മൂസാനബി(അ)യുടെ സമകാലികനും ബന്ധുവും ഇസ്‌റാഈലിയുമായ ധനാഢ്യനായിരുന്നു ഖാറൂന്‍. അതിസമ്പന്നനായ ഇയാളുടെ കഥ വിശുദ്ധ ഖുര്‍ആനും (28:76-82), ബൈബിളും (സംഖ്യാ പുസ്തകം 31,37) ഹ്രസ്വമായിവിവരിക്കുന്നുണ്ട്.
കണക്കറ്റ സമ്പത്തും ആഴമേറിയ അറിവും നല്കി അനുഗ്രഹിക്കപ്പെട്ട ഖാറൂന്‍ പക്ഷേ, സ്വന്തം ബന്ധുകൂടിയായ പ്രവാചകന്‍ മൂസാ(അ)യെയും ഹാറൂനിനെയും എതിര്‍ത്തു. ഫറോവയെയും ഹാമാനെയും പോലെത്തന്നെ ഖാറൂനും ദൈവദൂതന്മാരോട് പെരുമാറി. സമ്പത്തും വിജ്ഞാനവും തന്നെയായിരുന്നു അയാളെ അഹങ്കാരിയാക്കി മാറ്റിയത്.
സര്‍വാഡംബരങ്ങളുമണിഞ്ഞ് ജനമധ്യത്തില്‍ അയാള്‍ പ്രത്യക്ഷപ്പെടും. ഇത് കാണുമ്പോള്‍ ഐഹികസുഖം തേടുന്നവര്‍ കൊതിക്കും, 'ഖാറൂന് ലഭിച്ചതുപോലെ നമുക്കും ലഭിച്ചിരുന്നുവെങ്കില്‍' എന്ന്. എന്നാല്‍ വിശ്വാസികള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ നീ ജനങ്ങള്‍ക്കും നന്മ ചെയ്യുക'.
ആഡംബരവും അഹങ്കാരവും അതിരുവിട്ടപ്പോള്‍ അല്ലാഹുവിന്റ ശിക്ഷയും വന്നു. ഖാറൂനെയും അവന്റെ വസതിയെയും അവന്‍ സമ്പാദിച്ചുകൂട്ടിയതത്രയും ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞു. ശേഷം ഭൂമി അതിന്റെ വായ അടയ്ക്കുകയുംചെയ്തു. ജനം നോക്കിനില്‍ക്കെയായിരുന്നു ഈ ഭീകരപതനം അരങ്ങേറിയത്.
ഖുര്‍ആനിലും ബൈബിളിലും ഉള്ള ഈ ചരിത്രകഥയ്ക്ക് ഏകദേശം 3200 വര്‍ഷം പഴക്കമുണ്ടാവും. എന്നാല്‍ ഈജിപ്തില്‍ ഇന്നും ഇതിന്റെ തെളിവുകള്‍ അവശേഷിക്കുന്നു. ഖാറൂനിന്റെ വീട് ഭൂമിയില്‍ ആണ്ടുപോയ സ്ഥലം, ഖാറൂനിന്റെ ദേവാലയം, ഖാറൂനിന്റെ തടാകം എന്നിവ ചരിത്രകുതുകികളെ ആവേശംകൊള്ളിച്ച് ഇന്നും നിലനില്ക്കുന്നു.
ഈജിപ്തിലെ തെക്കന്‍ കൈറോയില്‍ ഇബ്‌നുതൂലൂന്‍ മസ്ജിദിനു സമീപമാണ് ബിര്‍ക്കത്തുഖാറൂന്‍ (ഖാറൂന്റെതടാകം) ഉള്ളത്. ചുറ്റിലും ഈത്തപ്പനകള്‍ ഇടതൂര്‍ന്ന് നില്ക്കുന്ന ഈ തടാകമായിരുന്നു ഖാറൂനിന്റെ സമ്പദ്‌സമൃദ്ധിക്ക് നിദാനം. അല്‍ഫയ്യൂമിന് സമീപമാണ് ഖാറൂന്റെ ഭൂമിവിഴുങ്ങിയ ഭവനം ഉണ്ടായിരുന്നത്.
തടാകത്തിന് കിലോമീറ്ററുകള്‍ക്കടുത്ത് ഖാറൂനിന്റെ നാലു നിലകളുള്ള ദേവാലയവുമുണ്ട്. രണ്ടു നില ഭൂമിക്കടിയിലും രണ്ടെണ്ണം മുകളിലുമായാണ് ഇത് തലയുയര്‍ത്തി നില്‍ക്കുന്നത്.
ഇരുളടഞ്ഞുകിടക്കുന്ന ഭൂമിക്കടിയിലെ ഭാഗത്താണ് ഖാറൂനിന്റെ ഇരിപ്പിടമുള്ളത്. അദ്ദേഹം ആരാധിച്ചിരുന്ന കല്‍വിഗ്രഹവും തൊട്ടടുത്തായുണ്ട്. ഇത് കാണണമെങ്കില്‍ പ്രകാശ സംവിധാനങ്ങള്‍ വേണം.
കരിങ്കല്ലില്‍ പണിത ഈ ദേവാലയം വിസ്മയ നിര്‍മിതി എന്നതിനപ്പുറം ദൈവനിഷേധത്തിന്റെയും അഹങ്കാരത്തിന്റെയും മാര്‍ഗത്തില്‍ ചരിച്ച ഒരു അതികായന്റെ പതനത്തിന്റെ സ്മാരകശിലകള്‍ കൂടിയാണ്.
ഖാറൂനിന്റെ പര്യവസാനം അനുസ്മരിച്ചുകൊണ്ട് അല്ലാഹു പറയുന്നു. ''ഭൂമിയില്‍ അധര്‍മം പരത്താന്‍ ശ്രമിക്കരുത്. അധര്‍മം പരത്തുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (28:77)