Skip to main content

ഫസ്ഖ്

ഭാഷാപരമായി 'ഫസ്ഖ്' എന്നതിന്റെ അര്‍ഥം ദുര്‍ബലപ്പെടുത്തുക എന്നതാണ്. നിലവില്‍ വന്ന ഉടമ്പടിയോ കരാറോ ദുര്‍ബലപ്പെടുത്തുകയോ അങ്ങനെയൊന്ന് നിലവില്‍ വന്നിട്ടേയില്ല എന്ന് കണക്കാക്കുകയോ ചെയ്യുന്നതിനാണ് സാങ്കേതികാര്‍ഥത്തില്‍ ഫസ്ഖ് എന്ന് പറയുന്നത്.

'ഫസ്ഖ്' എന്ന രീതിയിലൂടെ വിവാഹബന്ധത്തില്‍ നിന്ന് മോചനം നേടുന്നത് മൂന്നു വിധത്തിലാണ്. ഒന്ന്, ദമ്പതികള്‍ മുലകുടി ബന്ധത്താലോ മറ്റോ പരസ്പരം വിവാഹബന്ധം നിഷിദ്ധമായവരാണ് എന്ന് തെളിയുന്നതോടെ വിവാഹബന്ധം ദുര്‍ബലപ്പെടും. പ്രായപൂര്‍ത്തിയാവാത്തവരെ വലിയ്യുകള്‍ നികാഹ് ചെയ്തുകൊടുക്കുകയും പ്രായപൂര്‍ത്തിയായശേഷം അവള്‍ക്ക് അയാളുമായി വിവാഹബന്ധം വേര്‍പെടുത്തണമെന്ന് തോന്നുകയും ചെയ്താല്‍ ആ ബന്ധം മുറിക്കാവുന്നതാണ്. 

ഒരു സ്വഹാബി വനിത വന്ന് നബി(സ്വ)യോട് പറഞ്ഞു: 'പ്രവാചകരേ, എന്റെ പിതാവ് ഞാന്‍ ബാലികയായിരുന്നപ്പോള്‍ എന്നെ വിവാഹം ചെയ്തുകൊടുത്തു. ഞാന്‍ ആ വിവാഹം ഇഷ്ടപ്പെടുന്നില്ല. അപ്പോള്‍ ആ ബന്ധം വേര്‍പെടുത്താന്‍ നബി(സ്വ) അനുമതി നല്‍കി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: 'എന്റെ പിതാവിന്റെ ചെയ്തി ഞാന്‍ ഇഷ്ടപ്പെടുന്നു. പിതാക്കള്‍ക്ക് മക്കളുടെ വിവാഹകാര്യത്തില്‍ പൂര്‍ണ അധികാരമില്ലെന്ന് മറ്റു സ്ത്രീകളെ പഠിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ പ്രശ്‌നമായി വന്നത്. എനിക്ക് ഭര്‍ത്താവായി അദ്ദേഹം തന്നെ മതി'.

ദമ്പതിമാരില്‍ ഒരാള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയാലും വിവാഹബന്ധം ദുര്‍ബലപ്പെടുന്നതാണ്. ബഹുദൈവവിശ്വാസികളായ ദമ്പതിമാരില്‍ ഒരാള്‍ ഇസ്‌ലാം സ്വീകരിച്ചാലും വിവാഹബന്ധം ദുര്‍ബലപ്പെടും. രണ്ടുപേരും ഒന്നിച്ച് ഇസ്‌ലാം മതം സ്വീകരിച്ചാല്‍ ആദ്യവിവാഹത്തില്‍ തുടര്‍ന്നുപോകാം. ദമ്പതിമാര്‍ വേദക്കാരാവുകയും ഭര്‍ത്താവ് മാത്രം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്താല്‍ വേദക്കാരിയായിക്കൊണ്ടുതന്നെ ഭാര്യയെ നിലനിര്‍ത്താം. കാരണം മുസ്‌ലിംകള്‍ക്ക് വേദക്കാരെ വിവാഹം ചെയ്യാവുന്നതാണ്. ഭര്‍ത്താവ് അജ്ഞാത കേന്ദ്രത്തിലാവുകയോ അദ്ദേഹത്തില്‍ നിന്ന് ദീര്‍ഘകാലം ചെലവിനുള്ള വക ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ സ്ത്രീക്ക് അവകാശമുണ്ട്.

ഷണ്ഡനായ ഒരാള്‍ സന്താനലബ്ധി അസാധ്യമായ ന്യൂനത മറച്ചുവെച്ച് വിവാഹം ചെയ്താലും, സന്മാര്‍ഗിയാണെന്ന ഭാവത്തില്‍ വിവാഹം ചെയ്ത പുരുഷന്‍ ദുര്‍നടപ്പും ഗുരുതരമായ പെരുമാറ്റ ദൂഷ്യവും പ്രകടിപ്പിക്കുകയും ചെയ്താലും ഫസ്ഖ് ചെയ്യാനുള്ള അവകാശം സ്ത്രീക്കുണ്ട്. കോടതി മുഖേനയാണ് ഇത്തരം ഫസ്ഖ് സാധുവാകുന്നത്. ഏകപക്ഷീയമായ ഫസ്ഖിലൂടെയും അതിനു മുന്നോടിയായി പത്രമാധ്യമങ്ങളിലൂടെയുള്ള ഫസ്ഖ് പരസ്യത്തിലൂടെയും മറ്റും വിവാഹമോചനം നേടാമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇങ്ങനെ നീതിന്യായ കോടതികളെ സമീപിക്കാതെ ഏകപക്ഷീയമായി ഫസ്ഖിലൂടെ വിവാഹമോചനം നടത്തി പുനര്‍വിവാഹിതയാവുന്ന സ്ത്രീയും അവളുടെ രണ്ടാം ഭര്‍ത്താവും പുനര്‍വിവാഹത്തിന് കാര്‍മികത്വം വഹിച്ചുവരുമൊക്കെ നിയമത്തിനു മുന്നില്‍ കുറ്റക്കാരാകുന്നു.

