Skip to main content

ജനിക്കാനും വളരാനുമുള്ള അവകാശം

മുഹമ്മദ് നബി(സ്വ) ഇസ്‌ലാമിക പ്രബോധനം തുടങ്ങുന്ന ആറാം നൂറ്റാണ്ടില്‍ അറേബ്യന്‍ സംസ്‌കാരത്തില്‍ സ്ത്രീക്ക് ജനിക്കാനും വളരാനുമുള്ള അവകാശം പൊതുവെ കുറവായിരുന്നു. ഗോത്രയുദ്ധങ്ങള്‍ പ്രധാനമായിരുന്ന ആ സമൂഹത്തിന് യോദ്ധാക്കളായ പുരുഷന്മാരെയായിരുന്നു ആവശ്യമായിരുന്നത്. അതിനാല്‍ തന്നെ അവരില്‍ ചിലരെങ്കിലും സ്ത്രീജന്മത്തെ വെറുത്തു. നിര്‍ബന്ധിതാവസ്ഥകളില്‍ അനിഷ്ടത്തോടെ സ്വീകരിക്കുകയായിരുന്നു. പെണ്‍കുഞ്ഞിന്റെ പിതാവിനുണ്ടാകുന്ന ഭാവം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ''അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ചു കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!''(16:58,59).

സ്ത്രീജന്മത്തോടുള്ള ഈ അറപ്പ് അറേബ്യന്‍ സമൂഹത്തിന്റേത് മാത്രമായിരുന്നില്ല. ലോക സംസ്‌കാരത്തൊട്ടിലുകളിലെല്ലാം സ്ത്രീ വിദ്വേഷം വ്യാപകമായിരുന്നു. ഈ പ്രവണത ഇസ്‌ലാം ശക്തമായി നിരാകരിച്ചു. സത്യവിശ്വാസമുള്ള സമൂഹത്തിന്നു മാത്രമേ സ്ത്രീയെ ആദരിക്കാന്‍ കഴിയൂ എന്നതിനാല്‍ പരലോക വിചാരണയെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആന്‍ ഉദ്‌ബോധനം തുടങ്ങിയത്. ''താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍!''(81:8,9).

ആനുഷംഗികമായി സൂചിപ്പിക്കട്ടെ, പരിമിത വിഭവങ്ങളും ജീവിത സൗകര്യങ്ങളുമായി കഴിഞ്ഞിരുന്ന അവര്‍ക്ക് പെണ്‍കുട്ടി ഭാരമായിരുന്നു. എന്നാല്‍ എല്ലാം തികഞ്ഞവരാണ് എന്നഭിമാനിക്കുന്നവര്‍ ഇന്ന് വരവിന്റെയും ചെലവിന്റെയും കണക്കുകൂട്ടി ഭ്രൂണഹത്യയിലൂടെ പെണ്‍കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയാണ്!

സ്ത്രീയുടെ സ്വത്വം പൂര്‍ണാര്‍ഥത്തില്‍ ഇസ്‌ലാം അംഗീകരിച്ചു. നായയും പന്നിയും മറ്റുമായി പലരാലും ഉപമിക്കപ്പെട്ട അവളെ പുരുഷന്റെ പാതിയായിട്ടാണ് ഖുര്‍ആന്‍ വരച്ചുകാണിച്ചത്.  സ്ത്രീയില്‍ ശകുനം കാണുന്നതിനെയും ഇസ്‌ലാം വിലക്കി. 

Feedback