Skip to main content

സി.എന്‍. അഹ്മദ് മൗലവി

വെല്ലുര്‍ ബാഖിയാത്തിലെ പഠനകാലം ഹനഫീ-ശാഫിഈ മദ്ഹബു പക്ഷപാതികളായി രുന്നു  വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും. കേരളത്തില്‍ നിന്നുള്ള അഹ്മദ് കടൂത്ത ശാഫിഈ പക്ഷക്കാരന്‍. മദ്ഹബ് തര്‍ക്കം പലപ്പോഴും രൂക്ഷമാവും. ഒരിക്കല്‍ വിഷയം, പ്രിന്‍സിപ്പലിന്റെ മുന്നിലെത്തി. ദക്ഷിണേന്ത്യയിലെ പ്രമുഖ പണ്ഡിതന്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്‌റത്തായിരുന്നു പ്രിന്‍സിപ്പല്‍.


 
''മദ്ഹബിന്റെ പേരില്‍ വാദിക്കാനും തോല്പിക്കാനുമാണെങ്കില്‍ നിങ്ങളെന്തിനു ബുഖാരി പഠിക്കണം? നബി(സ്വ)യുടെ ജീവിതം മാതൃകയാക്കാനാണെങ്കില്‍ മാത്രം ബുഖാരി പഠിച്ചാല്‍ മതി'' ഹസ്‌റത്തിന്റെ ഉപദേശം അഹ്മദിന്റെ മനസ്സില്‍ കൊണ്ടു. നമസ്‌കാരത്തിലെ ഖുനൂത്തുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള പല തര്‍ക്കങ്ങളിലും ശാഫിഈ മദ്ഹബിനെ ന്യായികരിക്കാന്‍ അഹ്മദ് ഹദീസ് ഗ്രന്ഥങ്ങള്‍ പരതിയെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെ തുറന്ന ചിന്തകളുമയാണ് അഹ്മദ് എന്ന സി.എന്‍ അഹ്മദ് മൗലവി ബാഖിയാത്തില്‍ നിന്ന് കേരളത്തിലെത്തിയത്. 

1905ല്‍ മലപ്പുറം ജില്ലയിലെ ചേറൂരില്‍ ജനനം. പിതാവ് നാത്താന്‍ കോടന്‍ ഹസന്‍ കുട്ടിയും മാതാവ് അഴുവത്ത് ഖദിജയും. ദാരിദ്ര്യത്തിന്റെതായിരുന്നു ബാല്യകാലം. പിതാവ് മരിച്ചപ്പോള്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. തുടര്‍ന്ന് ദര്‍സില്‍ ചേര്‍ന്നു. ദര്‍സ് പഠനം കഴിഞ്ഞ് മദ്രാസ് ജമാലിയ്യ കോളെജിലെത്തി ജമാലിയ്യയാണ് സി.എന്നിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചത്. ഇക്കാലത്ത് അല്ലാമാ ഇഖ്ബാല്‍, അബ്ദുല്‍കലാം ആസാദ്, സുലൈമാന്‍ നദ്‌വി, മര്‍മഡ്യൂക്ക് പിക്താള്‍ തുടങ്ങിയവരെ കേള്‍ക്കാനും കാണാനും അവസരം കിട്ടി. അഫ്ദലുല്‍ ഉലമ ബിരുദം നേടി 1931ല്‍ കേരളത്തിലെത്തി അധ്യാപകനായി. 1944 ല്‍ അധ്യാപക ജോലി ഒഴിവാക്കി കൃഷിയിലേക്ക് തിരിഞ്ഞെങ്കിലും വൈകാതെ പത്രപ്രവര്‍ത്തന -ഗ്രന്ഥരചന മേഖലയില്‍ സജീവമായി.

1949 ല്‍ കരുവാരകുണ്ട് കേന്ദ്രമാക്കി 'അന്‍സാരി' മാസിക തുടങ്ങി. എന്നാല്‍ നിലനിര്‍ത്താനായില്ല. 'ന്യൂ അന്‍സാരി' തുടങ്ങി. അതും നിലച്ചു. 1953 ലാണ് വിശുദ്ധഖുര്‍ആന്റെമലയാളപരിഭാഷക്കായി ആ പ്രതിഭ ഒഴിഞ്ഞിരുന്നത്. സി എന്നിനെതിരെ പൗരോഹിത്യം ഉറഞ്ഞു തുള്ളി. ഖുര്‍ആനിനെ മലയാളത്തിലാക്കാനുള്ള ശ്രമം മതവിരുദ്ധമായിപ്പോലും ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ 1963ല്‍ ആ ശ്രമം വിജയം കണ്ടു. 1973ല്‍ പരിഷ്‌കരിച്ച പരിഭാഷയും പുറത്തിറക്കി. സാമൂഹിക പരിഷ്‌കരണത്തിന് ഊര്‍ജം പകര്‍ന്ന ഈ പരിഭാഷ ഒട്ടേറെ വിവാദങ്ങളുമുയര്‍ത്തി. 'മുഅ്ജിസത്ത്' ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിം ലോകത്തെ ഭൂരിപക്ഷത്തിന്റെ നിലപാടുകള്‍ക്കെതിരെ പരിഭാഷയിലൂടെ അദ്ദേഹം മറുവാദങ്ങളുയര്‍ത്തി. മുഹമ്മദ് അമാനി മൗലവി പില്‍ക്കാലത്ത് രചിച്ച വിശുദ്ധ ഖുര്‍ആന്‍ വിവരണം ഈ പുതിയ വാദങ്ങളെ നിരാകരിക്കുന്നുണ്ട്. 

ഇസ്‌ലാമിലെ ധനവിതരണ പദ്ധതി (1953), ഇസ്‌ലാം ഒരു സമഗ്രപഠനം(1963), സ്വഹീഹുല്‍ ബുഖാരി പരിഭാഷയും വ്യാഖ്യാനവും, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീമുമായി ചേര്‍ന്ന്, 1978) എന്നിവ പ്രധാന കൃതികള്‍. പൊതുസമുഹത്തില്‍ ഖുര്‍ആനും ഹദീസും ഇസ്‌ലാമികാധ്യാപനങ്ങളും സുപരിചതമാക്കിയതില്‍ സി എന്നിനോളം പങ്ക് മറ്റൊരു മുസ്‌ലിം പണ്ഡിതനുമുണ്ടാവില്ല.

1959 മുതല്‍ 64 വരെ സാഹിത്യ അക്കാദമി അംഗത്വം ഉണ്ടായിരുന്നു. മൗലവിയെ 1989ല്‍ അക്കാദമി ഫെല്ലോഷിപ്പ് നല്കി ആദരിച്ചു. മമ്പാട് എം.ഇ.എസ് കോളെജ്, ഫറൂഖ് റൗളത്തുല്‍ ഉലും, ഫാറൂഖ് കോളജ് എന്നിവ സ്ഥാപിക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിച്ചു. പില്ക്കാലത്ത് പ്രവര്‍ത്തന കേന്ദ്രമാക്കിയ എടത്തനാട്ടുകരയിലും ലൈബ്രറിയും ഗവേഷണ കേന്ദ്രവും സ്ഥാപിച്ചു.

മരണം: 1993 ഏപ്രില്‍ 27ന് 

Feedback