ഇന്ത്യയിലെ നിലവിലുള്ള മുസ്‌ലിം വിവാഹ ആക്ട് പ്രകാരം മുസ്‌ലിം സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്ന് കോടതി മുഖേന വിവാഹമോചനം ലഭിക്കുന്നതിന് ന്യായമായ ചില കാരണങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് ഇങ്ങനെ സംഗ്രഹിക്കാം. 1) നാലോ അതില്‍ കൂടുതലോ വര്‍ഷം ഭര്‍ത്താവിനെക്കുറിച്ച് ഭാര്യയ്ക്ക് യാതൊരു അറിവുമില്ലാതിരിക്കുക. 2) രണ്ടോ അതില്‍ കൂടുതലോ വര്‍ഷം ഭര്‍ത്താവ് ഭാര്യയ്ക്ക് ചെലവിന് നല്‍കാതിരിക്കുകയോ ഭാര്യയെ മനഃപൂര്‍വം അവഗണിക്കുകയോ ചെയ്യുക. 3) ഏഴു വര്‍ഷമോ അതില്‍ കൂടുതലോ കാലം ഭര്‍ത്താവിനെ ജയില്‍ ശിക്ഷയ്ക്ക് വിധിക്കുക. 4) ശരിയായ കാരണങ്ങളില്ലാതെ മൂന്നോ അതില്‍ കൂടുതലോ വര്‍ഷം ഭാര്യയോടുള്ള ദാമ്പത്യ ബാധ്യത ഭര്‍ത്താവ് നിര്‍വഹിക്കാതിരിക്കുക. 5) വിവാഹസമയത്തും പിന്നീടും ഭര്‍ത്താവ് ഷണ്ഡന്‍ ആയിരിക്കുക. 6) രണ്ടോ അതിലധികമോ വര്‍ഷം ഭര്‍ത്താവ് സ്ഥിരബുദ്ധിയില്ലാത്തവനോ ഗുരുതരമായ ലൈംഗിക രോഗിയോ കുഷ്ഠരോഗിയോ ആവുക. 7) ഭാര്യയോട് സ്ഥിരമായി ക്രൂരത കാണിക്കുക. 8) ദുര്‍മാര്‍ഗികളായ സ്ത്രീകളുമായുള്ള ഭര്‍ത്താവിന്റെ സഹവാസം. 9) അധാര്‍മിക ജീവിതത്തിന് ഭാര്യയെ പ്രേരിപ്പിക്കുക. 10) ഭാര്യയുടെ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തുകയോ സ്വത്തുക്കളിന്മേലുള്ള അവരുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്യുകയോ ഇത്തരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവരുടെ നിയമപരമായ അവകാശത്തെ തടയുകയോ ചെയ്യുക. 11) വിശ്വാസപരവും മതപരവുമായ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഭാര്യയെ തടയുക. 12) ഒന്നിലധികം ഭാര്യമാരുള്ള ഭര്‍ത്താക്കന്മാര്‍ എല്ലാ ഭാര്യമാരോടും തുല്യമായി പെരുമാറാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആഗ്രഹിച്ച് ബന്ധപ്പെട്ട സിവില്‍ കോടതിയില്‍ വിവാഹമോചന ഹരജി ഫയല്‍ ചെയ്യാം. തദടിസ്ഥാനത്തില്‍ എതിര്‍കക്ഷിയായ ഭര്‍ത്താവിന് കോടതി നോട്ടീസ് അയച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി തെളിവെടുത്ത് വിവാഹമോചനമനുവദിച്ച് വിധിപറയുക എന്നതാണ് ചട്ടം.

നിയമാനുസൃതമായ വേര്‍പാടിന് 'ഫസ്ഖ്' നടത്തിക്കൂടാത്തതാകുന്നു എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. കാരണം അതില്‍ സ്ത്രീയെ ബുദ്ധിമുട്ടിക്കുകയെന്ന പ്രശ്‌നമുദിക്കുന്നില്ല. വിദ്യ നേടാനുള്ള യാത്ര, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദിനുള്ള യാത്ര, ജീവിതമാര്‍ഗം തേടിക്കൊണ്ടുള്ള യാത്ര എന്നിവയെല്ലാം സ്വീകാര്യമായ യാത്രകളും വേര്‍പാടുകളുമായിട്ടാണ് പരിഗണിക്കുന്നത്.

ഭര്‍ത്താവ് വളരെ കാലം അകന്നുനിന്ന ശേഷമാണ് 'ഫസ്ഖ്' ചെയ്യുന്നതെങ്കിലും മൂന്ന് ആര്‍ത്തവ ശുദ്ധിയുടെ കാലഘട്ടം ഇദ്ദ അനുഷ്ഠിക്കല്‍ അനിവാര്യമാണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. പ്രമുഖ പണ്ഡിതനായ ഇബ്‌നുഹസം(റ) എഴുതുന്നു: ഫസ്ഖിന്റെ ഒരു രൂപത്തിലും ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല. ഫസ്ഖിനെ ത്വലാഖിനോട് തുലനപ്പെടുത്തുന്നത് ഒരിക്കലും അനുവദനീയമല്ല (മുഹല്ലാ 10-160). 
 

Feedback