സാമൂഹിക ജിവിതത്തിനെ മധുരമാക്കുന്നതും പ്രതീക്ഷാനിര്‍ഭരമാക്കുന്നതുമാണ് സമ്മാനങ്ങളും ഇനാമുകളും. ഇത് നല്കുന്നതും വാങ്ങുന്നതും ഇസ്‌ലാം അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. സകാത്തും ദാനവും സ്വീകരിക്കാന്‍ നബി(സ്വ)ക്ക് പാടില്ലായിരുന്നുവെങ്കിലും അദ്ദേഹം സമ്മാനങ്ങള്‍ വാങ്ങുകയും നല്കുകയും ചെയ്തിരുന്നു. സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ കഴിയുന്ന സമ്മാനങ്ങള്‍ പരസ്പരം നല്കാനും അദ്ദേഹം നിര്‍ദേശിച്ചു. 'നിങ്ങള്‍ സമ്മാനങ്ങള്‍ നല്കുക, സ്‌നേഹിക്കുന്നവരാകും'. യാതൊരു തരം പ്രത്യുപകാരങ്ങളും പ്രതീക്ഷിക്കാത്ത ഈ സ്‌നേഹസമ്മാനങ്ങള്‍ ആര്‍ക്കും സ്വീകരിക്കുകയും നല്കുകയുമാകാം.സമ്മാനങ്ങള്‍ക്ക് പ്രത്യുപകാരം പ്രതീക്ഷിക്കാന്‍ പാടില്ലെങ്കിലും തിരിച്ചും സമ്മാനങ്ങള്‍ നല്കുന്നത് നല്ലതാണ്. അപ്പോഴാണല്ലോ സ്‌നേഹബന്ധം സുദൃഢമാവുക. നബി(സ്വ) അങ്ങനെ നല്കാറുണ്ടായിരുന്നു (ബുഖാരി). എത്ര നിസ്സാരമായ സമ്മാനത്തെയും അവഗണിക്കരുതെന്നും ആട്ടിന്‍ കുളമ്പിനാണു ക്ഷണിച്ചതെങ്കിലും ഞാന്‍ പങ്കെടുക്കുമെന്നും നബി(സ്വ) പഠിപ്പിക്കുന്നുണ്ട്.
വിപണിയുമായി ബന്ധപ്പെട്ട് ഇന്ന് നാട്ടില്‍ ചില സമ്മാനരീതികള്‍ നിലവിലുണ്ട്. ഒരു വസ്തു വാങ്ങുമ്പോള്‍ അതോടൊന്നിച്ചോ അല്ലെങ്കില്‍ മൊത്തം വാങ്ങിയ സാധനങ്ങള്‍ക്കനുസരിച്ചോ കമ്പനി നല്കുന്ന സമ്മാനങ്ങളാണത്. ഇത് അനുവദനീയ വസ്തുക്കളാണെങ്കില്‍ വാങ്ങുന്നത് തെറ്റല്ല. എന്നാല്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങുന്ന പ്രവണതയ്ക്ക് ഈ സമ്മാന പ്രതീക്ഷ കാരണമാകുമെന്നതിനാല്‍ അത് അഭികാമ്യമല്ലെന്നാണ് ആധുനികരായ പണ്ഡിതന്മാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നത്. നാം വാങ്ങുന്ന വസ്തുവിന്റെ കൂടെ സമ്മാനം ലഭിച്ചാല്‍ സ്വീകരിക്കുന്നത് അനുവദനീയമാണെന്നതില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്.
കച്ചവടസ്ഥാപനങ്ങളും കമ്പനികളുമായി ബന്ധപ്പെട്ട മറ്റൊരുതരം സമ്മാനം നറുക്കെടുപ്പിലൂടെയാണ്. ചിലതില്‍ നിശ്ചിത സംഖ്യയ്ക്ക് ചരക്കുകള്‍ വാങ്ങുന്ന എല്ലാവര്‍ക്കും ചെറുതെങ്കിലും സമ്മാനം നല്കും. എന്നാല്‍ മറ്റു ചിലതില്‍ ഏതാനും ബംബര്‍ സമ്മാനങ്ങള്‍ മാത്രമേ ഉണ്ടാകൂ. നറുക്കെടുപ്പില്‍ പങ്കെടുത്ത പതിനായിരങ്ങളില്‍ നിന്ന് അഞ്ചോപത്തോ പേര്‍ക്ക് ഈ വലിയ സമ്മാനങ്ങള്‍ ലഭിക്കും. ഇവയുടെ സാധ്യതയെക്കുറിച്ച് പണ്ഡിതലോകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇങ്ങനെ സമ്മാന പ്രഖ്യാപനം നടത്തുന്നത് മുസ്‌ലിംകള്‍ക്ക് യോജിച്ചതല്ലെന്നും ഇത് മാര്‍ക്കറ്റില്‍ അധാര്‍മികമായ മത്സരങ്ങളുണ്ടാക്കുകയും ജനങ്ങളെ അനാവശ്യമായ ഉപഭോഗസംസ്‌കാരത്തിലെത്തിക്കുകയും ചെയ്യുമെന്നുമാണ് അവര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ ബംബര്‍ സമ്മാന രീതി ഭാഗ്യക്കുറിയാണെന്നും അത് ചൂതില്‍ പെടുന്നതാണോ എന്ന് സംശയിക്കണമെന്നും അവര്‍ വ്യക്തമാക്കുന്നു.
