''ലൂത്ത് പറഞ്ഞു: ജനങ്ങളേ, എന്റെ പെണ്മക്കളിതാ. അവരാണ് നിങ്ങള്‍ക്ക് കൂടുതല്‍ പരിശുദ്ധിയുള്ളവര്‍. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുവിന്‍. എന്റെ അതിഥികളുടെ കാര്യത്തില്‍ നിങ്ങളെന്നെ അപമാനിക്കരുത്. നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരാളുമില്ലേ'' (11:78).
പ്രവാചകന്‍ ലൂത്ത്(അ) തന്റെ ജനതയോട് കേണപേക്ഷിക്കുന്നു. അവരകപ്പെട്ട ദുര്‍വൃത്തി നന്നായറിയുന്ന ലൂത്ത്, അവരുടെ കാമവെറി തന്റെ ആദരണീയരായ അതിഥികളോട് കാണിച്ച് അവരെ അപമാനിക്കുമോയെന്ന് ഭയപ്പെട്ടു. എന്നാല്‍ അവരുടെ പ്രതികരണം കേട്ട് പ്രവാചകന്‍ ഞെട്ടി.
''നിന്റെ പെണ്മക്കളില്‍ ഞങ്ങള്‍ക്ക് താല്പര്യമേയില്ലെന്ന് നിനക്കറിയാം. ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്താണെന്നും നിനക്കറിവുണ്ട്'' (11:79)
വിവേകം തൊട്ടുതീണ്ടാത്ത അവര്‍ക്കുമുന്നില്‍ തന്റെ നിസ്സഹായത പ്രകടിപ്പിക്കാനല്ലാതെ ഒന്നിനും കഴിഞ്ഞില്ല അദ്ദേഹത്തിന്. ''എനിക്കു നിങ്ങളെ തടയാന്‍ ശക്തിയുണ്ടായിരുന്നെങ്കില്‍! അല്ലെങ്കില്‍ ശക്തനായ ഒരു സഹായിയെ എനിക്ക് ആശ്രയിക്കാനുണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായേനെ!'' (11:80)
സദൂമുകാര്‍ അങ്ങനെയായിരുന്നു. അല്ലാഹുവിന് പുറമെ മറ്റു പലതിനെയും പൂജിക്കുന്നതിനോടൊപ്പം ആ മഹാ ദുര്‍വൃത്തികൂടി അവര്‍ ചെയ്തു; സ്വവര്‍ഗസംഭോഗം. കാമവികാരത്തിന് തീ പിടിച്ചാല്‍ അവര്‍ സ്വന്തം ഭാര്യമാരെയല്ല അവര്‍ പ്രാപിച്ചിരുന്നത്. നിഷിദ്ധമെങ്കിലും ഇതര സ്ത്രീകളെയുമായിരുന്നില്ല. മറിച്ച് യുവാക്കളെയായിരുന്നു. ലോകത്ത് അന്ന് വരെ ആരും ചെയ്തിട്ടില്ലാത്ത മ്ലേച്ഛവൃത്തി.
ലൂത്ത് നബി(അ) തന്റെ ജനതയെ ഏറേ ഉദ്‌ബോധിപ്പിച്ചു: ''ലോകത്തിന്നേവരെ ആരും ചെയ്തിട്ടില്ലാത്ത ഹീനവൃത്തിയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ സ്ത്രീകളെയല്ല, പുരുഷന്മാരെയാണല്ലോ കാമവികാരത്തോടെ സമീപിക്കുന്നത്. അതിരു വിട്ട ജനത തന്നെ നിങ്ങള്‍'' (7:80-82).
''നിങ്ങള്‍ കുറെ ശുദ്ധന്മാര്‍, നിങ്ങളെ പിടിച്ച് പുറത്താക്കും ഞങ്ങള്‍'' എന്നായിരുന്നു ലൂത്ത് (അ)നും സഹചാരികള്‍ക്കും കിട്ടിയ മറുപടി. ''നീ സത്യവാനാണെങ്കില്‍ ഞങ്ങള്‍ക്ക് ദൈവശിക്ഷ കൊണ്ടുവന്നേക്ക്'' എന്ന അഹങ്കാരത്തോടെയുള്ള വെല്ലുവിളിയും ലൂത്ത്(അ)നോട് അവര്‍ നടത്തി.
