രണ്ട് പര്‍വതങ്ങള്‍ക്കിടയിലുള്ള മാര്‍ഗത്തെ സഞ്ചാരപഥമാക്കി മറുനാടുകളില്‍ അക്രമവും കുഴപ്പവും കവര്‍ച്ചയും നടത്തി സമാധാനഭംഗം ഉണ്ടാക്കുന്ന ഒരു വിഭാഗമാണ് യഅ്ജൂജ് മഅ്ജൂജ്. ഇവര്‍ അജ്ഞാതരായ ഒരു സമൂഹമാണ്. ചരിത്രത്തിലെ പല ഘട്ടങ്ങളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഹാനായ ദുല്‍ഖര്‍നൈനിയുടെ കാലത്ത് യഅ്ജൂജ്-മഅ്ജൂജില്‍ നിന്ന് രക്ഷതേടി ഒരു സമൂഹം അദ്ദേഹത്തെ സമീപിക്കുകയും അവരുടെ അക്രമം തടയാനായി രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍ ഒരു അണക്കെട്ട് പണിതു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഇരുമ്പു ഭിത്തി നിര്‍മിച്ച് യഅ്ജൂജ്-മഅ്ജൂജ് സഞ്ചാരപഥം ദുല്‍ഖര്‍നൈന്‍ അടയ്ക്കുകയും ചെയ്തു.
അന്ത്യനാളിന്റെ അടയാളമെന്നോണം, ഈ ഇരുമ്പ് ഭിത്തി തകര്‍ത്ത് യഅ്ജൂജ്-മഅ്ജൂജ് വരുമെന്ന് നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഖുര്‍ആനിലും ഹദീസിലും
യഅ്ജൂജ്-മഅ്ജൂജിനെക്കുറിച്ച് ഒന്നിലധികം ഇടങ്ങളില്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. സൂറ: അല്‍കഹ്ഫ് 94ല്‍ യഅ്ജൂജ്-മഅ്ജൂജ് ഭൂമിയില്‍ കുഴപ്പം വിതക്കുന്ന ഒരു ജനതയാണ് പറയുന്നു.
സൂറ. അമ്പിയാഅ് 96ല്‍ അന്ത്യനാളിന്റെ അടയാളമായി യഅ്ജൂജ്-മഅ്ജൂജ് തുറന്നു വിടപ്പെടുമെന്നും അല്ലാഹു പറയുന്നു. ബുഖാരി നിവേദം ചെയ്ത ഒരു ഹദീസില്‍ യഅ്ജൂജ്-മഅ്ജൂജിന്റെ കെട്ട് തുറക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് നബി(സ്വ) മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ദീര്‍ഘമായ ഒരു നബി വചനത്തിലും യഅ്ജൂജ്-മഅ്ജൂജിനെ പരാമര്‍ശിക്കുന്നു.
യഥാര്‍ഥത്തില്‍ ഇവര്‍ ഏത് സമൂഹമാണെന്നത് വ്യക്തമല്ല. ചില പ്രതീകങ്ങളാണ് ഇവരെന്ന് അനുമാനിക്കാം. ഈ വിഭാഗം ഏതാണെന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയപ്പെടുന്നുണ്ടെങ്കിലും ഒന്നിനും ഖണ്ഡിതമായ തെളിവുകളില്ല. ഈ സ്ഥലം എവിടെയാണെന്നതിനും തെളിവുകളില്ല.
യഅ്ജൂജ് - മഅ്ജൂജിനെ തടയാനുള്ള കെട്ട് പണിതശേഷം ദുല്‍ഖര്‍നൈന്‍ പറയുന്ന ഒരു കാര്യം ഖുര്‍ആന്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു:
''ഇനി എന്റെ രക്ഷിതാവിന്റെ നിശ്ചയം ആഗതമായാല്‍ അവന്‍ അതിനെ നിരപ്പാക്കിക്കളയും. രക്ഷിതാവിന്റെ വാഗ്ദാനം എത്ര സത്യമാണ്'' (18: 98). അഥവാ, നമ്മുടെ സമാധാനം തകര്‍ക്കാന്‍ കുഴപ്പവും കലാപങ്ങളുമായി യഅ്ജൂജ്-മഅ്ജൂജുമാര്‍ എപ്പോഴും കടന്നുവരാം. അവര്‍ക്കു മുന്നിലുള്ള ബലിഷ്ഠമായ ഭിത്തി തകര്‍ന്നാല്‍ അന്ത്യനാള്‍ നാം പ്രതീക്ഷിക്കുക.