ഈസാ പ്രവാചകനില്‍ നിന്ന് തലമുറകളിലൂടെ ലഭിച്ച ആ വിശുദ്ധവിശ്വാസം കൈയൊഴിയാന്‍ ആ ചെറിയ സമൂഹം ഒരുക്കമായിരുന്നില്ല. സ്രഷ്ടാവും സംരക്ഷകനുമായ ഏകദൈവത്തെ മാത്രം ആരാധിക്കുകയും ആശ്രയിക്കുകയും ചെയ്യുകയെന്ന കാലത്തിന് മായ്ക്കാനാവാത്ത അജയ്യമായ ആ വിശ്വാസമായിരുന്നു അവരുടെ ജീവിതത്തിന്റെ ആവേശവും പ്രചോദനവും. യമന്‍ അതിര്‍ത്തി പ്രദേശമായ നജ്‌റാനില്‍, ആ കൊച്ചു വിശ്വാസി വൃന്ദം ജീവിച്ചുപോന്നു.
എന്നാല്‍ നാടും നാട്ടുകാരും നാടുവാഴിയും അവര്‍ക്കെതിരായിരുന്നു. ഒരു ദൈവത്തിനു പകരം പല ദൈവങ്ങളെ ആരാധിക്കുന്നവരാണവര്‍. പ്രതിഷ്ഠകള്‍ക്കു മുന്നില്‍ വഴിപാടുകളും നിവേദ്യങ്ങളുമര്‍പ്പിച്ച് ദൈവങ്ങളെ പ്രസാദിപ്പിക്കാന്‍ പാടുപെട്ടു ആ നാട്ടുകാര്‍. ഒരേയൊരു ദൈവം എന്ന സിദ്ധാന്തം അവര്‍ അംഗീകരിച്ചതേയില്ല. രാജാവിനാകട്ടേ അത് സഹിക്കാനുമായില്ല.
''നമ്മുടെ മതത്തെ അംഗീകരിക്കാത്തവര്‍, ദൈവങ്ങളെ സ്വീകരിക്കാത്തവര്‍ രാജ്യദ്രോഹികളും മതഭ്രഷ്ടരുമാണ്. അവര്‍ക്ക് ഇന്നാട്ടില്‍ സ്ഥാനമില്ല''. നാടുവാഴി പ്രഖ്യാപിച്ചു.
പ്രഖ്യാപനത്തിനു പിന്നാലെ വിശ്വാസം ഉപേക്ഷിക്കണമെന്ന ഉപദേശങ്ങളും സമ്മര്‍ദങ്ങളുമായി 'ഗുണകാംക്ഷി' കളെത്തി. ഉപദേശത്തിനു നന്ദി പറഞ്ഞ ആ ചെറുവൃന്ദം, ജീവിക്കുന്നെങ്കില്‍ഏകദൈവ വിശ്വാസം കൈവിടുന്ന പ്രശ്‌നമില്ലെന്ന് ഉപദേശികളെ അറിയിച്ചു. പിന്നീടുണ്ടായത് ഭീഷണികളാണ്. ഏകദൈവ വിശ്വാസം വിട്ട് നാടിന്റെ വിശ്വാസത്തിലേക്ക് വരുന്നില്ലെങ്കില്‍ നിങ്ങളെ അംഗീകരിക്കാനാവില്ല. ഇവിടെ ജീവിക്കാന്‍ അനുവദിക്കുകയുമില്ല. ഭീഷണിയെ അവഗണിച്ച വിശ്വാസികള്‍ക്കു നേരേ പീഡനമുറയാണ് പിന്നീടുണ്ടായത്.
ഏകനായ അല്ലാഹുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ അവര്‍ക്ക് രാജാവ് ശിക്ഷ വിധിച്ചു. മരണ ശിക്ഷ! തീക്കിടങ്ങുകളിലിട്ട് ജീവനോടെ ദഹിപ്പിക്കുക!
രാജകല്‍പന നടപ്പാക്കാന്‍ കിങ്കരന്മാര്‍ ഓടിനടന്നു. ഭീമന്‍ കിടങ്ങൊരുങ്ങി. അഗ്നിക്ക് വിഴുങ്ങാന്‍ ഒരുങ്ങിയ മരങ്ങള്‍ അതില്‍ നിറച്ചു. ശിക്ഷാദിനം പുലര്‍ന്നു. ആ കൊച്ചു സമൂഹത്തിലെ സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരും കിടങ്ങുകള്‍ക്ക് ചുറ്റും ഹാജരാക്കപ്പെട്ടു. അവരുടെ മുഖങ്ങളില്‍ ഭീതിയുടെ ചെറുലാഞ്ഛന പോലും ആരും കണ്ടില്ല. പച്ചമാംസം വെന്തുരുകുന്നത് ആര്‍ത്തിയോടെ കാണാന്‍ ആരവങ്ങളുമായി ചുറ്റും കൂടിയ നാട്ടുകാരുടെയും രാജാവിന്റെയും മുഖങ്ങളില്‍ നോക്കി അവര്‍ പുഞ്ചിരിച്ചു. ഏകദൈവ വിശ്വാസികളായി മരണം വരിക്കാനായല്ലോ എന്ന സംതൃപ്തിയിയായിരുന്നു അവരുടെ പുഞ്ചിരിയില്‍.
ആളിക്കത്തുന്ന അഗ്നിയിലേക്ക് അവര്‍ ഓരോരുത്തരായി എറിയപ്പെട്ടു. 'പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്നതു മാത്രമായിരുന്നു സത്യവിശ്വാസികളുടെ മേല്‍ മര്‍ദകര്‍ ചുമത്തിയ കുറ്റം'(85:8).