Skip to main content

വഖ്ഫ്

ഇസ്‌ലാമിക നിയമം അനുശാസിക്കുന്ന വിശുദ്ധവും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി ഒരു വ്യക്തി അല്ലാഹുവിന്റെ പേരില്‍ സമര്‍പിക്കുന്ന സ്വത്താണ് 'വഖഫ്'. സമര്‍പിക്കുന്ന സ്വത്തിന് 'വഖഫ്' എന്നും സമര്‍പിക്കുന്നയാള്‍ക്ക് 'വാഖിഫ്' എന്നുമാണ് പറയുക. വഖഫ് എന്ന പദത്തിന് അര്‍ഥം നിര്‍ത്തല്‍ എന്നാണ്. മുറിഞ്ഞുപോകാതെ എന്നും നിലനില്ക്കുന്ന ദാനം (സ്വദഖതുന്‍ ജാരിയ) എന്നതാണ് ഇതിന്റെ ആശയം. 

waqf

സാധാരണ ദാനങ്ങള്‍ അപ്പോഴുള്ള ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടുകയും അതിന്റെ പ്രയോജനം അതോടെ അവസാനിക്കുകയും ചെയ്യുമ്പോള്‍ സ്വദഖ ജാരിയയുടെ പ്രതിഫലം തുടര്‍ന്നു ലഭിച്ചുകൊണ്ടേയിരിക്കും. ഇസ്‌ലാം ഏറെ പ്രോത്സാഹിപ്പിച്ചതും നബി(സ്വ) പഠിപ്പിച്ചതുമാണ് വഖ്ഫ് രീതി. റസൂല്‍(സ്വ) അരുളി: മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്നു കാര്യങ്ങളല്ലാത്ത അവന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അറ്റുപോകും.  ജാരിയായ സദഖ (  തുടര്‍ന്ന് പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുന്ന സദഖ), ഉപകാരപ്രദമായ അറിവ്, തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന സന്താനം (മുസ്‌ലിം). 

ഭൂമി, തോട്ടം, കെട്ടിടം, ഫവലൃക്ഷങ്ങള്‍, കുതിര, കിണര്‍, യുദ്ധോപകരണങ്ങള്‍, തോട്, അഗതി മന്ദിരം, ആരാധനാലയം എന്നിവയെല്ലാം നബി(സ്വ)യും അനുചരന്‍മാരും  വഖഫ് ചെയ്തിട്ടുണ്ട്. ഇവ നശിക്കുന്നതു വരെ ദാതാവിന് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. പെട്ടെന്ന് തീര്‍ന്നുപോകുന്ന ഭക്ഷണം, പണം എന്നിവ വഖ്ഫ് ചെയ്യാന്‍ കഴിയില്ല. ഉടമസ്ഥതയിലുള്ള വസ്തുക്കളെപോല കൂട്ടുസ്വത്തിലെ ഓഹരികളും വഖ്ഫ് ചെയ്യാവുന്നതാണ്. മരണാനന്തരം നടപ്പിലാകേണ്ടതാണ് വഖ്ഫ് എങ്കില്‍ വസ്വിയ്യത് പോലെ അയാളുടെ കടം കഴിഞ്ഞതിനു ശേഷമേ പരിഗണിക്കാവൂ. അതുപോലെ സ്വത്തിന്റെ മൂന്നിലൊന്നില്‍ കൂടുതലാണെങ്കില്‍ അനന്തരാവകാശികളുടെ സമ്മതം ഉണ്ടായിരിക്കേണ്ടതാണ്.

തനിക്ക് ഏറ്റവും വിലപ്പെട്ട സ്വത്തായ ഖൈബറിലെ ഭൂമി ദാനംചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉമര്‍(റ) നബിയെ സമീപിച്ചപ്പോള്‍, മൂല്യം നിലനിര്‍ത്തിക്കൊണ്ട് ആദായം ദാനംചെയ്യാന്‍ നബി(സ്വ) നിര്‍ദേശിച്ചു. ശേഷം അദ്ദേഹം അത് വില്‍ക്കാനോ അനന്തരമെടുക്കാനോ ദാനമായി നല്കാനോ പാടില്ലെന്ന വ്യവസ്ഥയില്‍ അതിന്റെ ലാഭം ബന്ധുക്കളും അല്ലാത്തവരുമായ ദരിദ്രര്‍ക്കും വഴിപോക്കര്‍ക്കും അടിമമോചനത്തിനും ദൈവമാര്‍ഗത്തിലും അതിഥികള്‍ക്കുമായി വീതിക്കുകയും മകള്‍ ഹഫ്‌സയെ(റ) അതിന്റെ മുതവല്ലി(മേല്‍നോട്ടക്കാരി)യായി നിശ്ചയിക്കുകയും ചെയ്തു. ഇതാണ് ഇസ്‌ലാമിലെ ആദ്യത്തെ വഖഫ്.

