Skip to main content

വിവാഹമോചനക്രമം

ഇദ്ദ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ ഭാര്യയെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍ അവളെ പ്രയാസപ്പെടുത്താതെ വിവാഹമോചനക്കാര്യം വ്യക്തമായോ സൂചനാവാക്യത്തിലൂടെയോ ധരിപ്പിക്കാവുന്നതാണ്. മൊഴിചൊല്ലി, വേര്‍പിരിച്ചു എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെയോ അര്‍ഥം വ്യക്തമാക്കുന്ന സൂചനപ്രയോഗങ്ങളിലൂടെയോ രേഖാമൂലം അറിയിക്കാവുന്നതാണ്. സംസാരശേഷിയില്ലാത്തവര്‍ ആംഗ്യം കാണിച്ചും പ്രത്യേക ദൂതന്‍ വശം കാര്യം അറിയിച്ചും ത്വലാഖ് ചെയ്യാം.

മൂന്ന് പ്രാവശ്യമായി മൂന്നു വിവാഹമോചനം നടത്താന്‍ മതം സൗകര്യം നല്‍കുന്നുണ്ട്. ഓരോ പ്രാവശ്യവും അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടില്ലാത്ത ശുദ്ധിയുടെ ഘട്ടത്തില്‍ വിവാഹമോചനം ചെയ്യാവുന്നതാണ്. ഇദ്ദ പൂര്‍ത്തിയാവുന്നതുവരെ അവളെ തിരികെ എടുത്തിട്ടില്ലെങ്കില്‍ പുതിയ വിവാഹത്തിലൂടെ അവളെ സ്വീകരിക്കാവുന്നതാണ്. ഭര്‍ത്താവ് അവളെ മടക്കി എടുക്കുന്നില്ലെങ്കില്‍ മറ്റൊരാള്‍ക്ക് അവളെ സ്വീകരിക്കുന്നതില്‍ വിരോധമില്ല.

ഒന്നാമത്തെ വിവാഹത്തിനുശേഷം വീണ്ടും ബന്ധത്തിലേക്ക് മടങ്ങുകയും രണ്ടാമതും അവര്‍ക്കിടയില്‍ അകല്‍ച്ചയും വെറുപ്പും സംഭവിക്കുകയും നന്നാകാനുള്ള എല്ലാ മാര്‍ഗങ്ങളും പരാജയപ്പെടുകയും ചെയ്താല്‍ രണ്ടാം തവണയും അവളെ വിവാഹമോചനം നടത്താം. അയാള്‍ക്ക് വീണ്ടും ഇദ്ദയുടെ കാലത്ത് പുതിയ വിവാഹം കൂടാതെയും ഇദ്ദയ്ക്ക് ശേഷമാണെങ്കില്‍ പുതിയ വിവാഹത്തിലൂടെയും അവളെ ഭാര്യയായി സ്വീകരിക്കാവുന്നതാണ്. മൂന്നാം തവണയും അവളെ വിവാഹമോചനം നടത്തുകയാണെങ്കില്‍  അവളെ മടക്കിയെടുക്കുവാന്‍ അനുവാദമില്ല. മറ്റൊരാള്‍ നിയമാനുസൃതം വിവാഹം ചെയ്ത് അനിവാര്യമായ സാഹചര്യത്തില്‍ വിവാഹമോചനം ചെയ്ത് ഇദ്ദ കാലം കഴിഞ്ഞശേഷമല്ലാതെ അയാള്‍ക്ക് അവളെ വിവാഹം ചെയ്യാന്‍ പാടില്ല. രണ്ടാമത്തെയാള്‍ വിവാഹം ചെയ്യുന്നത് ആദ്യഭര്‍ത്താവിന് അവളെ അനുവദനീയമാക്കാന്‍ വേണ്ടി ചടങ്ങുതീര്‍ക്കലാവരുത്. ഇങ്ങിനെയൊരു ചടങ്ങ് വിവാഹം ഇസ്‌ലാമിലില്ല. അത് നിഷിദ്ധമാണുതാനും.

