ ഇരുണ്ട പദാര്‍ഥങ്ങളും അനിവാര്യമാണ്.
 
പ്രപഞ്ചം വികസിക്കുന്നു എന്ന തത്ത്വവും ആകാശത്തിന് വിടവുകളില്ല എന്നതിന് തെളിവാണ്. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് ഒഴിവ് വരുന്ന സ്ഥലത്ത് പദാര്‍ഥവും ഊര്‍ജവും നിറയ്ക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ കാലമില്ലാത്ത സ്ഥലമോ സ്ഥലമില്ലാത്ത കാലമോ പദാര്‍ഥവും ഊര്‍ജവുമില്ലാത്ത സ്ഥലകാലമോ ഈ പ്രപഞ്ചത്തിലില്ല. തന്നെയുമല്ല ഈ  പ്രപഞ്ചത്തിന് വിടവുകളുണ്ടായിരുന്നുവെങ്കില്‍ ആകാശ ഗോളങ്ങള്‍ ആകര്‍ഷണ വികര്‍ഷണങ്ങളിലൂടെ സുസ്ഥിതിയോടെ നിലനില്‍ക്കുമായിരുന്നില്ല. ഈ ബ്രഹ്മാണ്ഡത്തില്‍ എവിടെയെങ്കിലും ഒരു ചെറിയ വിടവുണ്ടായിരുന്നുവെങ്കില്‍ പ്രപഞ്ചത്തിന്റെ ഭദ്രമായ നിലനില്‍പ്പിന് നിമിത്തമായ ആകര്‍ഷണ ശക്തി അവതാളത്തിലാകുകയും പ്രപഞ്ചം തകര്‍ന്നടിയുകയും ചെയ്യും. ആകാശത്തിലെ പിളര്‍പ്പ് ലോകാവസാനത്തിന് കാരണമാകുന്നത് കൊണ്ടായിരിക്കാം അന്ത്യദിനം വരുന്നതിന്റെ മുന്നോടിയായുളള ഭയാനക സംഭവങ്ങള്‍ വിവരിക്കുന്നിടത്ത് ഖുര്‍ആന്‍ അനവധി വചനങ്ങളില്‍ അന്ന് ആകാശം പിളരുമെന്നാണ് അറിയിക്കുന്നത്. 

''ആകാശം പൊട്ടിപ്പിളരുമ്പോള്‍''(77:9), ''ആകാശം പൊട്ടിപ്പിളരകയും അത് കുഴമ്പു പോലുളളതും റോസ് നിറമുളളതുമായിത്തീരുമ്പോള്‍'' (55:37),  ''ആകാശം പൊട്ടിപ്പിളരും, അന്ന് അത് ദുര്‍ബലമായിരിക്കും''(69:16), ''അതു നിമിത്തം ആകാശം പൊട്ടിപ്പിളരുന്നതാകുന്നു''(73:18), ''ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായിത്തീരുകയും ചെയ്യും''(78:19). ഇനിയും ധാരാളം വചനങ്ങളിലൂടെ അന്ത്യദിനത്തില്‍ ആകാശം പിളരുന്നതിനെക്കുറിച്ച്  ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്.
 
ആകാശത്തെ താങ്ങി നിര്‍ത്തുന്നത് നമ്മുടെ ദൃഷ്ടികള്‍ക്ക് ഗോചരമല്ലാത്ത അവലംബങ്ങളാണെന്നും ആകാശത്തിന് വിടവുകളില്ലെന്നുമുളള ഖുര്‍ആന്‍ വചനങ്ങള്‍ ശാസ്ത്ര ഗവേഷണങ്ങളിലൂടെ സ്ഥിരീകരിച്ച സ്ഥിതിക്ക്,  ആകാശം പിളരുന്നതിലൂടെയാണ് പ്രപഞ്ചത്തിന്റെ അന്ത്യം സംഭവിക്കുക എന്ന് പ്രസ്താവിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ കൂടി ശാസ്ത്രലോകത്തിന് അംഗീകരിക്കാവുന്നതാണ്.
 

Feedback