മദ്യം കുറച്ചോ കൂടുതലോ ആയി ഉപയോഗിക്കുന്നത് നിഷിദ്ധമാക്കിയതുപോലെ അത് കച്ചവടം നടത്തുന്നതും നിരോധിച്ചിരിക്കുന്നു. മദ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളേയും ഇസ്ലാം കണിശമായി നിഷിദ്ധമാക്കിയിരിക്കുന്നു. മദ്യപിക്കുന്നത് മാത്രമാണ് വിലക്കിയിട്ടുള്ളത് എന്ന ധാരണ ശരിയല്ല. മതപരമായി മദ്യമുപയോഗിക്കുന്നത് വിലക്കില്ലാത്തവര്‍ക്ക് മദ്യം എത്തിച്ചുകൊടുക്കുന്നതില്‍ പങ്കാളിയാവാന്‍ മുസ്ലിമിന് അനുവാദമില്ല. ഒരു മുസ്ലിം മദ്യം ഇറക്കുമതി ചെയ്യുന്നവനോ കയറ്റിയയക്കുന്നവനോ വില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനോ അവിടത്തെ തൊഴിലാളിയോ ആകാവതല്ല.
നബി(സ്വ) മദ്യത്തിന്റെ കാര്യത്തില്‍ പത്തു വിഭാഗത്തെ ശപിച്ചു. ''അത് വാറ്റുന്നവന്‍, വാറ്റാനാവശ്യപ്പെടുന്നവര്, കുടിക്കുന്നവര്‍, ചുമക്കുന്നവര്‍, ഏറ്റുവാങ്ങുന്നവര്‍, വില്ക്കുന്നവര്, അതിന്റെ വില ഭക്ഷിക്കുന്നവര്‍, അതുണ്ടാക്കുന്ന വസ്തുക്കള്‍ വാങ്ങുന്നവര്‍, അവ വില്ക്കുന്നവര്, കുടിക്കുന്നവര്‍, കുടിപ്പിക്കുന്നവര്‍'' (തിര്‍മുദി, ഇബ്നുമാജ). നിഷിദ്ധങ്ങളിലേക്ക് നയിക്കുന്ന മാര്ഗങ്ങളടയ്ക്കുക എന്ന ഇസ്ലാമിന്റെ രീതി അനുസരിച്ച് കള്ളുണ്ടാക്കാനാണെന്ന് ഉറപ്പുള്ളവന്ന് മുന്തിരി വില്ക്കാന് പാടില്ല.
മദ്യ സദസ്സില്‍ നിന്നും മദ്യപരുടെ കൂടെ ഇരിക്കുന്നതില്‍ നിന്നും നബി വിലക്കിയിട്ടുണ്ട്. ''നിങ്ങളിലാരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന് മദ്യം വിളമ്പുന്നിടങ്ങളില്‍ ഇരിക്കാതിരിക്കട്ടെ''. ഉമര്‍ബ്നു അബ്ദില്‍ അസീസ് മദ്യപന്മാരെയും അവരുടെ കൂടെ സദസ്സിലിരിക്കുന്നവരെയും ചമ്മട്ടികൊണ്ട് അടിച്ചിരുന്നു. അവര്‍ കുടിച്ചിരുന്നില്ലെങ്കിലും, ഇങ്ങനെയൊരു ശിക്ഷാ നടപടി സ്വീകരിച്ചില്ലെങ്കില്‍ മദ്യാസക്തരുടെ എണ്ണം പെരുകുമെന്ന് തീര്‍ച്ച. ഒരിക്കല്‍ മദ്യപിച്ച ഒരു സംഘത്തെ അദ്ദേഹത്തിന്റെ അടുക്കല്‍ ഹാജരാക്കി. അപ്പോള്‍ അദ്ദേഹം അവരെ അടിക്കാന്‍ കല്പിച്ചു. ''അവരില്‍ ഒരാള്‍ നോമ്പുകാരനാണെന്ന്'' അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചു. ''അയാളെ ആദ്യം അടിക്കുക, അല്ലാഹുവിന്റെ ഈ വചനം നിങ്ങള്‍ കേട്ടിട്ടില്ലേ? ''അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കപ്പെുകയും നിന്ദിക്കപ്പെടുകയും ചെയ്യുന്നത് കേട്ടാല്‍ മറ്റൊരു വിഷയത്തില്‍ അവര്‍ പ്രവേശിക്കുന്നതുവരെ അവരുടെ കൂടെ ഇരിക്കരുത്. അങ്ങനെ നിങ്ങള്‍ ചെയ്താല്‍ തീര്‍ച്ചയായും നിങ്ങളും അവരെപോലെ തന്നെയാണെന്നും അല്ലാഹു നിങ്ങള്‍ക്ക് ഗ്രന്ഥത്തില്‍ അവതരിപ്പിച്ച് തന്നിട്ടുണ്ട്'' (4:140).
മദ്യം വില്‍ക്കുന്നത് നിഷിദ്ധമാക്കിയതുപോലെ അത് പാരിതോഷികമായി നല്‍കുന്നതും നിഷിദ്ധം തന്നെയാണ്. ഒരാള്‍ നബി(സ്വ) തിരുമേനിക്ക് ഒരു ചഷകം മദ്യം നല്കാന് തീരുമാനിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. അത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുകയാണ്. എന്നാല്‍ ഞാനത് വില്ക്കട്ടെയോ എന്നയാള്‍ ചോദിച്ചു. നബി(സ്വ) പറഞ്ഞു. കുടിക്കല്‍ നിഷിദ്ധമാക്കിയത് വില്‍ക്കുന്നതും നിഷിദ്ധമാണ്. എങ്കില്‍ ഞാനതുകൊണ്ട് ജൂതന്മാരെ സത്കരിക്കട്ടെയോ?. അയാള്‍ വീണ്ടും ചോദിച്ചു. നബി(സ്വ) പറഞ്ഞു. അതുകൊണ്ട് സത്കരിക്കുന്നതും നിഷിദ്ധമാണ്. ആഗതന് ഒടുവില്‍ പറഞ്ഞു. ഇനി ഞാനതുകൊണ്ട് എന്താണ് ചെയ്യുക? ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഒഴിക്കുക എന്നതായിരുന്നു നബി(സ്വ)യുടെ മറുപടി. ഉമര്‍(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന് മദ്യം വിളമ്പുന്ന തീന്മേശയില് ഇരിക്കാതിരിക്കട്ടെ''(ഗായത്തുല്‍ മറാം- 1/64).