ആരാധന എന്ന ആശയത്തിന് അറബിയില്‍ ഉപയോഗിക്കുന്ന പദമാണ് ഇബാദത്ത്. ആരാധന പലതരത്തില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ മുഹമ്മദ് നബി(സ്വ) വളരെ ലളിതമായി ആരാധനയെ നിര്‍വചിച്ചത് ഇപ്രകാരമാണ്: 'പ്രാര്‍ഥന, അതാണ് ആരാധന'. 'പ്രാര്‍ഥന ആരാധനയുടെ മജ്ജയാണ്' എന്നും നബി(സ്വ) വിശദീകരിച്ചു.
അപ്പോള്‍ പ്രാര്‍ഥനയും നിര്‍വചിക്കപ്പെടേണ്ടതുണ്ട്. മനുഷ്യകഴിവിന്നപ്പുറത്തുള്ള കാര്യങ്ങള്‍ അര്‍ഥിക്കുക എന്നതാണ് പ്രാര്‍ഥന. അഥവാ മനുഷ്യകഴിവില്‍ പെട്ട കാര്യങ്ങള്‍ പരസ്പരം ആവശ്യപ്പെടുന്നത് പ്രാര്‍ഥനയല്ല.
പ്രാര്‍ഥനയടങ്ങുന്ന ഏതു പ്രവൃത്തിയും ആരാധനയാണ്. മതപരമായ അനുഷ്ഠാനങ്ങളെല്ലാം ആരാധനകളാണ്. അഭൗതികമായ നിലയില്‍ ഗുണം പ്രതീക്ഷിച്ചു കൊണ്ടോ ദോഷം ഭയന്നു കൊണ്ടോ ചെയ്യുന്ന ഏതു പ്രവൃത്തിയും 'ഇബാദത്ത്' ആണ്. ഇങ്ങിനെയുള്ള ഇബാദത്ത് ദൈവത്തിനാവുമ്പോള്‍ തൗഹീദായി. ഇതാണ് ഇസ്‌ലാമിന്റെ അടിത്തറ. അല്ലാഹുവല്ലാത്ത ഏതു ശക്തിക്കു മുന്നില്‍ ഇബാദത്ത് അര്‍പ്പിച്ചാലും ബഹുദൈവാരാധന (ശിര്‍ക്ക്) ആവുന്നു. അത് ഇസ്‌ലാമിക വിരുദ്ധമാണ്.
ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പണ്ഡിതരും ഇബാദത്തിന് നല്‍കിയ നിര്‍വചനം ഇപ്രകാരമാണ്. 'താഴ്മയുടെയും വിധേയത്വത്തിന്റെയും അങ്ങേയറ്റമാണ് ഇബാദത്ത്. (തഫ്‌സീറു അബീ സഊദ് 116) ഇബാദത്ത് എന്നാല്‍ പരമമായ വിധേയത്വവും താഴ്മയുമാണ്(കശ്ശാഫ് 1:49).