Skip to main content

മഹ്ര്‍ അഥവാ വിവാഹ മൂല്യം

ഇസ്‌ലാമിക നിയമപ്രകാരം വിവാഹസമയത്ത് വരന്‍ വധുവിന് നല്‌കേണ്ട നിര്‍ബന്ധ ബാധ്യതയാണ് മഹ്ര്‍ അഥവാ വിവാഹമൂല്യം.  ഇത് എന്താണ് വേണ്ടതെന്നും എത്രയാണ് എന്നുമെല്ലാം തീരുമാനിക്കാനുള്ള അവകാശം വധുവിനാണ്. ഇതില്‍ രക്ഷിതാവിന്നോ വരന്നോ യാതൊരു അധികാരവുമില്ല. ''സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടു കൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍ നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചു കൊള്ളുക''(4:4). മഹ്ര്‍ നിശ്ചയിക്കാത്ത വിവാഹം അസാധുവാണ്. സ്ത്രീയുമായി ബന്ധപ്പെടുന്നതോടെ അത് നിര്‍ബന്ധമായി. പിന്നീട് അവളുടെ ഇഷ്ടപ്രകാരം അത് വിട്ടുകൊടുക്കുകയോ വിട്ടുവീഴ്ച നല്കുകയോ ആകാം. ഇങ്ങനെ ലഭിക്കുന്ന മഹ്‌റിന്റെ പൂര്‍ണ ഉടമസ്ഥാവകാശവും അവള്‍ക്കു തന്നെയാണ്. രക്ഷിതാവില്‍ നിന്ന് ഒരു സ്ത്രീയുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നവന്ന് അതിനുള്ള ശേഷിയും താത്പര്യവുമുണ്ടെന്നതിനും  അവളുടെ ന്യായമായ ജീവിതാവശ്യങ്ങള്‍ നിര്‍വഹിച്ചു നല്കുമെന്നതിനുമുള്ള തെളിവാണ് മഹ്ര്‍. കാരണം അവള്‍ ആവശ്യപ്പെട്ട മഹ്ര്‍ അവന്‍ നല്കുമ്പോഴേ ആ വിവാഹം നടക്കൂ. 

മുസ്‌ലിം രാജ്യങ്ങളില്‍ സ്ത്രീകള്‍ വലിയ അളവില്‍ മഹ്ര്‍ ചോദിക്കുന്നത് അവിടെ യുവാക്കളെ വിഷമിപ്പിക്കുകയാണ്. എന്നാല്‍ സ്ത്രീകളുടെ ഈ അവകാശത്തിനുമേല്‍ നിയന്ത്രണം വെക്കാന്‍ ഭരണകൂടങ്ങള്‍ സന്നദ്ധമാകുന്നില്ല. കാരണം, നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഏറെ ദീര്‍ഘദൃഷ്ടിയോടെ ഇസ്‌ലാമിക ഭരണം നടത്തുകയും ലോകത്തിനു മുമ്പില്‍ രാഷ്ട്രഭരണത്തിന്റെ ഉദാത്ത മാതൃക സമര്‍പ്പിക്കുകയും ചെയ്ത ഉമര്‍(റ) മഹ്‌റിന് അളവു നിയന്ത്രിക്കാന്‍ ആലോചന കുറിച്ചപ്പോള്‍ തന്നെ ആ സദസ്സിലുണ്ടായിരുന്ന സ്ത്രീകള്‍ വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ച് അദ്ദേഹത്തെ തിരുത്തിയതാണ്. അതിനാല്‍ തന്നെ ആര്‍ക്കും കൈകടത്താന്‍ അധികാരമില്ലാത്ത വിധം ഈ സ്ത്രീ അവകാശം ഇന്നും അവിടങ്ങളില്‍ നടപ്പിലുണ്ട്.  സ്ത്രീധനം പോലുള്ള അനാചാരങ്ങള്‍ മഹ്‌റിനെ കളിയാക്കുന്നതാണ്. നിശ്ചയിച്ച സ്ത്രീധനത്തിന്റെ ചെറിയൊരംശം മാത്രമാണ് പേരിനുകൊടുക്കുന്ന മഹ്ര്‍ എന്നത്, മഹ്‌റിന്റെ സാധുതയെ നിരാകരിക്കുകയാണ്.  

ജീവിതവിഭവങ്ങള്‍ കിട്ടാനുള്ള അവകാശം

വിവാഹത്തോടെ സ്ത്രീയുടെ മുഴുവന്‍ സാമ്പത്തികാവശ്യങ്ങളും പുരുഷന്റെ ബാധ്യതയാണ്. ന്യായമായ നിലയില്‍ അത് കിട്ടുക എന്നത് അവളുടെ അവകാശവുമാണ്. അത് ലഭിക്കാത്ത സാഹചര്യത്തില്‍ വിവാഹമോചനം ആവശ്യപ്പെടാന്‍ വരെ അവള്‍ക്ക് അവകാശമുണ്ട്. അവളുടെ സ്വത്തോ പിതൃസ്വത്തോ ചെലവിന്നുവേണ്ടി വിനിയോഗിക്കാന്‍ അവള്‍ക്ക് യാതൊരു നിര്‍ബന്ധവുമില്ല. എന്നാല്‍ സ്വാഭീഷ്ടപ്രകാരം തന്റെ ഇണയെ സാഹായിക്കുന്നതിനായി അവള്‍ അധ്വാനിക്കുന്നതോ അവളുടെ സ്വത്ത് ചെലവഴിക്കുന്നതോ സ്ത്രീകള്‍ക്ക് ഇരട്ടി പുണ്യമാണ്. വിഭവാവകാശങ്ങളുടെ കൂട്ടത്തില്‍ സ്വന്തമായ വീട്, ഭക്ഷണം, വസ്ത്രം, ചികിത്സ എന്നിവയെല്ലാം ഉള്‍പ്പെടുമെന്ന് പണ്ഡിതന്മാര്‍ വിശദീകരിക്കുന്നു. കൂടാതെ വിദ്യാഭ്യാസം, ശാരീരികാവശ്യങ്ങള്‍, വിനോദങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവയും നിര്‍വഹിച്ചുകൊടുക്കാന്‍ അവന്ന് ബാധ്യതയുണ്ട്. ഇതിനൊന്നും ശേഷിയില്ലാത്തവരോട് ഇസ്‌ലാം താല്‍പര്യപ്പെടാത്ത അവിവാഹിത ജീവിതം നയിക്കാനും നോമ്പെടുത്ത് ലൈംഗിക വിശുദ്ധിസൂക്ഷിക്കാനുമാണ് നബി(സ്വ) നിര്‍ദേശിക്കുന്നത് എന്നത് ഈ ബാധ്യതയുടെ ഗൗരവം സൂചിപ്പിക്കുന്നുണ്ട്.  

Feedback