Skip to main content

ഈലാഅ്

ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പിണക്കമുണ്ടാവുകയും ഭാര്യയോടുള്ള അനിഷ്ടത്താല്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയില്ലെന്ന് ശപഥം ചെയ്തുവിട്ടുനില്ക്കുകയും ചെയ്യുന്ന സമ്പ്രദായത്തിനാണ് 'ഈലാഅ്' എന്ന് പറയുന്നത്. ഇപ്രകാരം വിട്ടുനില്‍ക്കാന്‍ അനുവദിക്കപ്പട്ട സമയപരിധി നാലുമാസമാണ്. നാലു മാസത്തിനകം ഭാര്യയുടെ അടുത്തേക്കുചെന്ന് ഭാര്യയായി നിലനിര്‍ത്തിക്കൊണ്ട് ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാം. നാലുമാസം പൂര്‍ത്തിയായാല്‍ ഭാര്യയായി നിലനിര്‍ത്തിക്കൊണ്ട് അവളുമായി ലൈംഗിക വേഴ്ചയില്ലാതെ മാറിനില്‍ക്കാന്‍ പാടില്ല. ഭാര്യയായി സ്വീകരിക്കാന്‍ തയ്യാറില്ലെങ്കില്‍ ത്വലാഖ് ചെയ്തു തിരിച്ചയക്കണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''തങ്ങളുടെ ഭാര്യമാരുമായി ബന്ധപ്പെടുകയില്ലെന്ന് ശപഥം ചെയ്ത് അകന്നുനില്‍ക്കുന്നവരില്‍ (അന്തിമതീരുമാനത്തിന്) നാലുമാസംവരെ കാത്തിരിക്കാവുന്നതാണ്. അതിന്നിടയില്‍ അവന്‍ (ശപഥം വിട്ട് ദാമ്പത്യത്തിലേക്ക്) മടങ്ങുകയാണെങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. ഇനി അവര്‍ വിവാഹമോചനം ചെയ്യാന്‍ തന്നെ തീര്‍ച്ചപ്പെടുത്തുകയാണെങ്കിലോ? അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ (2:226, 227).

ഈലാഇന്റെ കാലാവധി കഴിയുകയും തീരുമാനത്തില്‍ നിന്ന് ഭര്‍ത്താവ് മടങ്ങാതിരിക്കുകയും സത്യം ചെയ്തതില്‍ ഉറച്ചുനില്ക്കുകയുമാണെങ്കില്‍ തന്റെ അവകാശത്തില്‍ അലംഭാവം കാണിച്ചതിന്റെ ഫലമായി ഭാര്യയ്ക്ക് വിവാഹമോചിതയാകാം. ജഡ്ജിയുടെ തീരുമാനം കൂടാതെ കാലാവധി തീര്‍ന്നാല്‍ അവള്‍ വിവാഹമോചിതയായിത്തീരുമെന്ന അഭിപ്രായമാണ് പണ്ഡിതന്മാര്‍ക്കുള്ളത്. സമയപരിധി അവസാനിച്ചാല്‍ ജഡ്ജിയുടെ മുമ്പില്‍ പ്രശ്‌നമവതരിപ്പിച്ച് പുനരാലോചനയിലൂടെ ഇഷ്ടമാണെങ്കില്‍ സ്വീകരിക്കാ നും ഇഷ്ടമില്ലെങ്കില്‍ തിരസ്‌കരിക്കാനും അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

ജാഹിലിയ്യാ കാലഘട്ടത്തില്‍ ദീര്‍ഘനാള്‍ ഈലാഅ് നടത്തി സ്ത്രീകളെ വിഷമിപ്പിക്കാറുണ്ടായിരുന്നു. ആ സമ്പ്രദായം നിര്‍ത്തലാക്കി നാലുമാസം പൂര്‍ത്തിയായാല്‍ ഒന്നുകില്‍ തിരിച്ചുചെല്ലുക അല്ലെങ്കില്‍ വിവാഹമോചനം നടത്തുക എന്ന പരിധി ഇസ്‌ലാം നിശ്ചയിച്ചു. സ്ത്രീയുടെ അവകാശസംരക്ഷണം ഇസ്‌ലാമിന്റെ നയമാണ്. 
 

Feedback