കഅ്ബയുടെ വാതിലിന് മുന്‍വശത്ത് സ്ഥിതിചെയ്യുന്ന ഒരു ശിലയാണ് മഖാം ഇബ്‌റാഹീം. 'ഇബ്‌റാഹീം നിന്ന സ്ഥലം' എന്നാണ് ഈ അറബി പദദ്വയത്തിന്റെ അര്‍ഥം. വിശുദ്ധ ഖുര്‍ആന്‍ ഇത് രണ്ടിടങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്.
1. 'മഖാമു ഇബ്‌റാഹീമില്‍ നിന്ന് ഒരു നമസ്‌കാരസ്ഥാനം നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുവിന്‍' (2:125).
2. 'അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. വിശിഷ്യാ മഖാമു ഇബ്‌റാഹീമില്‍. അവിടെ പ്രവേശിച്ചവന്‍ നിര്‍ഭയനായി...' (3:97).
കഅ്ബ പടുത്തുയര്‍ത്താന്‍വേണ്ടി ഇബ്‌റാഹീം നബി(അ) കയറിനിന്നിരുന്ന കല്ലാണ് മഖാമു ഇബ്‌റാഹീം കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇബ്‌നുകസീര്‍(റ) പറയുന്നു. അദ്ദേഹത്തിന്റെ കാല്പാട് അതില്‍ പതിഞ്ഞിരുന്നു.
ത്വവാഫ് കഴിയുമ്പോള്‍ അതിന്നടുത്തുവെച്ച് നമസ്‌കരിക്കാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. രണ്ട് റക്അത്ത് ആണ് നമസ്‌കരിക്കേണ്ടത്. ഈ നമസ്‌കാരം നിര്‍ബന്ധ കര്‍മമല്ല.
എന്നാല്‍ പില്ക്കാലത്ത് വിശ്വാസികളുടെ ആധിക്യവും ത്വവാഫിനുള്ള അസൗകര്യവും പരിഗണിച്ച് ലോകമുസ്‌ലിം പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞശേഷം ഈ കല്ല് അല്പം മാറ്റി സ്ഥാപിക്കുകയുണ്ടായി.
ഇപ്പോഴിത് കഅ്ബയുടെ മുന്‍ഭാഗത്ത് പുറത്തുനിന്ന് കാണത്തക്കവിധം ഒരു വലിയ പളുങ്കുകൂട്ടിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഏതാണ്ട് ചതുരാകൃതിയിലുള്ള ഈ പുരാതന ശിലയ്ക്ക് നാലായിരത്തിലധികം വര്‍ഷം പഴക്കമുണ്ട്.