Skip to main content

വിവാഹമോചനം (12)

വൈവാഹിക ബന്ധം ജീവിതാന്ത്യം വരെ നിലനില്‌ക്കേണ്ട സുദൃഢമായ ബന്ധമായാണ് ഇസ്‌ലാം വീക്ഷിക്കുന്നത്. വ്യത്യസ്ത ജീവിത ചുറ്റുപാടുകളില്‍ വളര്‍ന്നു വന്ന രണ്ട് വ്യക്തികള്‍ ഒന്നായി ജീവിക്കുമ്പോള്‍ അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളും സ്വാഭാവികമാണ്. പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച്ച ചെയ്തും സ്‌നേഹിച്ചും ഉപദേശിച്ചും തിരുത്തിയും ബന്ധത്തിന്റെ ഊഷ്മളത നിലനിര്‍ത്തുകയാണ് വേണ്ടത്. മനസ്സിണക്കത്തോടെ പെരുമാറിയും ബാധ്യതകള്‍ നിര്‍വഹിച്ചും അവകാശങ്ങള്‍ വകവെച്ചുകൊടുത്തും കുടുംബത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ ദമ്പതികള്‍ ശ്രമിക്കേണ്ടതാണ്. പിണക്കങ്ങളും അനുസരണക്കേടും ഉണ്ടായാല്‍ പോലും മാന്യമായി കൈകാര്യം ചെയ്യാനുള്ള രീതി ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ശിക്ഷണ നടപടികളിലൂടെ തെറ്റ് ബോധ്യപ്പെടുത്തുകയും വീഴ്ചകള്‍ തിരുത്തി സ്‌നേഹവും കാരുണ്യവും നിലനിര്‍ത്തി ജീവിക്കുകയും വേണമെന്നാണ് ഖുര്‍ആന്‍ നമുക്ക് നല്‍കുന്ന മാര്‍ഗദര്‍ശനം.

ദമ്പതിമാര്‍ക്കിടയിലുള്ള ബന്ധം മോശമാവുകയും മനസ്സിണക്കത്തോടെ മുന്നോട്ട് പോകാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്യുന്ന നിര്‍ബന്ധിത സാഹചര്യത്തില്‍ വേര്‍പിരിയാനും ഇസ്‌ലാം അനുവാദം നല്‍കുന്നു. ഈ വേര്‍പിരിയലിന് ത്വലാഖ്(വിവാഹമോചനം) എന്ന് പറയുന്നു. വിവാഹബന്ധം ഒഴിവാക്കാനുള്ള അധികാരം പുരുഷനാണ്. എന്നാല്‍ സ്ത്രീക്കും വിവാഹബന്ധം ഒഴിയാന്‍ ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. ഇതിന് ഖുല്‍അ് എന്നാണ് പറയുക.

പുരുഷന് സ്വന്തം ഇച്ഛക്കനുസൃതമായി വിവാഹമോചനം ചെയ്യാന്‍ അനുവാദം നല്‍കപ്പെട്ടിട്ടില്ല. സ്വഭാവദൂഷ്യം, അനുസരണക്കേട്, ദാമ്പത്യബന്ധത്തിന് തടസ്സമുണ്ടാക്കുന്ന ലൈംഗിക രോഗങ്ങള്‍, അവിഹിത ബന്ധം തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമോചനം നടത്താം. അനിവാര്യമായ അവസ്ഥയില്ലാതിരിക്കുകയും മറ്റു പോംവഴികള്‍ നിലനില്‍ക്കുകയുമാണെങ്കില്‍ വിവാഹമോചനം നിഷിദ്ധമാണ്. പുരുഷന്നും സ്ത്രീക്കും ദാമ്പത്യം തുടരുന്നത് ദ്രോഹകരവും രണ്ടുപേര്‍ക്കും ലഭിച്ചേക്കാവുന്ന നന്മയെ അനാവശ്യമായി നശിപ്പിക്കലുമാണെന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് എത്തേണ്ടിവരും.
 

Feedback