നിഷ്‌കൃഷ്ടമായ പ്രകിയകളിലൂടെ കടന്നുപോകേണ്ട ഈ മൂന്ന് വിവാഹമോചനവും ഒന്നിച്ചു നടത്തുന്നതും ഒരുമിച്ചു പറയുന്നതും അല്ലാഹു നിശ്ചയിച്ച നിയമത്തിനും പ്രവാചകന്റെ നിര്‍ദേശത്തിനും വിരുദ്ധമാണ്. അല്ലാഹു പറഞ്ഞത് മര്‍റത്(തവണ) എന്നാണ്. ഇത് പ്രായോഗികമാകണമെങ്കില്‍ മൂന്നു ഘട്ടങ്ങളിലായി വിവാഹമോചനം ചെയ്തിരിക്കണം. അല്ലാതെ ഒരാള്‍ തന്റെ ഭാര്യയെ താന്‍ ഒരു മൊഴി ചൊല്ലി, രണ്ട് മൊഴി ചൊല്ലി, മൂന്ന് മൊഴി ചൊല്ലി എന്ന് പറയുന്ന സമ്പ്രദായം ഇസ്‌ലാമികമല്ലാത്ത പുത്തനാചാരമാണ്.

റുകാന എന്ന സ്വഹാബി തന്റെ ഭാര്യയെ ഒരു ഇരുപ്പില്‍ തന്നെ മൂന്നു മൊഴി ചൊല്ലി. പിന്നീട് അദ്ദേഹം ഖേദിച്ചു. പ്രവാചകനോട് അതിനെക്കുറിച്ച് ചോദിച്ചു. പ്രവാചകന്‍ അന്വേഷിച്ചു: എപ്രകാരമാണ് നീ അവളെ മൊഴി ചൊല്ലിയത്? അദ്ദേഹം പറഞ്ഞു. ''മൂന്നും''. ''ഈ ഇരുപ്പിലോ?'' നബി(സ്വ) വീണ്ടും ചോദിച്ചു. ''അതേ''. അദ്ദേഹം മറുപടി പറഞ്ഞു. ''എന്നാലത് ഒന്നു മാത്രമേ ആയിട്ടുള്ളൂ''. നബി(സ്വ) പറഞ്ഞു. അതിനാല്‍ നിനക്കാവശ്യമെങ്കില്‍ അവളെ തിരിച്ചെടുക്കുക, അങ്ങനെ അദ്ദേഹം അവളെ തിരിച്ചെടുത്തു (അഹ്മദ്, അബൂദാവൂദ്).

ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത് വിവാഹമോചനം മൂന്നു ഘട്ടങ്ങളിലായി നടക്കണമെന്നതാണ്. രണ്ടു തവണ ബന്ധം പുനസ്ഥാപിച്ചശേഷം മൂന്നാമതായി ത്വലാഖ് ചൊല്ലുമ്പോള്‍ മാത്രമേ അന്തിമമായ വിവാഹമോചനമാകുന്നുള്ളൂ. അലി(റ), ഇബ്‌നുഅബ്ബാസ്(റ), അത്വാഅ്(റ), ജാബിര്‍(റ) തുടങ്ങിയ സ്വഹാബികളെല്ലാം ഈ അഭിപ്രായക്കാരാണ്.

ഇദ്ദ വേളയിലോ ഇദ്ദയ്ക്കു ശേഷമോ വീണ്ടും ഭാര്യയായി സ്വീകരിക്കാന്‍ അവസരമുള്ള ത്വലാഖിന് 'ത്വലാഖ് റജഇയ്യ്' എന്നു പറയും. രണ്ടുതവണ വിവാഹബന്ധം വേര്‍പെടുത്തിയാല്‍ അത് റജഇയ്യാണ്. ഈ സന്ദര്‍ഭത്തില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ മടക്കിയെടുക്കാം. ഈ വേളയില്‍ ദമ്പതിമാരില്‍ ഒരാള്‍ മരണപ്പെട്ടാല്‍ അതില്‍ പരസ്പരം അനന്തരാവകാശമുണ്ടാകും. മടക്കിയെടുക്കാന്‍ പാടില്ലാത്ത വിവാഹമോചനത്തിന് 'ത്വലാഖ് ബാഇന്‍' എന്നു പറയുന്നു. 

മൂന്നുത്വലാഖും ചൊല്ലപ്പെട്ടാല്‍ താമസസൗകര്യവും ചെലവും കിട്ടാന്‍ അവര്‍ക്ക് അവകാശമില്ല. ഫാത്വിമ ബിന്‍തു ഖയ്‌സ് മൂന്നുത്വലാഖും ചൊല്ലപ്പെട്ടപ്പോള്‍ അവള്‍ക്ക് പാര്‍പ്പിടത്തിനും ചെലവിനും അവകാശമില്ലെന്ന് നബി(സ്വ) വിധിച്ചു.
 

Feedback