Skip to main content

ചേലാകര്‍മം

പുരുഷന്റെ ലിംഗാഗ്ര ചര്‍മം മുറിച്ചു കളയുകയെന്നത് (പരിഛേദനം) അറബികളിലും ജൂതന്മാര്‍ക്കിടയിലും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ അംഗീകരിക്കപ്പെടുന്ന ഒരു കര്‍മമായിരുന്നു. ആണ്‍കുട്ടികള്‍ക്ക് ഖിതാന്‍(ലിംഗാഗ്രം ഛേദിക്കുന്ന കര്‍മം) നടത്തുന്നത് പ്രകൃതിപരമായ ഒരു കാര്യമായി ഗണിക്കപ്പെടുന്നു. ഇബ്‌റാഹീം നബി(അ)യാണ് ആദ്യമായി ഖിതാന്‍ എന്ന സുന്നത്ത് നടപ്പിലാക്കിയത്. വിശുദ്ധ ഖുര്‍ആനില്‍(2:214)ല്‍ ഇബ്‌റാഹീം നബി(അ)യെ അല്ലാഹു ചില വചനങ്ങളിലൂടെ പരീക്ഷിക്കുകയും അദ്ദേഹം അതു നിറവേറ്റുകയും ചെയ്തുവെന്ന് പരാമര്‍ശിക്കുന്നു. ചേലാകര്‍മവും ഇതില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഈ സൂക്തത്തിന്റെ വിവരണത്തില്‍ ഇബ്‌നു അബ്ബാസില്‍(റ)നിന്ന് ഉദ്ധരിക്കപ്പെടുന്നുണ്ട്. 

ഇബ്‌റാഹീം നബി(അ) എണ്‍പതാമത്തെ വയസ്സില്‍ ഖദൂമില്‍വെച്ച് ചേലാകര്‍മം ചെയ്തുവെന്ന് അബൂഹുറയ്‌റ(റ)യില്‍ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ വന്നിട്ടുണ്ട്. ഈ സമ്പ്രദായത്തെ ഇസ്ലാം അംഗീകരിക്കുകയും പ്രകൃതിയുടെ തന്നെ താല്പര്യത്തില്‍ പെട്ടതാണെന്ന് നബി(സ്വ) പ്രഖ്യാപിക്കുകയും ചെയ്തു (ബുഖാരി, മുസ്ലിം). മുഹമ്മദ് നബി(സ്വ) മക്കയില്‍ ഭൂജാതനാകുമ്പോള്‍ അറബ് ജനതയെല്ലാം ചേലാകര്‍മം നടത്തുന്ന പതിവ് സ്വീകരിക്കുന്നവരായിരുന്നു.  പിതാമഹന്‍ അബ്ദുല്‍മുത്വലിബ് അറബികള്‍ സ്വീകരിച്ചുവന്നിരുന്ന ആചാരപ്രകാരം ഏഴാം ദിവസം നബി(സ്വ)യുടെ ചേലാകര്‍മം നടത്തി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മുസ്ലിംകളെല്ലാം ഈ കര്‍മം നടത്തുന്നവരാണ്. എന്നാല്‍ ഇതിന്റെ മതവിധിയുടെ കാര്യത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. ശാഫിഈയും അഹ്മദും മാലികും ഇത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ അബൂഹനീഫയും ഹസന്‍ ബസ്വരിയും ചേലാകര്‍മം സുന്നത്ത് മാത്രമാണെന്ന് അഭിപ്രായപ്പെടുന്നു. ചുരുക്കത്തില്‍ ചേലാകര്‍മം നിര്‍ബന്ധമാണെന്നതിന് വ്യക്തമോ സ്വീകാര്യമോ ആയ തെളിവുകളൊന്നുമില്ലാത്തതിനാല്‍ അത് പ്രകൃതിപരമായ കാര്യങ്ങളില്‍പെട്ട മുസ്‌ലിംകള്‍ അനുവര്‍ത്തിക്കല്‍ പുണ്യകരമായ കര്‍മമായി മനസ്സിലാക്കുകയാണ് വേണ്ടത്.  

ചേലാകര്‍മത്തിന് നിര്‍ണിതമായ സമയമില്ല എന്ന് ഇമാം നവവി നൈലുല്‍ ഔതാറില്‍ രേഖപ്പെടുത്തുന്നു. ഇമാം മാലിക്(റ) പറയുന്നു: 'ചേലാകര്‍മം ഒരു ശുദ്ധീകരണമാണ്. എത്ര മുമ്പായി അത് നിര്‍വഹിച്ചുവോ അത്രയും എനിക്കിഷ്ടമാണ്'. നബി(സ്വ)യുടെ അനുചരന്മാര്‍ കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായ ശേഷമാണ് ചേലാകര്‍മം നടത്തിയിരുന്നത് (സാദുല്‍മആദ് 1-333). പ്രത്യേക സമയപരിധി വെച്ചിട്ടില്ലെങ്കിലും കുട്ടികളെ പ്രയാസപ്പെടുത്തുന്ന വിധം അത് നീട്ടിക്കൊണ്ടുപോകാതെ സൗകര്യംപോലെ എത്രയും വേഗം അത് നിര്‍വഹിക്കുന്നതാണ് നല്ലത്. ഏഴാം വയസ്സില്‍ നമസ്‌കാരം ശീലിപ്പിക്കുകയും വൃത്തിയുടെ സംസ്‌കാരം കുട്ടിയില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ആ പ്രായത്തിന്റെ മുമ്പുതന്നെ നടത്തുന്നതാണ് അഭികാമ്യമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

