ജന്മം പോലെത്തന്നെ ജീവിക്കാനും വളരാനും ഇസ്‌ലാമില്‍ പൂര്‍ണ അവകാശം നല്കപ്പെട്ട സ്ത്രീക്ക് തുല്യതയും ഉറപ്പാക്കപ്പെട്ടു. മാനവിക മേഖലകളിലെല്ലാം അവള്‍ക്ക് പുരുഷനോളം തന്നെ അവകാശങ്ങളുണ്ട്. ആണും പെണ്ണും ഒരേ അസ്തിത്വത്തിന്റെ ഭാഗമാണെന്നും ജീവിതാവശ്യങ്ങളില്‍ അവര്‍ക്കിടയില്‍ വിവേചനം കാണിക്കാന്‍ പാടില്ലെന്നും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. ''ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു''(49:13). ശൈശവത്തില്‍ മുലയൂട്ടപ്പെടാനും ലാളിക്കപ്പെടാനുമെല്ലാം ഈ അവകാശം വിശാലമാണ്. ഒരിക്കല്‍ നബി(സ്വ)യുടെ ഒരു സഹചാരി തന്റെ അടുത്തു വന്ന കൊച്ചു മകനെ ഉമ്മവെച്ച് മടിയിലിരുത്തി. എന്നാല്‍ മകളെ അരികിലിരുത്തുക മാത്രം ചെയ്തു. ഇതു കണ്ട നബി(സ്വ) പ്രതികരിച്ചത് അത് അനീതിയാണെന്നായിരുന്നു.
ആണ്‍കുഞ്ഞു പിറന്നാല്‍ സന്തോഷത്താല്‍ മൃഗബലി നടത്തുകയും പെണ്‍കുട്ടികള്‍ക്ക് അത് നിഷേധിക്കുകയും ചെയ്ത സമൂഹത്തില്‍ നബി(സ്വ) അവര്‍ക്കുവേണ്ടിയും ജന്മസന്തോഷത്തില്‍ നന്ദികാണിക്കാനുള്ള ബലി നിര്‍ദേശിച്ചു. മറ്റൊരിക്കല്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടായി. അവളെ അയാള്‍ കുഴിച്ചുമൂടിയില്ല. അപമാനിച്ചില്ല. ആണ്‍കുട്ടികള്‍ക്ക് അവളെക്കാള്‍ പ്രത്യേക പരിഗണന നല്‍കിയില്ല. എങ്കില്‍ അയാളെ അല്ലാഹു സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതാണ്'(തുര്‍മുദി).
സ്ത്രീപുരഷ സമത്വവാദികള്‍ തിരിച്ചറിയാതെ പോയ ചില യാഥാര്‍ഥ്യങ്ങളുണ്ട്. ആത്മസത്ത ഒന്നാണെങ്കിലും സ്ത്രീക്കും പുരുഷനും ജീവശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ട്. അത് ജീവിതാവകാശങ്ങളിലും ചില വ്യത്യസ്തതകള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ വിവേചനം വിവേകത്തിന്റെതാണ്. ഇതാണ് വേഷത്തിലും അനന്തരാവകാശത്തിലും സാമൂഹ്യ ഇടപാടുകളിലും മറ്റും അവള്‍ക്ക് ചില വ്യതിരിക്ത നിര്‍ദേശങ്ങള്‍ നല്കാന്‍ കാരണം. ഇത് അവളുടെ അസ്തിത്വത്തെ കളങ്കപ്പെടുത്താനല്ല, മഹത്വപ്പെടുത്താനാണ് ഉപയോഗപ്പെടുന്നത്.