Skip to main content

ആരാധനാ സ്വാതന്ത്ര്യം

മറ്റു ചില മതങ്ങളിലെപ്പോലെ ദൈവത്തിന് ഇഷ്ടമില്ലാത്തവളോ പുരുഷനെ ദൈവത്തില്‍ നിന്ന് അകറ്റാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ട മനുഷ്യപ്പിശാചോ ആയി ഇസ്‌ലാം സ്ത്രീയെ കാണുന്നില്ല. തന്നെ ആദരിച്ച ദൈവത്തെ ആരാധിക്കാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ''ആണാകട്ടെ പെണ്ണാകട്ടെ സത്യവിശ്വാസിയായിക്കൊണ്ട് ആര്‍ സത്പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല''(4:124). അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍(സ്വ) അരുള്‍ ചെയ്തു: മുഫര്‍രിദൂന്‍ മുന്‍കടന്നുകഴിഞ്ഞു. പ്രവാചകരേ, മുഫര്‍രിദൂന്‍ ആരാണ് എന്നു സ്വഹാബികള്‍ ആരാഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളുമാണവര്‍ (മുസ്‌ലിം).

 

പുരുഷന്‍ മാത്രം ചെയ്യേണ്ടതോ സ്ത്രീക്ക് പാടില്ലാത്തതോ ആയ ഒരു ആരാധനയും ഇസ്‌ലാമില്‍ ഇല്ല. പുരുഷന്ന് നിര്‍ബന്ധമായവ സ്ത്രീക്കും നിര്‍ബന്ധമാണ്. നിര്‍വഹിക്കാതിരുന്നാല്‍ ദൈവിക വിചാരണ ആണും പെണ്ണും നേരിടേണ്ടി വരും.  അതിനാല്‍ തന്നെ  സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യം തടയാന്‍ പുരുഷന്ന് അധികാരമില്ല.  

അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിലും പുരുഷന്മാരെ പ്പോലെ എല്ലാ ആരാധനകളിലും പങ്കെടുക്കാന്‍ അവള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. വിശ്വാസി ലോകത്തിന് മാതൃകയായി ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ഈസാ നബി(അ)യുടെ മാതാവ് മര്‍യം കുഞ്ഞുന്നാള്‍ മുതല്‍ പള്ളിയില്‍ ആരാധനകളും പരിപാലനവുമായി വളര്‍ന്നു വന്നവരായിരുന്നു എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. മുഹമ്മദ് നബി(സ്വ) പറഞ്ഞു. നിങ്ങളില്‍ ഒരാളുടെ ഭാര്യ പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ചാല്‍ നിങ്ങള്‍ അവരെ തടയരുത് (ബുഖാരി 5238, മുസ്‌ലിം 1018). ആഇശ(റ) പറയുന്നു: നബി(സ്വ) സുബ്ഹി നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. (നമസ്‌കാരം കഴിഞ്ഞ്) സ്വഗൃഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല (ബുഖാരി 865).

ഇത് ആദ്യകാലത്തേക്കു മാത്രമുള്ള അനുവാദമായിരുന്നില്ല. റസൂലിന്റെ മരണശേഷം പോലും അദ്ദേഹത്തിന്റെ ഭാര്യമാരടക്കം പള്ളിയില്‍ പോവുകയും ദിവസങ്ങള്‍ നീളുന്ന ഇഅ്തികാഫ് നിര്‍വഹിക്കുകയും ചെയ്തിരുന്നു (ബുഖാരി 2026, മുസ്‌ലിം 2841). ഉമര്‍(റ)വിന് സുബ്ഹ് നമസ്‌കാരത്തിനിടയില്‍ കുത്തേറ്റപ്പോള്‍ ഭാര്യ പള്ളിയിലുണ്ടായിരുന്നു. നബി(സ്വ) നിര്‍മിച്ച മദീന പള്ളിയിലും പ്രഥമ പള്ളിയായ മസ്ജിദുല്‍ ഹറമിലുമെല്ലാം ഈ സ്വാതന്ത്ര്യം ഇടതടവില്ലാതെ തുടര്‍ന്നു പോന്നിട്ടുണ്ട്. എല്ലാ മതത്തിലും പുരോഹിതന്മാര്‍ കൈകടത്തലുകള്‍ നടത്തിയ പോലെ ഇസ്‌ലാമില്‍ രൂപപ്പെട്ട പൗരോഹിത്യം അവള്‍ക്ക് പള്ളി വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്തുണയില്ല.

സ്ത്രീയുടെ സ്വതന്ത്രമായ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ചില നിയന്ത്രണങ്ങള്‍ സ്ത്രീപുരുഷന്മാര്‍ക്ക് നബി(സ്വ) ഏര്‍പ്പെടുത്തി. സ്ത്രീകള്‍ നമസ്‌കാര സ്ഥലത്തു നിന്നും പിരിഞ്ഞു പോയ ശേഷമേ  പുരുഷന്മാര്‍  നമസ്‌കാരസ്ഥലത്തു നിന്ന് എഴുന്നേറ്റ് പോകാവൂ എന്നും നബി(സ്വ) നിര്‍ദേശിക്കുകയുണ്ടായി.

പെരുന്നാള്‍ ദിവസങ്ങളിലെ ഈദുഗാഹുകളില്‍ ഇസ്‌ലാം അവള്‍ക്ക് പ്രവേശനം നല്കുന്നത് ചിന്തനീയമാണ്. ഉമ്മുഅത്ത്വിയ്യ(റ) പറയുന്നു: പുറത്തു പോകാതെ വീട്ടിനകത്തിരിക്കുന്ന സ്ത്രീകളെയും ആര്‍ത്തവകാരികളെയും പെരുന്നാള്‍ മൈതാനത്തേക്ക് കൊണ്ടുവരാന്‍ നബി(സ്വ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര്‍ മുസ്‌ലിംകളുടെ ജമാഅത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കും. ഋതുമതികള്‍ നമസ്‌കാരസ്ഥലത്ത് നിന്ന് അകന്നു നില്‍ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ! ഞങ്ങളില്‍ ഒരുവള്‍ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു: അവളുടെ സഹോദരി തന്റെ വസ്ത്രത്തില്‍ നിന്ന് അവളെ ധരിപ്പിക്കട്ടെ (ബുഖാരി).

 

Feedback