ഇത് കച്ചവട തന്ത്രമാണെന്നും ഇതില്‍ തങ്ങള്‍ക്കു ലഭിക്കുന്ന ലാഭവിഹിതമാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളുമായി പങ്കുവെക്കുന്നതെന്നും ഇത് മാന്യമായ വിലയില്‍ വസ്തുക്കള്‍ കൈപ്പറ്റാന്‍ ഗുണഭോക്താക്കള്‍ക്ക് അവസരം നല്കുമെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതില്‍ ഏതെങ്കിലും സമ്മാനത്തിനുവേണ്ടി ഉപഭോക്താക്കള്‍ പ്രത്യേകം പണം നല്‌കേണ്ടി വരികയോ ചരക്കിന്റെ ഗുണത്തിലോ അളവിലോ കൃത്രിമങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ലെങ്കില്‍ അനുവദനീയമാണ്. ബംബര്‍ സമ്മാനങ്ങളും ഈ അര്‍ഥത്തില്‍ ഉപഭോക്താവിന് പ്രത്യേകം നഷ്ടം വരുത്തുന്നില്ല. ലോട്ടറി പോലെ അവന്‍ ഇവിടെ പണം മുടക്കുന്നില്ല. അയാള്‍ക്ക് ആ സമ്മാനം കിട്ടിയില്ലെങ്കിലും യാതൊരു നഷ്ടവും സംഭവിക്കുന്നില്ല എന്നെല്ലാമണവരുടെ വാദം.
വിശ്വാസികളായ കച്ചവടക്കാരും ഉപഭോക്താക്കളും ഇവിടെ സൂക്ഷമ്തപാലിക്കുന്നതാണ് നല്ലത്.
ഉപഭോക്താക്കള്‍ തങ്ങളുടെ സമ്മാന ടാര്‍ജറ്റ് തികക്കാന്‍ വേണ്ടിയോ സമ്മാനം ലഭിക്കാനായി ഉദ്ദേശിച്ചോ വസ്തുക്കള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. ആയിരം രൂപക്ക് ചരക്കുകള്‍ വാങ്ങിയാല്‍ പാരിതോഷികമായി നല്കപ്പെടുന്ന വസ്തു എന്താണ് എന്ന് വ്യക്തമാക്കുന്നതാണ് ഉത്തമം. ഷോടതിക്ക് സമാനമാകുന്ന പാരിതോഷിക പ്രഖ്യാപനങ്ങള്‍ അഭികാമ്യമല്ല. ഇത്തരം ഇനാം പ്രതീക്ഷിച്ച് ആവശ്യമില്ലാത്ത വസ്തുക്കള്‍ വാങ്ങിക്കൂട്ടാനും പാടില്ലാത്തതാണ്. എന്നാല്‍ തനിക്കുവേണ്ട സാധനം വാങ്ങിയതോടൊപ്പം ലഭിക്കുന്ന കൂപ്പണ്‍ പ്രകാരം പാരിതോഷികം ലഭിച്ചാല്‍ സ്വീകരിക്കാവുന്നതാണ്.
മറ്റൊരിനം സമ്മാനമുണ്ട്. ഏതെങ്കിലും പ്രത്യേക ഉദ്യോഗങ്ങളിലും പദവികളിലുമിരിക്കുന്ന ആളുകള്‍ക്ക് അവരുടെ ഗുണഭോക്താക്കളും മറ്റും നല്കുന്ന സമ്മാനമാണിത്. ഇത് പലപ്പോഴും തങ്ങളുടെ കൃത്യനിര്‍വഹണത്തില്‍ സമ്മാനം നല്കുന്നവരോട് പ്രത്യേക മമതതോന്നാനും അനര്‍ഹമായ ഇളവുകള്‍ നല്കാനുമെല്ലാം കാരണമായേക്കുമെന്നതിനാല്‍ ഇങ്ങനെയുള്ള സമ്മാനങ്ങള്‍ നല്കാതിരിക്കാനും വാങ്ങാതിരിക്കാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഭൗതികനിയമവും ഇങ്ങനെത്തന്നെയാണ്.