ഇസ്‌ലാം അനുവദിക്കുന്ന നന്മകള്‍ക്കുവേണ്ടി മാത്രമേ വഖഫ്‌ചെയ്യാന്‍ പാടുള്ളൂ. ഇസ്‌ലാമിക സ്ഥാപനങ്ങള്‍, അഗതികള്‍, അനാഥകള്‍, വിധവകള്‍, കുടുംബത്തില്‍ അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയതിനെല്ലാം വഖ്ഫ് അനുവദനീയമാണ്. കുറ്റകരമായ കാര്യങ്ങള്‍ക്കുവേണ്ടി സാധാരണ ദാനമോ വഖ്‌ഫോ പാടില്ലാത്തതാണ്. നാം നല്കുന്ന ദാനം എത്ര കാലം നന്മയ്ക്ക് ഉപകാരപ്പെടുന്നുവോ അത്രയും കാലം അതിന്റെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും എന്നതു പോലെ തിന്മക്ക് ഉപയോഗിക്കപ്പെടുന്ന കാലമത്രയും അതിനുള്ള ശിക്ഷയും ഏറ്റുവാങ്ങേണ്ടി വരുമെന്നതിനാല്‍ വഖ്ഫ് ചെയ്യുമ്പോള്‍ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

ബിദ്അത്തുകള്‍ക്കും അന്യായങ്ങള്‍ക്കും അനീതികള്‍ക്കുമായി വഖ്ഫ്‌ചെയ്താല്‍ ഉത്തരവാദപ്പെട്ടവര്‍ അത് നിലനിര്‍ത്താനോ അതിനുവേണ്ടി സഹായിക്കാനോ പാടില്ലാത്തതാണ്. വഖ്ഫ് ചെയ്ത ആളുടെ മരണാനന്തരം അതിന്റെ കൈകാര്യകര്‍ത്താവായി വരുന്ന ആള്‍ (മുതവല്ലി) ആ വഖ്ഫ് സ്വത്ത് നന്മയാകുന്ന മറ്റൊരു കാര്യത്തിലേക്ക് മാറ്റി വഖഫ് ചെയ്യണം. അത് കുറ്റകരമാകില്ലെന്നു മാത്രമല്ല, മുതവല്ലി കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുകയും പുണ്യത്തിന് കാരണക്കാരനാവുകയും ചെയ്യും. വഖ്ഫ്‌ചെയ്ത ആള്‍ അറിവില്ലാതെയാണ് അത് ചെയ്തതെങ്കില്‍ അയാളും കുറ്റവിമുക്തനാവുകയും പ്രതിഫലാര്‍ഹനായിത്തീരുകയും ചെയ്യും. 

ധൂര്‍ത്തിനും പൊങ്ങച്ചത്തിനുമായി വഖ്ഫ് ചെയ്യരുത്. അതുപോലെ അനന്തരാവകാശികളെ പ്രയാസപ്പെടുത്തുന്നതോ അവരില്‍ ചിലരോട്  അനീതി കാണിക്കുന്നതോ ആയ വഖ്ഫ് നിലനില്ക്കുന്നതല്ലെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് (വഖ്ഫ്, ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്).

വഖഫ് സ്വത്ത് അനന്തരമെടുക്കാനോ വില്‍ക്കാനോ പാടില്ല. ഏതൊരു ആവശ്യത്തിനുവേണ്ടിയാണോ വഖ്ഫ് ചെയ്തത് അതിനുവേണ്ടിമാത്രമേ അത് ഉപയോഗിക്കാന്‍ പാടുള്ളൂ. എന്നാല്‍ കൂടുതല്‍ ഗുണകരമായ മറ്റൊരു വഖ്ഫിനുവേണ്ടിയോ വഖഫ്‌ചെയ്ത വസ്തു സംരക്ഷിക്കുന്നതിനുവേണ്ടിയോ ഇത് വില്‍ക്കുകയോ മാറ്റി എടുക്കുകയോ ചെയ്യാവുന്നതാണ്. ജനോപകാരപ്രദമായ പൊതു ആവശ്യങ്ങള്‍ക്കുവേണ്ടിയും വഖഫ് മാറ്റി സ്ഥാപിക്കാവുന്നതാണ്. ഉമര്‍(റ)ന്റെ കാലത്ത് ഈത്തപ്പഴച്ചന്തക്കടുത്തുള്ള ബൈതുല്‍ മാലില്‍ (പൊതുഖജനാവ്) മോഷണം നടന്നപ്പോള്‍ എപ്പോഴും ജനസാന്നിധ്യമുണ്ടാകുന്ന സ്ഥലം എന്നനിലയില്‍ പള്ളി അവിടേക്ക് മാറ്റി സ്ഥാപിക്കുകയും പള്ളിയുടെ സ്ഥാനത്ത് ഈത്തപ്പഴചന്ത നിര്‍മിക്കുകയും ചെയ്തിട്ടുണ്ട് (മുഗ്‌നീ, ഇബ്‌നു ഖുദാമ). 
വഖ്ഫ് സ്വത്തോ ആദായമോ ആവശ്യം നിര്‍വഹിച്ചശേഷവും ബാക്കിവന്നാല്‍ പുണ്യകരമായ മറ്റൊരു കാര്യത്തിലേക്ക് മാറ്റാമെന്ന് ഇമാം ഇബ്‌നുതൈമിയ(റ) അഭിപ്രായപ്പെടുന്നു.  വഖഫ് സ്വത്ത് സംരക്ഷിക്കാനാവശ്യമായ ചെലവുകളും അധ്വാനത്തിന്റെ കൂലിയും വഖ്ഫിന്റെ ആദായത്തില്‍ നിന്ന് എടുക്കാവുന്നതാണ്, എന്നാല്‍ അതില്‍ നിന്ന് ലാഭമെടുക്കാന്‍ പാടില്ല. 
 

Feedback