വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീ പുനര്‍വിവാഹം ചെയ്യപ്പെടുന്നതിനു മുമ്പ് അനുഷ്ഠിക്കേണ്ട ദീക്ഷാകാലത്തിനാണ് 'ഇദ്ദ' എന്ന് പറയുന്നത്. സാധാരണ ആര്‍ത്തവമുണ്ടായിക്കൊണ്ടിരിക്കുന്നവര്‍ മൂന്നു തവണ ആര്‍ത്തവമുണ്ടാകുന്നതുവരെയാണ് ഇദ്ദ ആചരിക്കേണ്ടത്. അവള്‍ക്ക് ഗര്‍ഭമില്ലെന്ന് ഉറപ്പിക്കാനും അതോടൊപ്പം ഭര്‍ത്താവ് മാനസാന്തരപ്പെട്ട് അവളെ വീണ്ടെടുക്കാനുള്ള ഒരു അവസരം നല്‍കുക എന്നതും ഇതിന്റെ ഉദ്ദേശ്യമാണ്. ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവര്‍ക്കും ആര്‍ത്തവം നിലച്ചവര്‍ക്കം ഗര്‍ഭിണികള്‍ക്കുമുള്ള ഇദ്ദ കാലം ഖുര്‍ആന്‍ വ്യക്തമാക്കിത്തരുന്നത് ഇങ്ങനെയാണ്. 'നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവരുടെ ഇദ്ദയുടെ കാര്യത്തില്‍ സംശയത്തിലാണെങ്കില്‍ അത് മൂന്ന് മാസമാകുന്നു. ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരുടേതും അങ്ങനെതന്നെ. ഗര്‍ഭവതികളായ സ്ത്രീകളാവട്ടെ അവരുടെ അവധി അവര്‍ തങ്ങളുടെ ഗര്‍ഭം പ്രസവിക്കലാകുന്നു' (65:4).
വിവാഹമോചനാനന്തരം എത്ര ചുരുങ്ങിയ കാലത്തിനിടയില്‍ പ്രസവിച്ചാലും അവളുടെ ഇദ്ദ അവസാനിച്ചു. ഇദ്ദ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ അവള്‍ക്ക് വേറെ വിവാഹിതയാവാം. വിവാഹാനന്തരം സംയോഗം നടക്കുന്നതിന് മുമ്പ് വിവാഹമോചനം ചെയ്യപ്പെട്ടുവെങ്കില്‍ ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസിനികളെ വിവാഹം ചെയ്യുകയും എന്നിട്ട് നിങ്ങള്‍ അവരെ സ്പര്‍ശിക്കുന്നതിനു മുമ്പ് അവരെ വിവാഹമോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദ ആചരിക്കേണ്ട ബാധ്യത അവര്‍ക്ക് നിങ്ങളോടില്ല. എന്നാല്‍ നിങ്ങള്‍ അവര്‍ക്ക് മതാഅ് നല്‍കുകയും അവരെ മാന്യമായി പിരിച്ചയക്കുകയും ചെയ്യുക' (33:49).
ഭര്‍ത്താവ് മരണപ്പെട്ടാല്‍ ഭാര്യ ഇദ്ദ ആചരിക്കേണ്ടതാണ്. നാലുമാസവും പത്തുദിവസവും ആണ് അതിന്റെ കാലാവധി. അല്ലാഹു പറയുന്നു: 'തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ 4 മാസവും 10 ദിവസവും കാത്തിരിക്കേണ്ടതാണ്' (2:234).
ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നതോടുകൂടി ഇദ്ദ അവസാനിക്കുന്നു. സഅ്ദുബിന്‍ ഹവാലയുടെ ഭാര്യ സുബയ്അത്തുല്‍ അസ്‌ലമിയ്യ ഗര്‍ഭിണിയായിരിക്കെ അദ്ദേഹം മരണപ്പെട്ടു. താമസിയാതെ അവര്‍ പ്രസവിച്ചു. പ്രസവാനന്തരം രക്തസ്രാവം അവസാനിച്ചപ്പോള്‍ അവര്‍ വിവാഹിതയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇദ്ദ അവസാനിച്ചിട്ടില്ലെന്ന് പറഞ്ഞ് ചിലര്‍ വിവാഹത്തില്‍ നിന്ന് അവരെ വിലക്കി. അപ്പോള്‍ അവള്‍ വന്ന് നബി(സ്വ)യുടെ സന്നിധിയില്‍ പ്രശ്‌നമവതരിപ്പിച്ചു. വിവാഹിതയാകാന്‍ നബി(സ്വ) അവള്‍ക്ക് അനുമതി നല്കി.
ഇദ്ദ ആചരണസമയത്ത് സ്ത്രീകള്‍ക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കായി വീടുവിട്ട് പുറത്തുപോകാമെങ്കിലും ആവശ്യം കഴിഞ്ഞാല്‍ അവര്‍ തിരിച്ചുവന്ന് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കണം. ഈ കാലയളവില്‍ താമസവും ഭക്ഷണവും ലഭിക്കാനവള്‍ക്ക് അവകാശമുണ്ട്.
ഇദ്ദ ആചരണസമയത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതും ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതും ഭൂഷണല്ല. എന്നാല്‍ വെള്ള വസ്ത്രം ധരിച്ച് വീട്ടില്‍ ഒരു പ്രത്യേക ഇരുട്ടറ ഒരുക്കി കഴിയേണ്ടതായ ആവശ്യമില്ല. അത് അത്യാചാരമാണ്; മതനിയമമല്ല. ഇദ്ദയിലുള്ള സ്ത്രീകള്‍ സാധാരണ വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നതിനും വിലക്കില്ല.