നബി(സ്വ) അയച്ച സകാത്ത് ഉദ്യോഗസ്ഥന്ന് നാട്ടുകാര്‍ ചില സമ്മാനങ്ങള്‍ കൊടുത്തു. താങ്കള്‍ വീട്ടിലിരുന്നാല്‍ ഇത് ലഭിക്കുമായിരുന്നോ എന്നായിരുന്നു ഇതറിഞ്ഞ നബി(സ്വ) അദ്ദേഹത്തോട് രൂക്ഷമായി പ്രതികരിച്ചത്. ഉമര്‍(റ)വിന്റെ ഭാര്യക്ക് റോമന്‍ രാജ്ഞി സുഗന്ധവും ആഭരണവും കൊടുത്തയച്ചപ്പോള്‍ ആഭരണങ്ങള്‍ പൊതുഖജനാവിലടക്കാനും സുഗന്ധത്തിന് വിലയൊടുക്കി ഉപയോഗിക്കാനുമായിരുന്നു അദ്ദേഹം അവരോട് നിര്‍ദേശിച്ചത്. ഇങ്ങനെ അധികാരികള്‍ തമ്മില്‍ സമ്മാനം മാറല്‍ പതിവുള്ളതാണ് എന്നു പറഞ്ഞവരോട് 'ഖത്താബിന്റെ മകന്‍ ഉമറിന്റെ ഭാര്യയും അവരും തമ്മിലെന്ത് ബന്ധമാണുള്ളത്' എന്നായിരുന്നു മറുചോദ്യം.
പ്രത്യേക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നല്കാമെന്ന് വാഗ്ദാനംചെയ്യുന്ന ഒരുതരം സമ്മാനമാണ് ഇനാം. അളവുപാത്രം കണ്ടെത്തുന്നവര്‍ക്ക് ഒരു ഒട്ടകച്ചുമട് ധാന്യം നല്കാമെന്ന് യൂസുഫ് നബി(അ)യുടെ ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഇതിന് ഉദാഹരണമായി പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. ഇത് അനുവദനീയമാണ്. ഇതില്‍ ആരെങ്കിലും പ്രത്യേകം ചൂഷണം ചെയ്യപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്നില്ല. വ്യക്തികളും സര്‍ക്കാരും സംഘടനകളുമെല്ലാം ചില കാര്യങ്ങള്‍ നിര്‍വഹിച്ചു കിട്ടാനായി ഇങ്ങനെ ഇനാമുകള്‍ പ്രഖ്യാപിക്കാറുണ്ട്. സാധാരണ നിലയില്‍ പ്രവര്‍ത്തനത്തിനുമുമ്പേ പാരിതോഷികം നിശ്ചയിക്കപ്പെട്ടിരിക്കും.
സ്തുത്യര്‍ഹസേവനത്തിനുള്ള അവര്‍ഡുകളും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവുകളും മത്സരജേതാക്കള്‍ക്ക് നല്കുന്ന സമ്മാനവുമൊക്കെ ഈ ഇനത്തില്‍ പെടും. ഇനാം ഒരു വാഗ്ദാനമാണ്. അത് പാലിക്കല്‍ നിര്‍ബന്ധമാണ്. സാധാരണ കച്ചവടം പോലെ ഇവിടെ രണ്ടു പേരും ഹാജരാകണമെന്നില്ല. ഇനാം പ്രഖ്യാപിക്കപ്പെട്ടതറിഞ്ഞ ആര്‍ക്കും നിര്‍ദേശിക്കപ്പെട്ട പ്രവര്‍ത്തനം നിര്‍വഹിക്കാവുന്നതാണ്. അത് ആദ്യം നിര്‍വഹിച്ചവനോ അതുപോലെ ഇനാം പ്രഖ്യാപിച്ച വ്യക്തിവെച്ച നിബന്ധനയനുസരിച്ചോ ആയിരിക്കും പാരിതോഷികം നല്കുക. പ്രഖ്യാപിച്ച ഇനാം പിന്‍വലിക്കാന്‍ അയാള്‍ക്ക് അവകാശമുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ ഏകപക്ഷീയമായി അത് പിന്‍വലിക്കാന്‍ പാടില്ലാത്തതാണ്.
എല്ലാ വിധ സമ്മാനങ്ങളും ഇനാമുകളും മൂല്യമുള്ളതും ഇസ്‌ലാം നിഷിദ്ധമാക്കാത്തതുമായിരിക്കണം. ധൂര്‍ത്ത്, പൊങ്ങച്ചം എന്നിവയില്ലാത്തതുമായിരിക്കണം. അത്തരം സമ്മാനങ്ങളേ വാങ്ങാനും നല്കാനും പാടുള്ളൂ. വിവാഹാവസരങ്ങളിലും ഗൃഹപ്രവേശത്തിനുമെല്ലാം ലഭിക്കുന്ന സമ്മാനങ്ങളെയും ഈ മാനദണ്ഡപ്രകാരം തന്നെയാണ് സമീപിക്കേണ്ടത്.