Skip to main content

അറഫ നോമ്പ്

ദുല്‍ഹിജ്ജ ഒന്‍പതിന് ഹാജിമാര്‍ അറഫയില്‍ നില്‍ക്കുന്ന ദിവസം ഹാജിമാരല്ലാത്തവര്‍ നോമ്പെടു ക്കുന്നത് സുന്നത്താണ്. അബൂഖതാദ(റ) പറയുന്നു: അറഫാ നോമ്പിനെക്കുറിച്ച് നബി(സ്വ)യോട് ചോദിക്കപ്പെട്ടു. അദ്ദേഹം മറുപടി പറഞ്ഞു, കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ കൊല്ലങ്ങ ളിലെയും ചെറിയ പാപങ്ങളെ അത് മുഖേന പൊറുത്തുതരും (മുസ്‌ലിം 1162).

ഈ നോമ്പിന്റെ ദിവസം തീരുമാനിക്കേണ്ടത് അതാതു നാട്ടിലെ മാസപ്പിറവി അനുസരിച്ചാണോ അതല്ല, മക്കയിലെ അറഫാദിനം പ്രകാരമാണോ എന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നവീക്ഷണമുള്ളവരാണ്. ഇതൊരു ഗവേഷണാത്മക വിഷയമാണ്. അതാതു നാടുകളിലെ മാസപ്പിറയാണ് പരിഗണിക്കേണ്ടത് എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്‌
 

അറഫാ നോമ്പിന്റെ പുണ്യം

സുന്നത്ത് നോമ്പുകളില്‍ ഏറെ പ്രതിഫലമേറിയതാണ് അറഫാ നോമ്പ്. ഹജ്ജിനു വേണ്ടി മക്കയില്‍ സന്നിഹിതരായവര്‍ ഒഴികെ എല്ലാവരും അത് അനുഷ്ഠിക്കാന്‍ നബി(സ്വ) പ്രോത്സാഹിപ്പിച്ചു. അബൂഖതാദ(റ) പറയുന്നു: റസൂലി(സ്വ)നോട് അറഫാ ദിവസത്തെ നോമ്പിനെക്കുറിച്ച് ചോദിച്ചു. അവിടുന്ന് പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണത് (മുസ്‌ലിം 1162). 

ഒരു ദിവസത്തെ നോമ്പു കൊണ്ട് രണ്ടു വര്‍ഷങ്ങളില്‍ സംഭവിക്കുന്ന ദോഷങ്ങള്‍ പൊറുക്കപ്പെടുക എന്നത് അതിന്റെ മഹത്വം വിളിച്ചറിയിക്കുന്നു. എന്നാല്‍ വന്‍ പാപങ്ങള്‍ ഇതുമൂലം പൊറുക്കപ്പെടുകയില്ല. ചെറിയ പാപങ്ങള്‍ക്ക് മാത്രമേ പരിഹാരമാവുകയുള്ളൂ. ഇമാം നവവി(റ) പറയുന്നു: ഇതിന്റെ വിവക്ഷ ചെറിയ പാപങ്ങളാകുന്നു (ശറഹു മുസ്‌ലിം). വന്‍ പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ പ്രത്യേകമായി പശ്ചാത്തപിക്കണം.

അറഫയില്‍ സമ്മേളിച്ചിരിക്കുന്ന ഹാജിമാര്‍ നോമ്പെടുക്കാന്‍ പാടില്ല. അവിടെ എത്തിയിരിക്കുന്ന ഹാജിമാര്‍ നോമ്പ് നോല്‍ക്കുന്നത് പ്രവാചക ചര്യയ്ക്ക് വിരുദ്ധമാണ്. ഇബ്‌നു ഉമറി(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെ കൂടെ ഹജ്ജ് ചെയ്തു. അദ്ദേഹം അറഫ നോമ്പ് അവിടെ വെച്ച് അനുഷ്ഠിച്ചിട്ടില്ല. ഞാന്‍ അബൂബക്കറി(റ)ന്റെ കൂടെ ഹജ്ജ് ചെയ്തു, അദ്ദേഹം അറഫ നോമ്പ് അവിടെ വെച്ച് അനുഷ്ഠിച്ചിട്ടില്ല. ഉമറി(റ)ന്റെ കൂടെയും ഹജ്ജിനു വന്നു, അദ്ദേഹവും അന്ന് നോമ്പ് അനുഷ്ഠിച്ചില്ല. ഉസ്മാന്റെ(റ) കൂടെയും ഹജ്ജ് ചെയ്തു, അദ്ദേഹവും നോമ്പ് പിടിച്ചില്ല (തിര്‍മിദി 750). 