ഇബ്‌റാഹീം നബി(അ) ഇസ്ഹാഖിന് ഏഴാം നാളില്‍ ഖിതാന്‍ നടത്തിയതുപോലെ നബി(സ്വ)യുടെ പുത്രി ഫാത്വിമ, പുത്രന് ഏഴാം നാളില്‍ ഖിതാന്‍ നടത്തിയ റിപ്പോര്‍ട്ടുമുണ്ട്. ചേലാകര്‍മം ഒരാഘോഷത്തിന്റെ പ്രതീതിയില്‍ സദ്യയും മറ്റും വിളമ്പുന്ന വലിയ ചടങ്ങായി സംഘടിപ്പിക്കുന്നത് മതത്തിന്റെ സംസ്‌കാരത്തില്‍ പെട്ടതല്ല.

ചേലാകര്‍മത്തിന്റെ ആരോഗ്യശാസ്ത്ര സംബന്ധമായ ഗുണങ്ങളും അതിന്റെ ആവശ്യകതയും മനസ്സിലാക്കി വൈദ്യശാസ്ത്രം ഒരുചികിത്സ എന്ന നിലയ്ക്കും രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കും ഇത് നിര്‍ദേശിക്കുന്നുണ്ട്. പുരുഷന്റെ ജനനേന്ദ്രിയത്തിന്റെ അഗ്രത്തില്‍ മൂത്രാവശിഷ്ടങ്ങള്‍ കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അത് ശുചിത്വത്തെ ബാധിക്കുകയും രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

സ്ത്രീയുടെ യോനിമുഖത്ത് ഉയര്‍ന്നുനില്ക്കുന്ന കൃസരി എന്ന അവയവം പൂര്‍ണമായോ ഭാഗികമായോ മുറിച്ചുനീക്കുന്നതാണ് സ്ത്രീ ചേലാകര്‍മം. നബി(സ്വ) മക്കയില്‍ ഇസ്ലാമിക പ്രബോധനം നടത്തുമ്പോള്‍ അറബ് സമൂഹത്തില്‍ ആണ്‍ ചേലാകര്‍മം പോലെതന്നെ പെണ്‍ ചേലാകര്‍മവും ഒരു സമ്പ്രദായമായിരുന്നു. ഇത് നടത്തപ്പെട്ട നിലയിലായിരുന്നു ഇസ്ലാം സ്വീകരിച്ച സ്ത്രീകളുണ്ടായിരുന്നത്. ഈ സ്ത്രീകളെ ഇതേ നിലയില്‍ നബി(സ്വ) അംഗീകരിച്ചു. എന്നാല്‍ പുരുഷന്റെ ചേലാകര്‍മത്തിന് റസൂല്‍(സ്വ) കല്പിച്ചതുപോലെ സ്ത്രീകളുടെ ചേലാകര്‍മത്തിന് നിർദേശം നല്‍കിയതായി തെളിവില്ല.  

ഹദീസ് നിദാന ശാസ്ത്രത്തില്‍ അവഗാഹമുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് പ്രകാരം സ്ത്രീകളുടെ ചേലാകര്‍മ വിഷയത്തില്‍ റസൂല്‍(സ്വ) കല്പിക്കുകയോ അഭികാമ്യമാണെന്ന് പ്രസ്താവിക്കുകയോ ചെയ്തതായി അന്യൂനമായി ഒരു ഹദീസും വന്നിട്ടില്ല. അറബ് സമൂഹങ്ങളില്‍ നിലനിന്ന സമ്പ്രദായം എന്നനിലയ്ക്ക് ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നിര്‍ബന്ധം, പുണ്യകര്‍മം, അനുവദനീയം എന്നിങ്ങനെ വ്യത്യസ്ത വിധികള്‍ ഈ വിഷയത്തില്‍ പ്രസ്താവിച്ചിട്ടുണ്ട് എന്നു മാത്രം. സ്ത്രീകളുടെ കൃസരി പൂര്‍ണമയോ ഭാഗികമായോ ഛേദിക്കുന്നതില്‍ ആരോഗ്യപരമായി യാതൊരു നന്മയും വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നില്ല.  

Feedback