അങ്ങനെയാണ്, മാലാഖമാര്‍ യുവാക്കളുടെ വേഷത്തില്‍ ലൂത്ത്(അ)ന്റെ വീട്ടില്‍ അതിഥികളായെത്തുന്നത്. പ്രവാചകനറിയില്ല, അവര്‍ മാലാഖമാരാണെന്ന്. സുമുഖരായ തന്റെ വിരുന്നുകാരെ സ്വീകരിച്ചിരുത്തവെയാണ് ചിലരങ്ങോട്ട് തള്ളിക്കയറുന്നത്. അവര്‍ക്ക് ലൂത്തി(അ)ന്റെ വിരുന്നുകാരെ വേണം. സല്‍കരിക്കാനല്ല, അവരിലൂടെ ലൈംഗികദാഹം തീര്‍ക്കാന്‍.
തന്റെ അതിഥികളെ മാനഹാനി വരുത്തരുതെന്ന് ലൂത്ത്(അ) അവരോട് കേണപേക്ഷിച്ചു. തന്റെ പെണ്മക്കളെ വിവാഹം ചെയ്തുതരാമെന്നു വരെ പറഞ്ഞു. എന്നാല്‍ ഓടിക്കൂടിയവര്‍ക്ക് സുമുഖരായ അതിഥികളെ തന്നെ വേണം.
ലൂത്തും ജനതയും തമ്മില്‍ വാഗ്വാദം നടക്കവെ വിരുന്നുകാര്‍ ഇടപെട്ടു. അവര്‍ ലൂത്ത്(അ)നോട് ആഗമനോദ്ദേശ്യം പറഞ്ഞു: ''ഞങ്ങള്‍ താങ്കളുടെ നാഥന്റെ ദൂതരാണ്. അവര്‍ ഒരു ദ്രോഹവും താങ്കള്‍ക്കുണ്ടാക്കില്ല. രാത്രിയുടെ ഒരു യാമത്തില്‍ നീ കുടുംബത്തെയും കൊണ്ട് പുറപ്പെടുക'' (11:81). ലൂത്ത്(അ)ന് ആശ്വാസമായി. മാലാഖമാര്‍ പറഞ്ഞതുപോലെ ദൈവദൂതന്‍ ചെയ്തു. സത്യനിഷേധിയായ ഭാര്യയെ ഉപേക്ഷിച്ച് ലൂത്തും കുടുംബവും പട്ടണം വിട്ടു. പിന്നാലെ അല്ലാഹുവിന്റെ ശിക്ഷയും വന്നു.
''അങ്ങനെ നമ്മുടെ കല്പന വന്നു. ആ രാജ്യത്തെ നാം കീഴ്‌മേല്‍ മറിച്ചു. അട്ടിയട്ടിയായി ചൂള വെച്ച ഇഷ്ടികകള്‍ നാം അവരുടെ മേല്‍ വര്‍ഷിച്ചു'' (11:82).
അല്ലാഹുവെ ധിക്കരിച്ച് പ്രകൃതിവിരുദ്ധ രതിയില്‍ അഭിരമിച്ച്, അഹങ്കാരത്തോടെ സദൂമില്‍ വാണ ആ ജനതയെ അല്ലാഹു ഭൂമിയോടെ മറിച്ചിട്ടു. ലൂത്തി(അ)ന്റെ അവിശ്വാസിനിയായ ഭാര്യ പോലും മണ്ണിനടിയിലായി. സമുദ്ര നിരപ്പില്‍ നിന്നും നാന്നൂറടി താഴ്ചയിലായി സദൂം. അവിടെ പുതിയ ഒരു കടല്‍ തന്നെ പിന്നീട് രൂപപ്പെട്ടു. ചാവുകടല്‍ അഥവാ Dead Sea.
ദൈവം നിശ്ചയിച്ച പ്രകൃതിയെ മാറ്റിമറിക്കുന്നവരെ ദൈവം തന്നെ മാറ്റിമറിച്ച സംഭവമാണ് സദൂം ജനതയുടേത്. ചാവുകടല്‍ നിലനില്‍ക്കുന്നതുവരെ ആ ജനതയുടെ പര്യവസാനം ലോകം കണ്ടുകൊണ്ടിരിക്കും.