അറഫാ ദിനം

ഒരു വ്യക്തിക്ക് ആരോഗ്യവും സമ്പത്തും പോകാനുള്ള സൗകര്യവും ഒത്തുവന്നാല്‍ ഇസ്‌ലാമില്‍ ഹജ്ജ് നിര്‍ബന്ധമാണ്. ഈ പവിത്രമായ ഹജ്ജിന്റെ ഏറ്റവും ശ്രേഷ്ഠമായ കര്‍മമാണ് അറഫാ സംഗമം. മനുഷ്യ ശരീരത്തില്‍ ഹൃദയത്തിനോ തലയ്‌ക്കോ എത്ര പ്രാധാന്യമുണ്ടോ അതുപോലെ ഹജ്ജിന്റെ ഏറ്റവും സുപ്രധാന ഭാഗമാണ് അറഫയില്‍ നില്‍ക്കല്‍. നബി(സ്വ) പറഞ്ഞു: 'അല്‍ഹജ്ജു അറഫ' അഥവാ ഹജ്ജെന്നാല്‍ അറഫയാണ്. പരിശുദ്ധ ദീന്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിവസമാണ് അറഫാ ദിവസം. ഇന്നേ ദിവസം നിങ്ങളുടെ മതം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നുവെന്ന വചനം അവതരിച്ച ദിനമാണത്.

ഉമറുബ്‌നുല്‍ ഖത്താബ്(റ) പറയുന്നു: നിശ്ചയം ജൂതസമൂഹത്തില്‍പ്പെട്ട ഒരാള്‍ വന്നു പറഞ്ഞു: 'ഹേ അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരു സൂക്തം, അത് ജൂതസമൂഹത്തിന്നാണ് അവതരിച്ചിരുന്നതെങ്കില്‍ ആ ദിവസം ആഘോഷദിവസമാക്കി മാറ്റുമായിരുന്നു.' അദ്ദേഹം ചോദിച്ചു: ഏത് സൂക്തം? 'ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.' ഉമര്‍(റ) പറഞ്ഞു: 'ആ സൂക്തം നബി(സ്വ)യുടെ മേല്‍ അവതരിക്കപ്പെട്ട ദിവസവും സമയവും നമുക്കറിയാം. അദ്ദേഹം വെള്ളിയാഴ്ച അറഫയില്‍ നില്‍ക്കുമ്പോഴായിരുന്നു അത് (ബുഖാരി 45, മുസ്‌ലിം 3017).
 
സൂറ ഹൂദിലെ 'യൗമുല്‍ മശ്ഹൂദ്' അറഫാ ദിവസത്തെ അറിയിക്കുന്നതാണെന്ന് ഇമാം തിര്‍മിദി ഉദ്ധരിച്ചത് കാണാം.

നരകവാസികള്‍ക്ക് മോചനം 

അറഫാ ദിവസത്തിന്റെ മഹത്തായ പ്രത്യേകതകളില്‍ ഒന്ന് കൂടുതല്‍ നരകവാസികളെ നരകത്തില്‍ നിന്നു മോചിപ്പിക്കപ്പെടുന്ന ദിനം എന്നതാണ്. ആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: അറഫാ ദിവസത്തേക്കാള്‍ കൂടുതല്‍ നരകവാസികളെ നരകത്തില്‍ നിന്നു മോചിപ്പിക്കുന്ന വേറെയൊരു ദിവസവുമില്ല (മുസ്‌ലിം 1348).
 

Feedback