Skip to main content

കുഞ്ഞിന്റെ ജനനം

ഒരു കുഞ്ഞിന്റെ ജനനം മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ആഹ്ലാദം നല്‍കുന്ന ഒരു അനുഭവമാണ്. അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് നന്ദി പറയുകയും ആ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യേണ്ടതുണ്ട്. സന്താനസൗഭാഗ്യം ലഭിച്ച സഹോദരനെ അനുമോദിക്കുന്ന രീതിയും പൂര്‍വികര്‍ക്കുണ്ടായിരുന്നു. ഒരാള്‍ക്ക് ഒരുകുഞ്ഞ് ജനിച്ചപ്പോള്‍ സുഹൃത്ത് അയാളെ അനുമോദിച്ച് ഇപ്രകാരം പറഞ്ഞു: 'നിനക്ക് ഒരു യോദ്ധാവ് പിറന്നതില്‍ അനുമോദിക്കുന്നു'. അതുകേട്ട പ്രമുഖ താബിഈ ഹസന്‍ബസ്വരി അദ്ദേഹത്തെ തിരുത്തി. ഇങ്ങനെ പറയാന്‍ ആവശ്യപ്പെട്ടു. 'അല്ലാഹു അവനെ നിനക്കും മുഹമ്മദിന്റെ സമുദായത്തിനും അനുഗൃഹീതനാക്കട്ടെ'.

പിറന്ന കുഞ്ഞ് ആണായിരുന്നാലും പെണ്ണായിരുന്നാലും അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രമഹാണ്. അതുകൊണ്ട് തന്നെ ആണ്‍പിറവിയില്‍ സന്തോഷിക്കുന്നതുപോലെ പെണ്‍കുട്ടി ജനിച്ചുവെന്നറിയുമ്പോള്‍ ആഹ്ലാദിക്കാന്‍ കഴിയാതിരിക്കുന്നത് ജാഹിലിയ്യാ കാലത്തിന്റെ ശേഷിപ്പുള്ളതു കൊണ്ടു മാത്രമാണ്. അജ്ഞാനകാലത്തെ സമ്പ്രദായപ്രകാരം കുഞ്ഞ് ആണാണെങ്കില്‍ അനുമോദിക്കുകയും പെണ്ണാണെങ്കില്‍ മരിക്കുമ്പോള്‍ അനുമോദിക്കുകയും ചെയ്യുന്ന തീരിയായിരുന്നു. ഇങ്ങനെ സന്താനങ്ങള്‍ക്കിടയില്‍ വിവേചനം യാതൊരു നിലയ്ക്കും പാടില്ലെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.

കുഞ്ഞിന്റെ ജനനം കൊണ്ട് സന്തോഷിക്കുന്ന മാതാപിതാക്കള്‍ കുട്ടി പിറന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ നബി(സ്വ) നിര്‍ദേശിക്കുകയും മാതൃക കാണിച്ചുതരികയും ചെയ്തിട്ടുണ്ട്. മകള്‍ ഫാത്വിമ(റ) ഹസന്‍(റ)നെ പ്രസവിച്ചപ്പോള്‍ നബി(സ്വ) ഹസന്റെ കാതില്‍ ബാങ്ക് കൊടുത്തു. നവജാത ശിശുവിന്റെചെവിയില്‍ ബാങ്ക് വിളിക്കുന്നതുമായി പ്രമുഖ പണ്ഡിതനായ ഇമാം നവവി(റ) രേഖപ്പെടുത്തി. 'നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്ക് വിളിക്കല്‍ നബിചര്യയാണ്' (ശറഹുല്‍മുഹദ്ദബ് 8-442). അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന വാക്കുകള്‍ കുട്ടിയെ ആദ്യം കേള്‍പ്പിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ രഹസ്യമെന്ന് ഇബ്‌നുല്‍ഖയ്യിം(റ) പറയുന്നു. കുട്ടിക്ക് അറിയില്ലെങ്കിലും ഇത് അവന്റെ മനസ്സില്‍ പതിയുമെന്ന് അദ്ദേഹം ഉണര്‍ത്തുന്നു.

പ്രസവാനന്തര ചടങ്ങുകളില്‍ മറ്റൊന്ന് നവജാതശിശുവിന് മധുരം നല്‍കുക എന്നതാണ്. അബൂമൂസാ(റ) പറയുന്നു: 'എനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ഞാന്‍ അവനെയും കൊണ്ട് നബി(സ്വ)യുടെ അടുക്കല്‍ചെന്നു. അദ്ദേഹം അതിന് ഇബ്‌റാഹീം എന്ന് പേരിടുകയും ഒരു കാരക്ക കൊണ്ട് മധുരം നല്‍കുകയും അനുഗ്രഹം ചൊരിയാന്‍ പ്രാര്‍ഥിക്കുകയും ചെയ്തിട്ട് കുട്ടിയെ എനിക്ക് തന്നെ നല്‍കി'. പൂര്‍ണഗര്‍ഭിണിയായി മക്കയില്‍നിന്ന് ഹിജ്‌റ പോയ അസ്മ (പ്രവാചക പത്‌നി ആഇശ(റ)യുടെ സഹോദരരി) ഖുബാഇല്‍ വെച്ച് പ്രസവിച്ചു. ഉടനെ കുട്ടിയെ നബി(സ്വ)യുടെ അടുക്കല്‍ കൊണ്ടുചെന്നു. അദ്ദേഹം ഒരു കാരക്ക കൊണ്ടുവരാന്‍ പറഞ്ഞു. നബി(സ്വ) അത് ചവച്ച് നീര് കുട്ടിയുടെ വായിലാക്കി. പിന്നെ കുട്ടിക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. മദീനയില്‍ മുഹാജിറുകള്‍ക്ക് ജനിച്ച ആദ്യത്തെ കുട്ടിയായിരുന്നു ഇത്. നവജാത ശിശുവിന്റെ മുടികളയുന്നതും സന്താനലബ്ധിയില്‍ സന്തോഷം പ്രകടിപ്പിച്ച് ബലികര്‍മം നടത്തലും കുട്ടിക്ക് നല്ല പേരിടലും നബി(സ്വ) കുട്ടിയുടെ ജനനത്തിനുശേഷം അടുത്ത ദിവസങ്ങളിലായി ചെയ്യാന്‍ കല്പിച്ചിട്ടുള്ള കാര്യങ്ങളാണ്.

Feedback